രാജാവിന്റെ അതിഥികൾ: ഉംറ സംഘം ഇരുഹറം മേധാവിയെ സന്ദർശിച്ചു
text_fieldsമക്ക: സൽമാൻ രാജാവിന്റെ അതിഥികളായി ഉംറക്കെത്തിയ മൂന്നാമത് സംഘം ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസുമായി കൂടിക്കാഴ്ച നടത്തി.
അതിഥികളോട് നടത്തിയ പ്രസംഗത്തിൽ ജീവിതകാര്യങ്ങളിൽ മിതത്വവും സഹകരണവും വേണമെന്നും തീവ്രവാദത്തെയും ഭീകരവാദത്തെയും നിരാകരിക്കണമെന്നും സുദൈസ് ആവശ്യപ്പെട്ടു. ഖുർആനും പ്രവാചകചര്യയും മുറുകെ പിടിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചു. മുസ്ലിം ഐക്യവും മതസാഹോദര്യവും ഇസ്ലാം മതത്തിന്റെ വിഷയങ്ങളാണ്.
നമ്മുടെ സ്രഷ്ടാവ് ഒന്നാണ്, നമ്മുടെ ദൂതൻ ഒന്നാണ്, നമ്മുടെ ഖിബ്ലയും ഒന്നാണ്. പ്രതിസന്ധികളും വെല്ലുവിളികളും പെരുകുന്ന കാലത്താണ് മതത്തിന്റെ സാഹോദര്യം ഉയർത്തിപ്പിടിക്കേണ്ടത്. ഖുർആനിലും നബിചര്യയിലും ഐക്യപ്പെടുക, നേതൃത്വം നൽകുന്നവർക്ക് ചുറ്റും അണിനിരക്കുക, അവരെ ശ്രവിക്കുകയും നന്മയിൽ അവരെ അനുസരിക്കുകയും ചെയ്യുക. നമ്മൾ ഭിന്നിപ്പിന്റെ പ്രചാരകരാകരുതെന്നും മറിച്ച് അണികൾ ഒരുമിച്ചവരാകണമെന്നും സുദൈസ് പറഞ്ഞു. ഖാദിമുൽ ഹറമൈൻ ഉംറ, സിയാറ പദ്ധതിക്ക് കീഴിലെ മൂന്നാമത് സംഘം കഴിഞ്ഞ ദിവസമാണ് പുണ്യഭൂമിയിലെത്തിയത്. ആയിരം പേരാണ് ഇത്തവണ സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം ഉംറക്കെത്തുന്നത്. മതകാര്യ വകുപ്പാണ് മേൽനോട്ടം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.