ഗൾഫ് മാധ്യമം ‘റെയ്നി നൈറ്റ്’ സംഗീതനിശ
text_fieldsദമ്മാം: മഴയുടെ പശ്ചാത്തലത്തിൽ പാട്ടാസ്വാദനം’ എന്ന എന്ന തീമിൽ ഗൾഫ് മാധ്യമം അൽഖോബാർ സിഗ്നേച്ചർ ഹോട്ടലിൽ ഒരുക്കിയ ‘റെയ്നി നൈറ്റ്’ സംഗീതനിശയുടെ വിജയത്തിന് പിന്നിൽ ചാലകശക്തിയായി പ്രവർത്തിച്ചത് നൂറോളം സ്ത്രീപുരുഷന്മാർ അടങ്ങിയ വളൻറിയർ ടീം. ആർക്കും പരാതികൾക്കിട നൽകാതെ എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിച്ചു. പരിപാടിക്ക് ഒരാഴ്ച ബാക്കി നിൽക്കെയാണ് വളൻറിയർ ടീം രൂപവത്കരിച്ചത്.
സംഘാടകസമിതി യോഗം ചേർന്ന് കോട്ടക്കൽ കുഴിപ്പുറം സ്വദേശി അബ്ദുൽ ജലീലിനെ ക്യാപ്റ്റനായും തിരൂർക്കാട് സ്വദേശി മുഹമ്മദ് നിസാറിനെ വൈസ് ക്യാപ്റ്റനായും നിശ്ചയിച്ചു. സൽമ സമീയുല്ലയായിരുന്നു വനിത ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റനായി ഫൗസിയ അനീസും നേതൃത്വത്തെ സഹായിച്ചു. സംഘത്തെ വിവിധ വിങ്ങുകളായും ഓരോ വിങ്ങിനും ലീഡർമാരെയും ചുമതലപ്പെടുത്തി. നിരവധി ഓൺലൈൻ മീറ്റിങ്ങുകൾ ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തി.
ട്രാഫിക് നിയന്ത്രണം, പാർക്കിങ് ഗ്രൗണ്ട് നിയന്ത്രണം തുടങ്ങി ചുമതലകൾ വീതിച്ചുനൽകി. തണുപ്പായതിനാൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ട്രാഫിക് നിയന്ത്രണജോലി പൂർത്തിയാക്കിയത്. ടിക്കറ്റ് പരിശോധനക്കും കാണികെള ഹാളിലെത്തിക്കുന്നതിനും ആറു വാതിലുകളിൽ നിശ്ചിത സംഘങ്ങൾ പ്രവർത്തന സജ്ജരായി. നേരത്തേ തന്നെ ഹാളിൽ കസേരകൾ നിരത്തുകയും പ്രേക്ഷരെ നിയന്ത്രിക്കുകയും ചെയ്തു. സ്റ്റേജ്, ഗെസ്റ്റ് മാനേജ്മെൻറ് മറ്റൊരു ടീം നിർവഹിച്ചു.
ആർട്ടിസ്റ്റുകളെ വിമാനത്താവളത്തിൽനിന്നും ഹോട്ടലിലെത്തിക്കുകയും പരിപാടിക്ക് വേദിയിൽ കൊണ്ടുവരുകയും തിരികെ ഹോട്ടലിലും വിമാനത്താവളത്തിലും എത്തിക്കുകയും ചെയ്ത ശ്രമകരമായ ദൗത്യമാണ് ഗെസ്റ്റ് മാനേജ്മെൻറ് സംഘം ഒരു പരാതിക്കും ഇടനൽകാതെ പൂർത്തിയാക്കിയത്. വളൻറിയർ ക്യാപ്റ്റൻ പ്രോഗ്രാം ലീഡറുമായും കൺവീനറുമായും ബന്ധപ്പെട്ട് എല്ലാ കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചു.
പിറ്റേന്ന് വളൻറിയർമാർക്ക് ഒരുക്കിയ സ്വീകരണ പരിപാടിയിൽ ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. തനിമ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അൻവർ ഷാഫി അധ്യക്ഷത വഹിച്ചു. റഫീഖ് കുറ്റിക്കോടൻ സംസാരിച്ചു. പ്രോഗ്രാം കൺവീനർ റഷീദ് ഉമർ സ്വാഗതവും ഗൾഫ് മാധ്യമം-മീഡിയവൺ കോഓഡിനേറ്റിങ് കമ്മിറ്റി കൺവീനർ എ.കെ. അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.