ബുറൈദ ഈത്തപ്പഴമേളക്ക് ഗിന്നസ് റെക്കോർഡ്
text_fieldsറിയാദ്: ബുറൈദ ഈത്തപ്പഴമേളക്ക് ഗിന്നസ് റെക്കോഡ്. ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ മേള എന്ന അംഗീകാരമാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് നൽകിയിരിക്കുന്നത്. ബുറൈദ ഉൾക്കൊള്ളുന്ന ഖസീം പ്രവിശ്യയുടെ ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സഊദ് ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ഉദ്യോഗസ്ഥർ, മേളയുടെ സുപ്രീം കമ്മിറ്റി അംഗങ്ങൾ, കർഷകർ, നിക്ഷേപകർ, ബന്ധപ്പെട്ട കക്ഷികൾ, പ്രദേശവാസികൾ എന്നിവരുൾപ്പെടെ ഈ നേട്ടം കൈവരിക്കുന്നതിൽ പങ്കാളികളായ എല്ലാവരെയും ഗവർണർ അഭിനന്ദിച്ചു. ഇത് ഖസിം മേഖലയുടെ സംഘടനാപരമായ കഴിവുകൾ പ്രതിഫലിപ്പിക്കുന്നതാണ്. ഈത്തപ്പഴ സാമ്പത്തികശാസ്ത്രം മെച്ചപ്പെടുത്തുന്നതിനും ആഗോള തലത്തിൽ മേഖലയുടെ ഐഡന്റിറ്റി ഉയർത്തിക്കാട്ടുന്നതിനും സഹായിക്കുകയും ചെയ്യുന്നു. സാമ്പത്തിക മേള കൂടിയാണ് ബുറൈദ ഈത്തപ്പഴ മേളയെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സൗദിയിലെ ഏറ്റവും വലിയ ഈത്തപ്പഴ മേളയാണ് ബുറൈദയിലേത്. 1.1 കോടിയിലധികം ഈന്തപ്പനകളിൽനിന്നായി മേളയിലെത്തിയ നാല് ലക്ഷം ടൺ ഈത്തപ്പഴമാണ് മേളയിൽ വിറ്റുപോയത്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മേള വലിയ സംഭാവനയാണ് നൽകുന്നത്. ഏറ്റവും അഭിമാനകരമായ ആഗോള സവിശേഷ വിപണികളിലൊന്നായും ബുറൈദ ഈത്തപ്പഴ മേള കണക്കാക്കപ്പെടുന്നു. മേളയിലെ വിറ്റുവരവ് പ്രതിവർഷം 320 കോടി റിയാലിലേറെയാണ്.
ബുറൈദയിലെ വാർഷിക ഉൽപാദനം രാജ്യത്തെ മൊത്തം ഈത്തപ്പഴ വിളവെടുപ്പിന്റെ 50 ശതമാനമാണ്. 50-ലധികം ഇനം ഈത്തപ്പഴങ്ങൾ വിപണനം ചെയ്യുന്നുണ്ട്. കൂടാതെ മേളയോടനുബന്ധിച്ച് 200-ലധികം വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറുന്നു. ഇതെല്ലാമാണ് ബുറൈദ ഈത്തപ്പഴ മേളക്ക് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് നേടിക്കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.