വീറും വാശിയും നിറഞ്ഞ ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾ
text_fieldsജിദ്ദ: വ്യാഴാഴ്ച നടന്ന ഒന്നാം റൗണ്ട് മത്സരങ്ങൾക്കു ശേഷം വെള്ളിയാഴ്ച നടന്ന ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾ ഏറെ വീറും വാശിയും നിറഞ്ഞതായിരുന്നു. ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫൈസലിയ എഫ്.സി, യെല്ലോ ആർമി ജിദ്ദ ടീമിനെ പരാജയപ്പെടുത്തി. ഫൈസലിയ എഫ്.സിയിലെ ജവീദിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. അദ്ദേഹത്തിനുള്ള ട്രോഫി വിജയ് പ്രോഡക്ട്സ് സൂപ്പർവൈസർ മുസ്തഫ കൈമാറി. രണ്ടാം മത്സരത്തിൽ 2-0 എന്ന സ്കോറിൽ സംസം മദീന എഫ്.സിയെ പരാജയപ്പെടുത്തി ന്യൂ കാസിൽ സെവൻസ് വിജയിച്ചു.
ന്യൂ കാസിൽ സെവൻസിലെ അഫ്സൽ മുത്തുവായിരുന്നു മാൻ ഓഫ് ദ മാച്ച്. ജോഡിയാനോ മാർക്കറ്റിങ് മാനേജർ മുഹമ്മദ് ഖൈസി ട്രോഫി സമ്മാനിച്ചു. ജെ.എസ്.സി, സ്മാർട്ട് ലുക്ക് എഫ്.സി ടീമുകൾ തമ്മിൽ നടന്ന മൂന്നാം മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി മത്സരം സമനിലയിലായി. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ സ്മാർട്ട് ലുക്ക് എഫ്.സി വിജയികളായി. സ്മാർട്ട് ലുക്ക് എഫ്.സി താരം ഷഹദായിരുന്നു കളിയിലെ കേമൻ. അദ്ദേഹത്തിനുള്ള ട്രോഫി പ്രിന്റക്സ് സാരഥി ഹസൈൻ ഇല്ലിക്കൽ കൈമാറി. അവസാന ക്വാർട്ടർ മത്സരത്തിൽ ചുങ്കത്തറ ബി.എഫ്.സി ജിദ്ദ ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഡിഫൻസ് ജിദ്ദ വിജയിച്ചു. ഡിഫൻസ് ജിദ്ദ താരം ദിൽസാദിനെ (ദിലു) മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു. വിജയ് ഫുഡ് പ്രൊഡക്ട്സ് മൂലൻ ഗ്രൂപ് എം.ഡി ജോയ് മൂലൻ ട്രോഫി നൽകി. ഫൈസലിയ എഫ്.സി, സ്മാർട്ട് ലുക്ക് എഫ്.സി ടീമുകൾ തമ്മിൽ നടന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിലായി.
ശേഷം നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഫൈസലിയ എഫ്.സി വിജയികളായി. ഫൈസലിയ എഫ്.സി താരം ഫസലിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. എൻകാംഫർട്ട് സാരഥികളായ അബ്ദുല്ലത്തീഫ്, അലി എന്നിവർ ട്രോഫി സമ്മാനിച്ചു. രണ്ടാം സെമി ഫൈനലിൽ ന്യൂകാസിൽ സെവൻസ്, ഡിഫൻസ് ജിദ്ദ ടീമുകൾ തമ്മിലുള്ള മത്സരവും ഗോൾരഹിത സമനിലയിൽ കലാശിച്ചു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലും സമനില പാലിച്ചതോടെ നറുക്കെടുപ്പിലൂടെ ന്യൂകാസിൽ സെവൻസ് വിജയികളായി. ന്യൂകാസിൽ സെവൻസ് ഗോളി ഷറഫുവിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു. ഏഷ്യൻ ടൈംസ് മാനേജിങ് ഡയറക്ടർ ഷമീം കൊട്ടുക്കര അദ്ദേഹത്തിനുള്ള ട്രോഫി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.