മരുഭൂമിയിലെ ജനകീയ ഈദ് സ്നേഹ സൗഹൃദ സംഗമം
text_fieldsറിയാദ്: പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവം തീര്‍ത്ത് ഈദ് സംഗമം ഒരുക്കി ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്). റിയാദ് നഗരത്തിൽനിന്ന് നൂറു കിലോമീറ്റർ അകലെ മരുഭൂമിയിൽ ആടിനെയും ഒട്ടകത്തെയും മേയ്ക്കുന്ന ഇടയന്മാരുടെ താവളത്തിന് നടുവിലാണ് പ്രത്യേകം സൗഹൃദ സംഗമ വേദി ഒരുക്കിയത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇടയന്മാരും തുച്ഛമായ ശമ്പളത്തിന് ജോലിയെടുക്കുന്ന തൊഴിലാളികളും പങ്കെടുത്തു.
മലയാളി കുടുംബാംഗങ്ങളോടൊപ്പം വൈകീട്ട് നാലു മുതൽ അർധരാത്രി 12 വരെ വിവിധ കലാപരിപാടികളോടെയാണ് ഈദ് ആഘോഷം അരങ്ങേറിയത്. മരുഭൂമിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന സാംസ്കാരിക പരിപാടിയില്‍ ജി.എം.എഫ് ജി.സി.സി ചെയര്മാന് റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്കൂള്‍ പ്രധാനാധ്യാപിക മൈമൂന അബ്ബാസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹം ആഡംബരമായി ഓഡിറ്റോറിയങ്ങളിൽ ആഘോഷ പരിപാടികൾ നടത്തുമ്പോൾ മരുഭൂമിയിലും ക്യാമ്പുകളിലും കിടക്കുന്ന സാധാരണ തൊഴിലാളികളെ ചേർത്തുപിടിച്ച് ഗൾഫ് മലയാളി ഫെഡറേഷൻ നടത്തിയ ഈദ് സൗഹൃദ സംഗമം പൊതുസമൂഹം കണ്ടുപഠിക്കേണ്ട ഒന്നാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ജയന് കൊടുങ്ങല്ലൂര്‍, അയ്യൂബ് കരൂപ്പടന്ന, ഷിയാസ് പോത്തന്‍കോട്, മജീദ് ചിങ്ങോലി, വി.കെ.കെ. അബ്ബാസ്, നാസര്‍ ലയിസ്, ഷാജി മഠത്തില്‍, അഖിനാസ്, അഷ്റഫ്, മാത്യു, ലത്തീഫ് ഓമശ്ശേരി, സലിം ആർത്തിയിൽ തുടങ്ങിയവർക്ക് പുറമേ സുഡാൻ പൗരനായ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. നിഷാദ് ആലംകോട് സ്വാഗതവും ഇവന്റ് കോഓഡിനേറ്റർ രാജു പാലക്കാട് നന്ദിയും പറഞ്ഞു. തങ്കച്ചന് വര്‍ഗീസ്, മുതലിഖ് കോഴിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കലാവിരുന്നില്‍ സുഡാനി പൗരന്മാരുടെ നൃത്തച്ചുവടുകൾ കാണികള്‍ക്ക് പ്രത്യേക അനുഭവമാണ് സമ്മാനിച്ചത്. ഫാമില്‍നിന്ന് ഫ്രഷ് ആട്ടിറച്ചി ഉപയോഗിച്ച് തയാറാക്കിയ രുചികരമായ ഭക്ഷണവും കഴിച്ചാണ് മരുഭൂമിയിലെ ആഘോഷങ്ങള്‍ക്ക് സമാപനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.