ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് ഗ്രാൻഡ് ഫിനാലെ നാളെ; ഒരുക്കം പൂർത്തിയായി
text_fieldsറിയാദ്: 'ഗൾഫ് മാധ്യമം' ഇന്ത്യൻ സ്വതന്ത്ര്യത്തിെൻറയും ഇന്ത്യ-സൗദി സൗഹൃദത്തിെൻറയും 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 'ഇന്ത്യ @75 ഫ്രീഡം ക്വിസ്' ഫൈനൽ മത്സരം വെള്ളിയാഴ്ച നടക്കും. ദമ്മാമിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെ ഗംഭീരമാക്കുന്നതിന് വിവിധ തലങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പ്രതിഭകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലും ആറ് വിദ്യാർഥികൾ വീതമാണ് പങ്കെടുക്കുന്നത്. ഈ മാസം ഒന്നിന് ഓൺലൈനായി നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ നിന്ന് വിജയിച്ചാണ് ഈ കുട്ടികൾ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
കോവിഡ് മാനദണ്ഡ പ്രകാരം ഒരുക്കുന്ന വേദിയിലാണ് ഗ്രാൻഡ് ഫിനാലെ. പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ് മാസ്റ്റർ എന്ന നിലയിൽ ഏഴുതവണ ലിംക ബുക്ക് ഒാഫ് റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ഗിരി 'പിക്ക് െബ്രയിൻ' ബാല സുബ്രഹ്മണ്യൻ ഗ്രാൻഡ് ഫിനാലെയിൽ മത്സരം നയിക്കും. പരിപാടിയുടെ അവതാരകനും സൗദി കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള അഞ്ച് കുട്ടികളും ദമ്മാമിലെ ഗ്രാൻഡ് ഫിനാലെ വേദിയിലും ബാക്കി നാല് കുട്ടികൾ റിയാദിലെ വേദിയിലും മൂന്ന് കുട്ടികൾ പടിഞ്ഞാറൻ പ്രവിശ്യയിലെ വേദിയിലും എത്തി സംഘാടകരുടെ മേൽനോട്ടത്തിൽ മത്സരത്തിൽ പങ്കെടുക്കും. വൈകീട്ട് നാല് മുതലാണ് മത്സരം.
ഗ്രാൻഡ് ഫിനാലെ പരിപാടി തത്സമയം വൈകീട്ട് നാല് മണി മുതൽ ഗൾഫ് മാധ്യമം സൗദി ഫേസ്ബുക് പേജ് ലൈവിലൂടെ പൊതുജനങ്ങൾക്ക് കാണാം.
വിജയികളെ കാത്തിരിക്കുന്നത് ആകർഷക സമ്മാനങ്ങളാണ്. ഒന്നാം സ്ഥാനക്കാർക്ക് 4,000 സൗദി റിയാൽ മുല്യമുള്ള സമ്മാനമാണ് ലഭിക്കുക. 2,500 റിയാൽ വിലമതിക്കുന്ന സമ്മാനം രണ്ടാം സ്ഥാനക്കാർക്കും 2,000 റിയാൽ വിലയുള്ള സമ്മാനം മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും.
ഫൈനലിൽ മാറ്റുരക്കുന്നത് ഇവർ:
ജൂനിയർ വിഭാഗം: കുഷ് റാം മഹാലക്ഷ്മി (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം), മുഹമ്മദ് ഇസാൻ ഖാൻ (അൽ മുന ഇൻറർനാഷനൽ സ്കൂൾ, ദമ്മാം), നൈറ ഷഹദാൻ (ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ, റിയാദ്), ഡി. ഗൗതം കൃഷ്ണ (അൽ മനാർ ഇൻറർനാഷനൽ സ്കൂൾ, യാംബു), അതീബ് ഇസ്‌റാർ (മോഡേൺ ഇൻറർനാഷനൽ സ്‌കൂൾ, അൽ അഹ്‌സ), സൻയോഗിതാ അഭയ് മുണ്ടെ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, റിയാദ്).
സീനിയർ വിഭാഗം: മുഹമ്മദ് മിഷാൽ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, റിയാദ്), അസ്‌ന ഷാഫി (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം), അബ്ദുസ് സമി ശൈഖ് (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ), അറഫാത് മുഹമ്മദ് ആസിഫ് (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ), ധ്രുവ് ജെയിൻ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം), ഇനിയൻ ശിവകുമാർ (ന്യൂ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്‌കൂൾ, റിയാദ്).
സെപ്തംബർ 24ന് നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ പതിനായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അതിൽ നിന്ന് ഓരോ വിഭാഗത്തിലും 150 കുട്ടികൾ വീതം സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. അതിൽ നിന്ന് കടഞ്ഞെടുത്ത 12 പ്രതിഭകളാണ് ഗ്രാൻഡ് ഫിനാലെ വേദിയിൽ അണിനിരക്കുന്നത്. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൻ കീഴിൽ നടക്കുന്ന പരിപാടിയുടെ മുഖ്യ പ്രയോജകർ ലുലു ഗ്രൂപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.