ഇറാൻ ഭീഷണിക്കെതിരെ ഒരുമിച്ച് നീങ്ങാൻ ഗൾഫ്-യു.എസ് ധാരണ
text_fieldsറിയാദ്: ഇറാൻ മധ്യപൗരസ്ത്യ മേഖലയിൽ ഉയർത്തുന്ന ഭീഷണിക്കെതിരെ ഒരുമിച്ച് നീങ്ങാൻ തീരുമാനിച്ച് അമേരിക്കയും അറബ്-ഗൾഫ് രാജ്യങ്ങളും പങ്കെടുത്ത ജിദ്ദ ഉച്ചകോടി പിരിഞ്ഞു. പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദർശനത്തിന്റെ രണ്ടാംദിനം ഉച്ചക്ക് ശേഷം ജിദ്ദയിൽ നടന്ന ഉച്ചകോടിയിൽ ആറ് ഗൾഫ് രാജ്യങ്ങളുടെയും ഇറാഖ്, ഈജിപ്ത്, ജോർദാൻ രാജ്യങ്ങളുടെയും തലവന്മാരും പ്രതിനിധികളും പങ്കെടുത്തു. മധ്യപൗരസ്ത്യ മേഖലയിലുണ്ടാവുന്ന എല്ലാ തന്ത്രപ്രധാന വിഷയങ്ങളിലും യു.എസിന്റെ ഇടപെടലുണ്ടാവും. ഇറാൻ ആണവായുധം സംഭരിക്കുന്നതിനെ തടയാൻ ജാഗ്രത പാലിക്കും. എന്നാൽ ഇറാനെതിരെ അറബ്, ഗൾഫ് രാജ്യങ്ങളുടെ ചേരിയിൽ ഇസ്രായേലിനെ കൂടി കൂട്ടാനുള്ള ജോ ബൈഡന്റെ ശ്രമം വിലപ്പോയില്ല.
സ്വതന്ത്ര ഫലസ്തീൻ രാജ്യം പിറക്കാതെ ഇസ്രായേലുമായി സഹകരണം സാധ്യമല്ലെന്ന് സൗദി അറേബ്യയും ഖത്തറും ജോർദാനും ഉറച്ച നിലപാടെടുത്തു. അതെസമയം യു.എസ് പ്രസിഡന്റിന്റെ രണ്ടുദിവസത്തെ സന്ദർശനത്തിലൂടെ ഒട്ടേറെ സുപ്രധാന തീരുമാനങ്ങൾ സൗദിക്കും അമേരിക്കക്കും മറ്റ് സുഹൃത്ത് രാജ്യങ്ങൾക്കുമുണ്ടായി. ഏഴ് തന്ത്രപ്രധാന തീരുമാനങ്ങളാണ് ജോ ബൈഡനും അമീർ മുഹമ്മദ് ബിൻ സൽമാനും ജിദ്ദയിൽ ചേർന്ന യോഗത്തിലെടുത്തത്. യമൻ വെടി നിർത്തൽ കരാറും സൗദിയുടെ സാങ്കേതിക വിദ്യാവികസനവും ഇതിൽ ഉൾപ്പെടുന്നു. ഇസ്രയേലുൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും സൗദിയുടെ വ്യോമപാത തുറന്നതുൾപ്പെടെയുള്ള പ്രഖ്യാപനം പ്രധാന നേട്ടമായി യു.എസ് കരുതുന്നു. പശ്ചിമേഷ്യയിൽ സൗദിയില്ലാതെ യു.എസിന് മുന്നോട്ട് പോകാനാകില്ലെന്ന പ്രഖ്യാപനം കൂടിയാണ് ഈ സന്ദർശനമെന്ന് യു.എസ് മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഇസ്രായേലിലേക്കും പുറത്തേക്കും പറക്കുന്ന സിവിലിയൻ വിമാനങ്ങൾക്ക് സൗദി അറേബ്യക്ക് മുകളിലൂടെ പറക്കാൻ കഴിഞ്ഞിരുന്നില്ല. ആഗോള തലത്തിൽ ചരക്കുനീക്ക ഹബ്ബാകാനുള്ള നീക്കം കൂടി കണക്കിലെടുത്ത് വ്യോമോതിർത്തി എല്ലാവർക്കും തുറന്ന് നൽകാനാണ് സൗദിയുടെ തീരുമാനം. ജറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം പിറക്കാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉണ്ടാകില്ലെന്ന് സൗദി ആവർത്തിച്ച് വ്യക്തമാക്കിയതോടെ വ്യോമാതിർത്തി തുറക്കലിനപ്പുറം ഒന്നുമില്ലെന്ന് വ്യക്തമാണ്.
