ജീവനെടുക്കുന്ന സ്ത്രീധനം!
text_fieldsവിസ്മയ, ഉത്ര, തുഷാര, ഷഹാന, അർച്ചന, ഷബ്ന.. എഴുതിയാൽ അവസാനിക്കാത്ത ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ ഇരയായി ഇപ്പോഴിതാ തിരുവനന്തുപുരം പാലോട് സ്വദേശി ഇന്ദുജയും. വിദ്യാഭ്യാസ പുരോഗതിയിലും പുരോഗമനത്തിലും മുൻപന്തിയിലെന്ന് മേനി നടിക്കുന്ന കേരളത്തിൽ സ്ത്രീധന ഗാർഹിക പീഡനത്തിന്റെ പേരിൽ ജീവൻ അവസാനിപ്പിക്കേണ്ടി വന്ന പെൺകുട്ടികളുടെ പേരുകളാണിവ.
1961ൽ പാർലമെൻറ് പാസാക്കിയ ശക്തമായ നിയമവും 2005ലെ ഗാർഹിക പീഡന നിരോധനനിയമവുമുള്ള നാട്ടിലാണ് സ്ത്രീധന പീഡനങ്ങളും തുടർന്നുള്ള മരണങ്ങളും തുടരുന്നത്. സ്ത്രീധന സംബന്ധമായ കേസുകളും ദിനംപ്രതി കൂടി വരുകയാണ്. 28 കുടുംബ കോടതികളായി ഒന്നേകാൽ ലക്ഷത്തിലധികം കേസുകളുണ്ടെന്നാണ് കണക്ക്.
കൊല്ലത്ത് ഭർതൃവീട്ടുകാർ പട്ടിണിക്കിട്ട് കൊന്ന തുഷാര മരിക്കുമ്പോൾ ശരീരം അസ്ഥികൂടം പോലെ 20 കിലോ മാത്രമായിരുന്നു എന്ന കേട്ട് കേൾവിയില്ലാത്ത ക്രൂരതയുടെ വാർത്ത മലയാളക്കര ഞെട്ടലോടെയാണ് കേട്ടത്. മർദനത്തിന് ഇരയാക്കിയും കെട്ടിത്തൂക്കിയും പാമ്പിനെ കൊണ്ട് കടിപ്പിച്ചും സ്ത്രീധനത്തിന്റെ പേരിൽ കൊലപ്പെടുത്തിയ കിരാത സംഭവങ്ങൾക്കും നമ്മൾ സാക്ഷികളായി. കഴിഞ്ഞ ആറ് വർഷത്തിനിടെ 70ൽ അധികവും കഴിഞ്ഞ 15 വർഷത്തിനിടെ 245ൽ അധികവും സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിലുണ്ടായി എന്നതാണ് കണക്ക്. ഇപ്പോഴും ഇത് തുടരുന്നു... സമൂഹത്തെ കാർന്നുതിന്നുന്ന മാറാരോഗമായി സ്ത്രീധന സമ്പ്രദായം എന്നത് സാംസ്കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നു.
ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾക്കുപോലും സ്ത്രീധനം എന്ന വിപത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത എം.ബി.ബി.എസ് വിദ്യാർഥി ഷഹാന, കോയമ്പത്തൂരിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനിയും കോളജ് പ്രഫസറുമായ ശ്രുതി, ഡെൻറൽ ടെക്നീഷ്യനായ ആലപ്പുഴ സ്വദേശി ആസിയ... പട്ടിക നീളുന്നു. വലിയ വാർത്താപ്രധാന്യം കിട്ടാതെ പോയ, മരിച്ചതുപോലെ ജീവിക്കുന്ന ഒരുപാട് ജീവിതങ്ങളും നമുക്ക് ചുറ്റിലുമുണ്ട്. വിശ്വസിച്ചേൽപിച്ച, സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ പീഡനത്തിനിരയാക്കി പെൺകുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടപ്പോൾ, സ്വന്തം മകളെ നഷ്ടപ്പെട്ടതിന്റെ പേരിൽ വേദന തിന്ന് മരിച്ചുജീവിക്കുന്ന നൂറുകണക്കിന് മാതാപിതാക്കളും കുടുംബങ്ങളും സമൂഹത്തിലുണ്ട്.
പുരോഗമന സമൂഹം എന്ന് അവകാശപ്പെടുന്ന കേരളത്തിൽ, ശക്തമായ നിയമം ഉണ്ടായിട്ടുപോലും ഇത് ആവർത്തിക്കുന്നു എന്നത് അങ്ങേയറ്റം നാണക്കേടാണ്. ശക്തമായ നിയമ പരിഷ്കരണങ്ങളിലൂടെ ഇതിന് അറുതിവരുത്താൻ ഭരണകൂടങ്ങളും അധികാര വർഗങ്ങളും മുന്നോട്ടു വരട്ടെ, മതസംഘടനകൾ അതിന് പിന്തുണ നൽകട്ടെ! തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പെൺകുട്ടികൾ വീട്ടുകാരോട് പറയുമ്പോൾ അവരോട് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് നിൽക്കാൻ പറയുന്ന രീതി മാറ്റി അവർക്ക് മാനസിക പിന്തുണ നൽകി അവരെ ചേർത്ത് പിടിച്ചാൽ പല ജീവനുകളും രക്ഷിക്കാൻ കഴിയും. ഇനി ഒരു പെൺകുട്ടിയുടെയും ജീവൻ സ്ത്രീധനത്തിന്റെ പേരിൽ പൊലിയാതിരിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.