യാംബു അൽ നഖ്ലിൽ ഹരിതവത്കരണം: അഞ്ച് കൽക്കരി പ്ലാന്റുകളെ ഒഴിവാക്കുന്നു
text_fieldsയാംബു: രാജ്യത്തെ കാർഷിക മേഖലകളിലൊന്നായ യാംബു അൽ നഖ്ലിൽ ഹരിതവത്കരണം ശക്തമാക്കാൻ നടപടി. ഇവിടെ കാർഷിക വികസനത്തിന് കൂടുതൽ പദ്ധതികളൊരുക്കും. കാർഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നും ഹരിതാഭ മേഖല വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും യാംബു അൽ നഖ്ലിലെ 'വാദി അബാസർ' പ്രദേശത്തെ അഞ്ച് കൽക്കരി പ്ലാന്റുകൾ ഒഴിവാക്കാൻ പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം ഉത്തരവിട്ടു. ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.
പരിസ്ഥിതിക്കും സസ്യജാലങ്ങൾക്കും കൃഷിക്കും ഈ ഫാക്ടറികൾ പ്രതികൂലമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമ്പന്നമായ കാർഷിക മേഖലയിൽ കൽക്കരി ഫാക്ടറികൾ വേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചത്. യാംബു ടൗണിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ഫലഭൂയിഷ്ഠമായ യാംബു അൽ നഖ്ൽ കാർഷിക വിളകൾക്ക് ഏറെ പേരുകേട്ട പ്രദേശമാണ്. ജലലഭ്യത വേണ്ടുവോളം കനിഞ്ഞുനൽകിയ ഒരിടംകൂടിയാണ് ഈ പ്രദേശം. പച്ചപ്പ് ഏറെ ഇഷ്ടപ്പെടുന്ന ഗ്രാമീണരായ അറബികളാണ് പ്രദേശത്ത് ഏറെയും.
വ്യവസായികാടിസ്ഥാനത്തിൽ ഇവിടെനിന്ന് ഉൽപാദിപ്പിക്കുന്ന കാർഷിക വിളകളാണ് യാംബുവിന്റെയും പരിസരപ്രദേശങ്ങളിലെയും പച്ചക്കറി മാർക്കറ്റുകളിൽ എത്തുന്നതിൽ ഏറെയും. വിശാലമായ ഈന്തപ്പനത്തോപ്പുകൾക്കു പുറമെ കാബേജ്, ഉള്ളി, തക്കാളി, മുളക്, മത്തൻ, ചീര, ജർജീർ, വെണ്ട, വഴുതന, നാരങ്ങ, കക്കിരി, പുതിന തുടങ്ങി നാനാതരത്തിലുള്ള പച്ചക്കറികളും ഫലങ്ങളും ഇവിടെ ധാരാളമായി കൃഷിചെയ്യുന്നു. പ്രകൃതി അത്ഭുതം വിരിയിക്കുന്ന ഈ താഴ്വരയിൽ ജൈവരീതിയാണ് പ്രധാനമായും കൃഷിക്ക് അവലംബിക്കുന്നത്.
കാർഷിക വിപ്ലവം നടത്തി വിജയക്കൊടി പാറിച്ച പ്രദേശത്തെ കർഷകർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും അധികൃതർ നൽകുന്നുണ്ട്. ശുദ്ധജല ലഭ്യതയും പ്രകൃതിരമണീയതയും കൊണ്ട് വേറിട്ടുനിൽക്കുന്ന ഈ ഗ്രാമീണ മേഖല പ്രകൃതിസ്നേഹികളെയും നഗരവാസികളെയും ഒരുപോലെ ആകർഷിക്കുന്നതാണ്. മരുഭൂമിയുടെ മുകൾപ്പരപ്പിൽനിന്ന് പ്രവഹിക്കുന്ന ശക്തമായ ജലധാരകൾ ഇവിടെ കാണാം. ഉറവകളെ ആശ്രയിച്ച് കൃഷി സജീവമാക്കുന്ന സ്വദേശികളായ കർഷകർ ഇവിടത്തെ കൃഷിയിടങ്ങളിലെ നിത്യക്കാഴ്ചയാണ്. ജലധാര, ഉറവ് എന്നിങ്ങനെയാണ് 'യാംബു' എന്ന വാക്കിന്റെ അർഥം. എണ്ണമറ്റ തെളിനീരുറവകളാൽ സമ്പന്നമാണ് യാംബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.