'ഗൾഫ് ഷൂട്ടിങ് 2021': പരിശീലനക്കളരിയുമായി സൗദിയും കുവൈത്തും cc
text_fieldsയാംബു: റോയൽ സൗദി ലാൻഡ് ഫോഴ്സ്, കുവൈത്ത് ലാൻഡ് ഫോഴ്സ്, യു.എസ് ആർമിയുടെ സ്പാർട്ടൻ ഫോഴ്സ് എന്നിവ സംയുക്തമായി 'ഗൾഫ് ഷൂട്ടിങ് 2021' എന്ന പേരിൽ ആയുധ പരിശീലനക്കളരിക്ക് കുവൈത്തിൽ തുടക്കം കുറിച്ചു. സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള സൈനിക ബന്ധവും സംയുക്ത പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഭ്യാസ പരിശീലനമെന്ന് പരിശീലനപരിപാടിയുടെ കമാൻഡർ കേണൽ നായിഫ് ബിൻ അൽ-ഹുമൈദി പറഞ്ഞു.
മൂന്ന് രാജ്യങ്ങളുടെയും പോരാട്ട ശേഷി ഉയർത്തിക്കാട്ടാനും സൈനിക സഹകരണം ഏകീകരിക്കാനും സൈനികാനുഭവങ്ങളും പുതിയ അറിവുകളും പരസ്പരം കൈമാറാനും പരിപാടി പ്രയോജനപ്പെടുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആധുനിക യുദ്ധവാഹനങ്ങളും യന്ത്രങ്ങളും പുതിയ സാങ്കേതികവിദ്യയുമെല്ലാം പ്രയോജനപ്പെടുത്തി നടക്കുന്ന ഡ്രിൽ പരിപാടി നവംബർ 18 വരെ തുടരുമെന്നും അധികൃതർ അറിയിച്ചു.
അഭ്യാസത്തിൽ പങ്കെടുക്കാൻ കഴിഞ്ഞദിവസം നുവൈസീബ് അതിർത്തി കടന്ന് അലി അൽ-സാലേം എയർവേസ് വഴി കുവൈത്തിലെത്തിയ സൗദി സേനയെ കുവൈത്ത് സായുധ സേനാ ഓപറേഷൻസ് മേധാവി കേണൽ മുഹമ്മദ് അൽമുതൈരിയും ഡ്രില്ലിെൻറ അസിസ്റ്റൻറ് കമാൻഡർ കേണൽ അമർ അൽ-ദൗസരിയും സ്വീകരിച്ചു.
കുവൈത്തും സൗഹൃദത്തിലുള്ള അയൽരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനിക സഹകരണം വികസിപ്പിക്കാനുള്ള എല്ലാശ്രമങ്ങളും ഊർജിതമാക്കുക എന്നത് രാജ്യത്തിെൻറ പ്രഖ്യാപിത നയമാണെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരസ്പര സഹകരണത്തിലൂടെ സൈനികർക്കുള്ള ആത്മവിശ്വാസം വർധിപ്പിക്കാനും കൂടുതൽ കരുത്ത് നൽകാനും ലക്ഷ്യമിട്ട് നടത്തുന്ന പരിശീലന പരിപാടി ഏറെ നേട്ടം ഉണ്ടാക്കാൻ വഴിവെക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.