ഹരിത സൗദി സംരംഭം: മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം ഡിസംബറിൽ; കാലാവസ്ഥ വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാനുള്ള മികച്ച വഴികൾ ചർച്ചയാകും
text_fieldsജിദ്ദ: ഹരിത സൗദി സംരംഭം (സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് ഫോറം) അന്താരാഷ്ട്ര സമ്മേളനം മൂന്നാം പതിപ്പ് ഡിസംബറിൽ നടക്കും. ദുബൈ എക്സ്പോ സിറ്റിയിൽ നടക്കുന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് (സി.ഒ.പി 28) ഡിസംബർ നാലിന് സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് ഫോറത്തിന്റെ മൂന്നാം പതിപ്പ് ആരംഭിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. ആഗോള കാലാവസ്ഥ പ്രവർത്തന അജൻഡയെ പിന്തുണക്കാനും പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കാനും കൃത്യമായ നടപടികൾ കൈക്കൊള്ളുന്നതിന് സൗദി അറേബ്യ പുലർത്തുന്ന പ്രതിബദ്ധതയും തുടർച്ചയായ ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നതാവും സമ്മേളനം.
മുൻ സമ്മേളനങ്ങൾ സൃഷ്ടിച്ച നേട്ടങ്ങളുടെ തുടർച്ചയാണ് മൂന്നാം പതിപ്പ്. 2021ൽ റിയാദിലാണ് ആദ്യ സമ്മേളനം നടന്നത്. കഴിഞ്ഞ വർഷം ഈജിപ്താണ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച സമ്മേളനത്തിന് വേദിയായത്. 2060 ഓടെ ‘സീറോ ന്യൂട്രാലിറ്റി’ (കാർബൺരഹിത അന്തരീക്ഷം) കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത എടുത്തുകാണിക്കുന്നതാണ് ഹരിത സൗദി സംരംഭത്തിന്റെ ഒരോ സമ്മേളനങ്ങളും.
കാലാവസ്ഥ പ്രവർത്തന മേഖലയിലെ സുപ്രധാന പദ്ധതികൾ ഒരോ സമ്മേളനത്തിലും പ്രഖ്യാപിക്കുകയുണ്ടായി. സർക്കുലർ കാർബൺ സമ്പദ് വ്യവസ്ഥക്കായുള്ള വൈജ്ഞാനിക കേന്ദ്രം ആരംഭിക്കുക, യുനൈറ്റഡ് നാഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റേൺ ഏഷ്യയുടെ (ഇ.എസ്.സി.ഡബ്ല്യു.എ) സഹകരണത്തോടെ കാർബൺ ഉദ്വമനം കുറക്കാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക കേന്ദ്രം സ്ഥാപിക്കുക എന്നിവ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടും.
സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് ഫോറത്തിന്റെ മൂന്നാമത് സമ്മേളനം ലോകമെമ്പാടും സ്വാധീനമുള്ള ആഗോള വ്യക്തിത്വങ്ങളെയും പ്രഭാഷകരെയും കാലാവസ്ഥ വിദഗ്ധരെയും ഒരുമിച്ചുകൂട്ടും. ആശയങ്ങളും ദർശനങ്ങളും കൈമാറ്റം ചെയ്യാനും കാലാവസ്ഥ വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാനുള്ള മികച്ച വഴികൾ ചർച്ച ചെയ്യാനും ലക്ഷ്യമിട്ടാണിത്. പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പുരോഗതിയുടെ ആദ്യ ആഗോള വിലയിരുത്തലിന്റെ വർഷം കൂടിയായിരിക്കും ഇത്. കാലാവസ്ഥ വെല്ലുവിളികളെ നേരിടാനുള്ള ആഗോള ശ്രമങ്ങളെ പിന്തുണക്കാനും ശക്തിപ്പെടുത്താനും സംഭാവന നൽകുന്ന ഒരു സുപ്രധാന വേദി മൂന്നാം പതിപ്പിലുണ്ടാകും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ 2021ലാണ് സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് പ്രഖ്യാപിച്ചത്.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തെ കാലാവസ്ഥ, പാരിസ്ഥിതിക പ്രവർത്തന ശ്രമങ്ങളിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം സജീവമാക്കുക, എല്ലാവർക്കും കൂടുതൽ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുക, ഉയർന്ന താപനില, കുറഞ്ഞ മഴനിരക്ക്, മണൽ കൊടുങ്കാറ്റുകൾ, മരുഭൂവത്കരണം എന്നിവയുൾപ്പെടെ രാജ്യം നേരിടുന്ന വിവിധ പാരിസ്ഥിതിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണ് ഗ്രീൻ സൗദി ഇനിഷ്യേറ്റിവ് ആരംഭിച്ചത്.
വരുംദശകങ്ങളിൽ സൗദി അറേബ്യയിലുടനീളം ആയിരം കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക, 2030ഓടെ രാജ്യത്തിന്റെ മൊത്തം കരയുടെയും കടലിന്റെയും വിസ്തൃതിയുടെ 30 ശതമാനം സംരക്ഷിക്കുക, 2030ഓടെ കാർബൺ പുറന്തള്ളൽ പ്രതിവർഷം 27.8 കോടി ടൺ കുറക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.