ഹരിതവത്കരണം: സൗദിയിൽ ദേശീയ വനവത്കരണ പദ്ധതി ആരംഭിച്ചു
text_fieldsഅൽഖോബാർ: സൗദി അറേബ്യയിൽ പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണത്തിനായി ദേശീയ വനവത്കരണ പദ്ധതി ആരംഭിച്ചു. വരും വർഷങ്ങളിൽ 1,000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കും. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പരിസ്ഥിതി-ജലം-കൃഷിമന്ത്രിയും നാഷനൽ സെൻറർ ഫോർ വെജിറ്റേഷൻ ഡെവലപ്മെൻറ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അബ്ദുറഹ്മാൻ അൽഫദ്ലി സൗദി ദേശീയ വനവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.
രണ്ടുവർഷം നീണ്ടുനിന്ന വിശദമായ ശാസ്ത്രീയ സാധ്യതാപഠനം കേന്ദ്രം പൂർത്തിയാക്കിയതിന് ശേഷമാണ് പദ്ധതി അനാവരണം ചെയ്തത്. 1,000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക, വനവത്കരണ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാവുന്ന സുസ്ഥിര ജലസേചന രീതികൾ നടപ്പാക്കുക, തിരഞ്ഞെടുത്ത വൃക്ഷയിനങ്ങളും സസ്യജാലങ്ങളും സൗദിയുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവ് ഉറപ്പാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ദേശീയ വനവത്കരണ പരിപാടി ഹരിതയിടങ്ങൾ വർധിപ്പിക്കാനും മരുഭൂവത്കരണത്തെ ചെറുക്കാനും ശതകോടി മരങ്ങൾ നട്ടുപിടിപ്പിച്ച് സൗദി ഹരിത സംരംഭത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും മുൻതൂക്കം നൽകും. നാലുകോടി ഹെക്ടർ തകർച്ചയിലായ ഭൂമിയുടെ പുനരധിവാസത്തിന് തുല്യമാണിത്.
പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സമഗ്രത കാത്തുസൂക്ഷിക്കുക, ഭൂമിയുടെയും വന്യജീവി ആവാസവ്യവസ്ഥയുടെയും തകർച്ച തടയുക എന്നിവ കൂടിയാണ് വനവത്കരണം കൊണ്ട് സാധ്യമാകുന്നത്.2,500ലധികം ഇനം കാട്ടുചെടികളാൽ സമ്പന്നമാണ് രാജ്യം. മഴവെള്ളം, ശുദ്ധീകരിച്ച ജലം എന്നിവ ഉപയോഗിച്ച് ജലസേചന പ്രവർത്തനങ്ങൾ നടത്തുകയും 13 പ്രദേശങ്ങളിൽ 350 ഇനം ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. കണ്ടൽക്കാടുകൾ, മേച്ചിൽപ്പുറങ്ങൾ, വനങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവ സ്ഥാപിക്കും. പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുകയും സസ്യജാലങ്ങളുടെ വികസനം, സംരക്ഷണം, നിയന്ത്രിക്കൽ, നശിച്ചവയെ പുനരധിവസിപ്പിക്കൽ എന്നിവയും പദ്ധതിയിലൂടെ പ്രാവർത്തികമാക്കും.
1,000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള റോഡുമാപ് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് കാലാവസ്ഥയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്നതിനും സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങളിലൂടെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതകളിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.