ഗൾഫ് മാധ്യമം റെയ്നി നൈറ്റ്; ദമ്മാമിൽ ഇന്ന് തുടികൊട്ടിപ്പെയ്യും സംഗീതമഴ
text_fieldsദമ്മാം: തണുപ്പുപെയ്യുന്ന രാവിൽ മഴപ്പാട്ടിന്റെ പുതപ്പുചൂടി ഫ്യൂഷൻ സംഗീതത്തിന്റെ തീക്കാറ്റ് കായാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഹൃദയജാലകങ്ങളെ തൊട്ടുതുറന്ന്, കരളകങ്ങളിൽ കയറിപ്പാടി സങ്കീർണതകളെ തട്ടിമാറ്റി നീറിൽ വീണപൂക്കളെപ്പോലെ സാന്ത്വനമായി ഒഴുകിനടക്കാൻ പ്രവാസികൾക്കായി അപൂർവ അവസരം ഒരുക്കിയ റെയ്നി നൈറ്റിൽ വെള്ളിയാഴ്ച വൈകീേട്ടാടെ ശ്രുതിയുണരും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അൽ ഖോബാറിലെ സിഗ്നച്ചേർ ഹോട്ടലിലെ ഓഡിറ്റോറിയത്തിലാണ് സംഗീതനിശ.
വൈകീട്ട് ആറ് മുതൽ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ഏഴോടെ റെയ്നി നൈറ്റിന് തുടക്കമാകും. അഭിനയമികവുകൊണ്ടും ആലാപന വൈവിധ്യം കൊണ്ടും ഇന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അപർണ ബാലമുരളി പാടിയും പറഞ്ഞും പ്രേക്ഷകരോടൊപ്പംചേരും. ചെറുപ്രായത്തിലേ മലയാളത്തിന് ഫ്യൂഷൻ സംഗീതത്തിന്റെ വിസ്മയം സമ്മാനിച്ച് സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ സ്റ്റീഫൻ ദേവസിയും സംഘവും മഴക്കുളിരിന് മേൽ സംഗീതപുതപ്പിന്റെ ചൂട് പകരും. മലയാളികളുടെ ഗാനാസ്വാദനത്തെ തൊട്ടുതലോടി നിത്യമാമ്മൻ, വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് പുതുതലമുറയുടെ ഹൃദയം തൊട്ട സൂരജ് സന്തോഷ്, അക്ബർ ഖാൻ, ക്രിസ്റ്റകല, ശ്രീജിഷ് എന്നിവരും ഗാനവർഷം തീർക്കും.
പ്രവാസ ഭൂമിക ഇതുവരെ കാണാത്ത ഒരു ആശയപൂർത്തീകരണമാണ് റെയ്നി നൈറ്റ്. ശരത്കാല സന്ധ്യയുടെ തണുപ്പ് പുതച്ച് മഴപ്പാട്ടുകളുടെ ഈണം നുണഞ്ഞ് ഫ്യൂഷൻ സംഗതത്തിന്റെ ചൂട് കാഞ്ഞ് ആസ്വാദന നിമിഷങ്ങൾ സ്വന്തമാക്കാൻ ആളുകൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
റെയ്നി നൈറ്റ് എന്ന ആശയം തന്നെ ആളുകളെ ഈ സംഗീതവർഷത്തിൽ നനഞ്ഞലിയാൻ പ്രേരിപ്പിക്കുന്നതാണെന്ന് ആസ്വാദകർ ഒരേസ്വരത്തിൽ പറയുന്നു. പ്രവാസികൾക്ക് എന്നും വ്യത്യസ്തതകൾ സമ്മാനിച്ചിട്ടുള്ള ഗൾഫ് മാധ്യമം അതിമനോഹര നിമിഷങ്ങളാണ് റെയ്നി നൈറ്റിലൂടെ സമ്മാനിക്കാൻ ശ്രമിക്കുന്നത്. സെലിബ്രറ്റികളും ടെക്നീഷ്യന്മാരും അടങ്ങുന്ന 28 അംഗങ്ങളുടെ സംഘം ദമ്മാമിലെത്തി മഴരാത്രിയെ അവിസ്മരണീയമാക്കാനുള്ള ഒരുങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. കിഴക്കിന്റെ ആകാശത്ത് വിതുമ്പി നിൽക്കുന്ന മഴപ്പാട്ട് മേഘങ്ങൾ സന്ധ്യമയങ്ങുന്നതോടെ ആസ്വാദക ഹൃദയത്തിലേക്ക് തുടികൊട്ടിപ്പെയ്തു തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.