'ഗൾഫ് മാധ്യമം' വാർത്ത തുണയായി; അബഹ തർഹീലിലെ രണ്ടുപേരെ സാമൂഹിക പ്രവർത്തകരുടെ ജാമ്യത്തിൽ വിട്ടു
text_fieldsഖമീസ് മുശൈത്ത്: അബഹയിലെ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരിൽ മലയാളിയടക്കം രണ്ടുപേർക്ക് സാമൂഹിക പ്രവർത്തകരുടെ ജാമ്യത്തിൽ മോചനം. രേഖകൾ ശരിയാകാത്തതും വിമാന ടിക്കറ്റ് ഇല്ലാത്തതും മൂലം രണ്ട് മാസമായി നാട്ടിൽ പോകാൻ കഴിയാതെ നിരവധി ഇന്ത്യക്കാർ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നതായി 'ഗൾഫ് മാധ്യമം' കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഒ.ഐ.സി.സി ദക്ഷിണമേഖലാ പ്രസിഡൻറും കോൺസുലേറ്റിന് കീഴിലുള്ള കമ്യൂണിറ്റി വെൽഫെയർ മെമ്പറുമായ അഷ്റഫ് കുറ്റിച്ചലിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹവും സഹപ്രവർത്തകനായ ഹബീബും തർഹീൽ ഉദ്യോഗസ്ഥരെ കാണുകയും വിവരം ധരിപ്പിക്കുകയും ചെയ്തു.
തർഹീലിൽ കഴിയുന്നവരിലെ ഒരു മലയാളിയെയും കർണാടക സ്വദേശിയെയും അഷ്റഫ് കുറ്റിച്ചലിെൻറ ജാമ്യത്തിൽ വിടാൻ അധികൃതർ തയാറായി. ജാമ്യത്തിൽ എടുക്കാൻ ആളുകളുണ്ടെങ്കിൽ തർഹീലിൽ ബാക്കിയുള്ളവരെയും ജാമ്യത്തിൽ വിടാമെന്നും അധികൃതർ ഉറപ്പുനൽകി.
നാട്ടിൽ പോകാനുള്ള രേഖകൾ ശരിയാകുന്നത് വരെയാണ് ഇങ്ങനെ ജാമ്യത്തിൽ വിടുന്നത്. മറ്റാരും ജാമ്യത്തിൽ എടുക്കാൻ തയാറാകാത്ത പക്ഷം ഇവർക്ക് വേണ്ട സഹായങ്ങൾ സംഘടനകൾ വഴിയോ വ്യക്തികൾ മുഖേനയോ സ്ഥാപനങ്ങൾ മുഖേനയോ നൽകാൻ ശ്രമിക്കും എന്ന് അഷ്റഫ് കുറ്റിച്ചൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
കർണാടക സ്വദേശിക്ക് വേണ്ട രേഖകൾ ശരിയാക്കാനും വിമാന ടിക്കറ്റ് ലഭ്യമാക്കാനും വേണ്ട ശ്രമങ്ങൾ നടത്തുമെന്ന് സോഷ്യൽ ഫോറം സേവനവിഭാഗം കൺവീനർ ഹനീഫ് മഞ്ചേശ്വരവും അറിയിച്ചു. ഇതോടെ അബഹ തർഹീലിൽ ഉള്ളവർക്ക് ഉടൻ രേഖകൾ ശരിയാക്കി നാട്ടിൽ പോകാൻ വഴിതെളിഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.