സൗദിയുടെ എണ്ണ ഉത്പാദനം പ്രതിദിനം 13 ദശലക്ഷം ബാരലാക്കി ഉയർത്തിയതാണ് മറ്റൊരു തീരുമാനം. ഇതിലധികം ഉയർത്താനാകില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കുകയും ചെയ്തു. നിലവിൽ 10.21 ദശലക്ഷം ബാരലാണ് സൗദി ഉദ്പാദിപ്പിക്കുന്നത്. അമേരിക്കയുടെ അഭ്യർഥന പ്രകാരമാണ് എണ്ണോത്പാദനം വർധിപ്പിക്കുന്നത്. ആഗോള വിപണിയിലെ എണ്ണവിലയും എണ്ണ വിതരണവും സുസ്ഥിരമാക്കലിനാണ് ഇനി ശ്രമമുണ്ടാവുക.
യമനിലെ യു.എൻ മധ്യസ്ഥ വെടിനിർത്തൽ തുടരാനുള്ള തീരുമാനുള്ള തീരുമാനവും ഈ ചർച്ചകളിലുണ്ടായി. യമനിലേക്ക് ഇനി സൗദി ആക്രമണം ഉണ്ടാകില്ല. വെടിനിർത്തൽ തുടരും. എന്നാൽ ഇറാൻ പിന്തുണയോടെ ഹൂതികൾ പ്രകോപനം സൃഷ്ടിച്ചാൽ അതിന് മറുപടി നൽകാൻ യു.എസ് പിന്തുണയുണ്ടാകും. ഏഴു വർഷത്തിന് ശേഷം ആദ്യമായി സൻആയിൽ നിന്ന് അമ്മാനിലേക്കും കെയ്‌റോയിലേക്കും നേരിട്ടുള്ള വാണിജ്യ വിമാന സർവിസുകൾ പുനരാരംഭിക്കാനും സൗദി സഹായിക്കും. യമനിലെ സെൻട്രൽ ബാങ്കിലേക്ക് സൗദിയും യു.എ.ഇയും സംയുക്തമായി 2,000 കോടി ഡോളർ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ ജോ ബൈഡൻ സ്വാഗതം ചെയ്തു.
ജി 7 രാജ്യങ്ങളുടെ 2022 ജൂൺ 26ന് നടന്ന G7 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ആഗോള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പദ്ധതിയിൽ സൗദി നിക്ഷേപം നടത്തും. ജി7ൽ അംഗമല്ലാത്ത സൗദി യു.എസുമായി സഹകരിച്ചാണ് നിക്ഷേപം നടത്തുക.
ഫൈവ് ജി/സിക്സ് ജിയിൽ സഹകരണത്തിന് സൗദിയും യു.എസും തമ്മിലെ സഹകരണമാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. ഇരുരാജ്യങ്ങളിലെയും സാങ്കേതിക കമ്പനികളെ ഇതിനായി ബന്ധിപ്പിക്കും.
ശുദ്ധ ഊർജത്തിനായുള്ള (ക്ലീൻ എനർജി) സഹകരണമാണ് യു.എസ്-സൗദി കരാറുകളിലൊന്ന്. ഊർജ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനുമായി സൗദിയുടെ പുതിയ നിക്ഷേപങ്ങളുണ്ടാകും. സോളാർ, ഗ്രീൻ ഹൈഡ്രജൻ, ന്യൂക്ലിയർ, മറ്റ് ക്ലീൻ എനർജി സംരംഭങ്ങൾ എന്നിവയിൽ ഇരു രാജ്യങ്ങളും നിക്ഷേപം നടത്തും. കാർബൺ രഹിത നീക്കത്തിനായുള്ള നൂതന സാങ്കേതികവിദ്യകളുടെ ഗവേഷണം, വികസനം, പ്രദർശനം എന്നിവയും വർധിപ്പിക്കും.
മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടാണ് ഒടുവിലത്തെ ധാരണ. മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് യു.എസ് മുന്നോട്ട് വെച്ച ധാരണയിൽ പറയുന്നു. ഉച്ചകോടിക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെ ജോ ബൈഡൻ അമേരിക്കയിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.