ഹരിത ഉച്ചകോടി: മധ്യപൂർവേഷ്യയെ ഹരിതവത്കരിക്കാൻ നിരന്തര സഹകരണം ആവശ്യം -കിരീടാവകാശി
text_fieldsജിദ്ദ: മധ്യപൂർവേഷ്യയെ ഹരിതവത്കരിക്കാനുള്ള പദ്ധതി ലക്ഷ്യം കാണാൻ മേഖലയിലെ രാജ്യങ്ങളുടെ നിരന്തരമുള്ള സഹകരണം ആവശ്യമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. ഈജിപ്തിലെ ശറമുശൈഖിൽ നടന്ന 'ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റീവ്' ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി.
ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അന്താരാഷ്ട്ര കരാറുകളുടെ ചട്ടക്കൂടിനുള്ളിൽ അവ വേഗത്തിൽ നടപ്പാക്കുന്നതിനും അംഗരാജ്യങ്ങളുടെ സജീവ സംഭാവനകൾ ഉണ്ടാകേണ്ടതുണ്ട്. 6,700 ലക്ഷം ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡിന്റെ ബഹിർഗമനം കുറയ്ക്കുന്നതിനും പൂർണമായും ഇല്ലാതാക്കുന്നതിനും മേഖലയിൽ നടക്കുന്ന ശ്രമങ്ങളെയും രാജ്യങ്ങളുടെ സഹകരണത്തെയും പിന്തുണക്കാ പദ്ധതി പരമാവധി ശ്രമിക്കുന്നുണ്ട്.
മേഖലയിലുടനീളം 5,000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ രണ്ടാമത്തെ ലക്ഷ്യം. പദ്ധതിയിലൂടെ നാശത്തിലായ 2,000 ലക്ഷം ഹെക്ടർ ഭൂമി വീണ്ടെടുക്കാൻ കഴിയും. കാർബൺ പുറന്തള്ളൽ ഇപ്പോൾ ആഗോള തലത്തിൽ രേഖപ്പെടുത്തിയിട്ടുള്ള നിരക്കിൽനിന്ന് 2.5 ശതമാനം കുറക്കാനും ഇത് സഹായിക്കുമെന്ന് കിരീടാവകാശി പറഞ്ഞു.
5,000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് മരുഭൂവത്കരണത്തെ ചെറുക്കുന്നതിനും പൊടിക്കാറ്റുകൾ കുറക്കുന്നതിനും ഭൂമിയെ തകർച്ചയുടെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആഘാതങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും.
2020 ഒക്ടോബറിൽ റിയാദ് ആതിഥേയത്വം വഹിച്ച മേഖലയിലെ വിവിധ രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിൽ സ്ഥാപക അംഗരാജ്യങ്ങൾ അംഗീകരിച്ച ചട്ടക്കൂടിൽനിന്നുകൊണ്ട് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സൗദി അറേബ്യ നേതൃത്വം നൽകിവരികയാണ്.
വനവത്കരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നത് ആലോചിക്കാൻ ചേരുന്ന ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റീവ് ജനറൽ സെക്രട്ടേറിയറ്റ് യോഗത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഇതിന്റെ പദ്ധതികൾക്കും ഭരണ പ്രവർത്തനങ്ങൾക്കുമായി 250 കോടി ഡോളർ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സൗദി പൊതുനിക്ഷേപ ഫണ്ട് 2050ഓടെ കാർബൺ ന്യൂട്രാലിറ്റിയിൽ എത്താൻ ലക്ഷ്യമിടുന്നു. ആഗോളതലത്തിൽ ഈ നടപടി സ്വീകരിക്കുന്ന ആദ്യത്തെ പരമാധികാര ധനകാര്യനിധികളിലൊന്നും മധ്യപൂർവേഷ്യയിലെ ആദ്യത്തേതുമാണെന്നും കിരീടാവകാശി വ്യക്തമാക്കി. ഹരിത മധ്യപൂർവേഷ്യ സംരംഭ ഉച്ചകോടി മേഖലയിലെ ഹരിത പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും സാമ്പത്തിക വികസനം ഉത്തേജിപ്പിക്കുന്നതിനും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും വേണ്ടി ആരംഭിച്ച ആദ്യത്തെ വേദിയാണ്.
എല്ലാവർക്കും ഹരിത ഭാവി ഉറപ്പാക്കുന്നതിന് എല്ലാ രാജ്യങ്ങളുമായും സഹകരിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത സ്ഥിരീകരിക്കുന്നതാണ് ഉച്ചകോടി. കാർബൺ ബഹിർഗമനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പുനരുപയോഗക്ഷമമായ ഊർജത്തിന്റെ ഉപയോഗത്തിനുള്ള സാങ്കേതികവിദ്യകളെയും സ്രോതസ്സുകളെയും വികസനത്തെയും അവലംബിക്കാനുള്ള നടപടികൾ സൗദി അറേബ്യ ത്വരിതപ്പെടുത്തി കഴിഞ്ഞു.
ഈ നടപടികളിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഊർജ മിശ്രിതത്തെ വൈവിധ്യവത്കരിക്കുക എന്നതാണ്. 2030ഓടെ പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ ആശ്രയിച്ച് രാജ്യത്തിനുള്ളിൽ 50 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കും.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള മാതൃകയാകുന്നതിന് ഹരിത മധ്യപൂർവേഷ്യ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മേഖലയിലെ രാജ്യങ്ങളുമായി പ്രവർത്തിക്കാനുള്ള പ്രതിബദ്ധത രാജ്യം വീണ്ടും പുതുക്കുന്നു. ഉച്ചകോടി നമ്മുടെ ഭാവി തലമുറകൾക്ക് ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കുന്നതിനുള്ള സംയുക്ത പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകുന്ന ഫലങ്ങൾ കൈവരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.