ചെങ്കടലിൽ ഓളങ്ങളിളക്കി ഹാർമോണിയസ് കേരള
text_fieldsജിദ്ദ: സംഗീതത്തിെൻറ ഇളം കാറ്റ് ചെങ്കടലിൽ ഓളങ്ങളിളക്കിയ മധുരസായാഹ്നം. ജിദ്ദയിലെ പ്രവാസികൾക്ക് അവാച്യമായ അനുഭൂതി സമ്മാനിച്ച് കലാവിരുന്ന്. വിശ്വ മാനവികതയുടെയും സൗഹൃദത്തിെൻറയും മഹോന്നത സന്ദേശവുമായി അരങ്ങേറിയ ‘ഹാർമോണിയസ് കേരള’ മെഗാ ഷോ അക്ഷരാർഥത്തിൽ ആസ്വാദകരുടെ കണ്ണും കാതും മനസും നിറയ്ക്കുന്നതായിരുന്നു. സൗദി എൻറർടൈമെൻറ് അതോറിറ്റിയുടെ അനുമതിയോടെ ‘ഗൾഫ് മാധ്യമ’വും ‘മീഫ്രണ്ട്’ മൊബൈൽ ആപ്ലിക്കേഷനും സംയുക്തമായി ഒരുക്കിയ പരിപാടി ജിദ്ദ ഇക്വിസ്ട്രിയന്‍ പാർക്കിൽ ഒഴുകിയെത്തിയ ജനസഹസ്രങ്ങളെ ആവേശതിരയിലുയർത്തി.
മറ്റ് ഗൾഫ് രാജ്യങ്ങളിൽ മനംകവർന്ന നിരവധി കലാവിനോദ പരിപാടികൾ ഒരുക്കി ആയിരങ്ങളുടെ പ്രശംസയും കൈയ്യടിയും ഏറ്റുവാങ്ങിയ പരിചയസമ്പത്തിെൻറ മികവിലാണ് ഗൾഫ് മാധ്യമം ജിദ്ദയിൽ ‘ഹാർമോണിയസ് കേരള’ മെഗാ ഇവൻറ് സംഘടിപ്പിച്ചത്. മലയാള സിനിമയുടെ സ്റ്റൈലിഷ് ഐക്കൺ പ്രിയതാരം ടോവിനോ തോമസ് മുഖ്യാതിഥിയായെത്തിയപ്പോൾ സദസിലെ യുവത്വം ആവേശക്കൊടുമുടിയിലായി. നൃത്തച്ചുവടുകൾ വെച്ച് കുട്ടികൾ ആനയിച്ച് സ്റ്റേജിലെത്തിച്ച പ്രിയതാരത്തെ സദസ്യർ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ചു. ആയിരങ്ങളുടെ കൈയ്യടിയും ആശിർ വാദങ്ങളും ഏറ്റുവാങ്ങി സദസ്സിനെ അഭിവാദ്യം ചെയ്ത ടോവിനോ ജിദ്ദയിൽ ആദ്യമായി മഹാ ജനസഞ്ചയം ഒരുമിച്ചുകൂടിയ കലാമാമാങ്കത്തിലേക്ക് എത്താൻ കഴിഞ്ഞതിലുള്ള സന്തോഷവും അതിനായി അവസരം ഒരുക്കിയ ‘ഗൾഫ് മാധ്യമ’ത്തിന് പ്രത്യേകം നന്ദിയും രേഖപ്പെടുത്തി. സംഗീത താളലയം കൊണ്ട് ഓളങ്ങൾ തീർത്ത് ഗായികാ ഗായകന്മാരായ സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ്, സന മൊയ്‌തുട്ടി, ജാസിം ജമാൽ എന്നിവർ സംഗീതാസ്വാദകരെ കയ്യിലെടുത്തു.
മാപ്പിളപ്പാട്ടിെൻറ പതിനാലാം രാവ് തീർത്ത് കണ്ണൂർ ശരീഫ് ആലപിച്ച ഗാനങ്ങൾ ഇശൽ തേൻകണമായി ചടുലതാളങ്ങളുമായി യുവ നർത്തകൻ റംസാൻ അവതരിപ്പിച്ച നൃത്തങ്ങളോടൊത്ത് സദസ്സും ചുവടുകൾ വെച്ചു. വയലിനിസ്റ്റും പിന്നണി ഗായികയുമായ രൂപ രേവതി വയലിൻ തന്ത്രികൾ മീട്ടി സദസ്സിനെ പുളകം കൊള്ളിച്ചു. കൃത്യം വൈകീട്ട് 7.15-ഓടെ പ്രശസ്ത അവതാരകൻ മിഥുൻ രമേഷ് വേദിയിലെത്തി. സദസിനെ സ്വാഗതം ചെയ്ത അദ്ദേഹം കലാവിരുന്നിൽ പെങ്കടുക്കുന്ന മുഴുവൻ കലാകാരന്മാരെയും പരിചയപ്പെടുത്തി. ശേഷം പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫിെൻറ ഭക്തിഗാനത്തോടെയും രൂപ രേവതിയുടെ വയലിൻ വാദനത്തോടെയും പരിപാടികൾക്ക് തുടക്കമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.