‘ഹരിത സൗദി സംരംഭം’ വാർഷിക സമ്മേളനം ഇന്ന് ആരംഭിക്കും
text_fieldsജിദ്ദ: ‘ഹരിത സൗദി സംരംഭം’ മൂന്നാമത് വാർഷിക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഐക്യരാഷ്ട്രസഭയുടെ ‘കോപ് 28’ കാലാവസ്ഥ ഉച്ചകോടിയോട് ചേർന്ന് ദുബൈയിലാണ് സമ്മേളനം. ‘അഭിലാഷത്തിൽ നിന്ന് പ്രവർത്തനത്തിലേക്ക്’ ശീർഷകത്തിൽ നടക്കുന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹരിതവത്കരണവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കപ്പെടും.
കഴിഞ്ഞ വർഷം ഈജിപ്തിൽ ‘കോപ്27’ സമ്മേളനത്തോടനുബന്ധിച്ചാണ് രണ്ടാമത് വാർഷിക സമ്മേളനം അരങ്ങേറിയത്. ഇതിന്റെ ഫലശ്രുതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രവർത്തന മേഖലയിലെ സുപ്രധാന പദ്ധതികൾ കഴിഞ്ഞ വർഷത്തെ പരിപാടിയിൽ വ്യക്തമാക്കിയിരുന്നു.
സർക്കുലർ കാർബൺ സമ്പദ് വ്യവസ്ഥക്കായുള്ള വിജ്ഞാനകേന്ദ്രം ആരംഭിക്കൽ, യുനൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ (ഇ.സി.ഒ.എസ്.ഒ.സി)യുമായി സഹകരിച്ച് കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന് പ്രാദേശിക കേന്ദ്രം സ്ഥാപിക്കൽ എന്നിവ ഈ സമ്മേളനത്തിലെ പ്രധാന അജണ്ടകളിൽ ചിലതാണ്. ആഗോളസ്വാധീനമുള്ള വ്യക്തികൾ, നേതാക്കൾ, കാലാവസ്ഥ വിദഗ്ധർ എന്നിവരുടെ സംഘം ഈ സമ്മേളനത്തിൽ പങ്കെടുക്കും. ആശയങ്ങളും ദർശനങ്ങളും കൈമാറ്റം ചെയ്യുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. കാലാവസ്ഥ വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാനുള്ള മികച്ച വഴികൾ ചർച്ചചെയ്യും.
അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 1000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കലാണ് ഹരിത സൗദി സംരംഭത്തിന്റെ ലക്ഷ്യം. 2030ഓടെ രാജ്യത്തെ മൊത്തം കരയുടെയും സമുദ്രപ്രദേശങ്ങളുടെയും 30 ശതമാനം ഇതിലൂടെ സംരക്ഷിക്കാനാവും എന്നാണ് കരുതുന്നത്. കൂടാതെ, 2030ഓടെ കാർബൺ പുറന്തള്ളൽ പ്രതിവർഷം 27.8 കോടി ടൺ കുറക്കാനും ഇതിലുടെ ഉദ്ദേശിക്കുന്നു. ‘ഗ്രീൻ മിഡിലീസ്റ്റ് ഇനീഷ്യേറ്റിവി’ന് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഹരിത സൗദി സംരംഭം സംഭാവന ചെയ്യും.
അന്തരീക്ഷത്തിൽനിന്ന് 67 കോടി ടൺ കാർബൺ ഡൈ ഓക്സൈഡ് നീക്കംചെയ്യുന്നതിന് സഹായിക്കും വിധം മധ്യപൗരസ്ത്യ മേഖലയിലെ രാജ്യങ്ങളിൽ 50 ശതകോടി മരങ്ങൾ നട്ടുപിടിപ്പിക്കലാണ് ‘ഗ്രീൻ മിഡിലീസ്റ്റ് ഇനീഷ്യേറ്റിവ്’ പദ്ധതിയുടെ ലക്ഷ്യം. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുക, ജീവിത നിലവാരം ഉയർത്തുക, ഭാവി തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ട് 2021 മാർച്ച് 27നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രണ്ടു സംരംഭങ്ങളും പ്രഖ്യാപിച്ചത്.
സസ്യങ്ങളുടെ സംരക്ഷണം വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ കുറക്കുക, മലിനീകരണവും ഭൂമിയുടെ നശീകരണവും തടയുക, സമുദ്രജീവികളെ സംരക്ഷിക്കുക എന്നിവയും ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നു. 80ലധികം സംരംഭങ്ങൾ ഇതിനായി നടപ്പാക്കിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.