ജീവിതം വഴിതിരിച്ചുവിട്ട സുഹൃത്ത്
text_fieldsചെറുപ്രായത്തിൽ തന്നെ കൂട്ടുകുടുംബ പ്രാരബ്ധങ്ങളുടെ ഭാരം തലയിൽവെച്ചാണ് നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ജോലിയിൽ കയറിയത്. സമയാസമയങ്ങളിൽ വന്നുപോയ സഹപ്രവർത്തകരും പ്രായത്താലും പ്രവൃത്തിപരിചയംകൊണ്ടും സീനിയേഴ്സും സുപ്പീരിയേഴ്സും ആയ എല്ലാവരും നല്ല സുഹൃത്തുക്കളായിരുന്നു.
ലഭിച്ചിരുന്ന ശമ്പളംകൊണ്ട് ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സമയം. ഒരുമിച്ചു ജോലി ചെയ്ത് ഇടക്കാലത്ത് ഗൾഫിലേക്കുപോയ സീനിയർ സുഹൃത്ത് സലാഹുദ്ദീെൻറ വിളി വന്നത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. അദ്ദേഹം മറ്റൊരു സ്ഥലത്തേക്ക് ജോലി മാറിപോകുന്നുവെന്നും താൽപര്യമുണ്ടെങ്കിൽ ആ ഒഴിവിലേക്ക് പെട്ടെന്ന് തയാറാകാനും പറഞ്ഞായിരുന്നു വിളി. അതുവരെ പ്രവാസത്തെ കുറിച്ച് ചിന്തിക്കാത്ത, പാസ്പോർട്ടുപോലും ഇല്ലാതിരുന്ന എന്നെ സംബന്ധിച്ച് വലിയ പ്രതീക്ഷയായി അത്.
പിന്നീടുള്ള പ്രയാസങ്ങളിൽ അദ്ദേഹത്തെ പഴിക്കാതിരിക്കാനാകണം, സൗദിയിലെ പ്രധാന മിലിറ്ററി ബേസ് ആയ കിങ് ഖാലിദ് മിലിറ്ററി മെഡിക്കൽ സിറ്റിയിലെ, ആംഡ് ഫോഴ്സ് ആശുപത്രിയിലെ ജോലി സംബന്ധിച്ച മിലിറ്ററി നിയമങ്ങളും നിയന്ത്രണങ്ങളും പ്രയാസങ്ങളും പറഞ്ഞ് അമിത താൽപര്യവും അമിത പ്രതീക്ഷയും എെൻറ മനസ്സിലുണ്ടാവാതിരിക്കാൻ അദ്ദേഹം കരുതലെടുത്തു. ജീവിത സാഹചര്യങ്ങൾകൊണ്ട് എന്ത് റിസ്ക്കെടുക്കാനും തയാറായി നിന്ന എനിക്ക് മറ്റൊരു സുഹൃത്ത് ആയ അബ്ദുറഹ്മാെൻറ വാക്കും പ്രചോദനമായി. അങ്ങനെയാണ് പ്രവാസത്തിലേക്ക് ആദ്യവിമാനം കയറിയത്.
ആ ജോലിയിൽ നാലാം വർഷത്തിലെത്തി. അപ്പോഴാണ് മറ്റൊരു ഭാഗ്യമായി സലാഹുദീെൻറ അടുത്ത വിളി എത്തുന്നത്. സൗദി നാഷനൽ ഗാർഡിെൻറ ആസ്ഥാനമായ റിയാദ് സെൻട്രൽ റീജ്യനിലെ ജോലി. സലാഹുദ്ദീനുവേണ്ടി സുഹൃത്ത് നജീബ് നിർദേശിച്ച സ്വപ്നതുല്യമായ ജോലി അദ്ദേഹം എനിക്ക് വെച്ചുനീട്ടി. ഞാനിപ്പോൾ ഉള്ള ജോലിയിൽ സെറ്റിൽഡ് ആണെന്നും പറഞ്ഞായിരന്നു അത്. നാഷനൽ ഗാർഡിലെ സർവിസിൽ കയറികിട്ടുക എന്നത് അത്ര എളുപ്പമായിരുന്നില്ല.
40 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖവും ഒന്നരമണിക്കൂർ പരീക്ഷയും ശക്തമായ വെരിഫിക്കേഷൻ പ്രോസസും പൂർത്തിയാക്കി സെലക്ഷൻ കിട്ടിയപ്പോൾ എന്നിൽ സലാഹുദ്ദീൻ അർപ്പിച്ച പ്രതീക്ഷയും ആത്മവിശ്വാസവും എത്ര വലുതാണെന്ന് ഞാൻ അറിഞ്ഞു. സ്വപ്ന ജോലിയിൽ അഞ്ചു വർഷം പൂർത്തിയാക്കി സന്തോഷത്തോടെ മുന്നേറുന്നു.
ഒരു കുടുംബത്തിെൻറ ജീവിതഗതിയെ മാറ്റിമറിക്കാൻ കാരണക്കാരനായ പ്രിയ സുഹൃത്ത് സലാഹുദ്ദീനോടുള്ള കടപ്പാട് ഏറെയാണ്. ജീവിതത്തിെൻറ വഴിത്തിരിവിലേക്ക് കൈപിടിച്ച അദ്ദേഹത്തെ സ്മരിക്കാൻ ഇങ്ങനെയൊരു അവസരം കൈവന്നതിൽ അതിയായ ആഹ്ലാദമുണ്ട്. ഒറ്റപ്പെട്ട് പോകുമ്പോൾ, മുന്നിൽ ഇരുട്ട് പരക്കുമ്പോൾ, വെളിച്ചമായി മുന്നിലെത്തുന്ന ഈ സുഹൃത്തിനെ കുറിച്ച് മറക്കാൻ കഴിയാത്ത അനുഭവമായി ഇവിടെ മാത്രമല്ല എെൻറ മനസ്സിലും ഇതിനകം ആഴത്തിൽ കുറിച്ചിട്ടു കഴിഞ്ഞു.
അനുഭവമെഴുതൂ, സമ്മാനം നേടൂ
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ.
ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക.
100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും.
വിഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വിഡിയോക്കും വെവ്വേറെ സമ്മാനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.