മരുഭൂ വിജനതയിലെ അജ്ഞാതനായ സുഹൃത്ത്
text_fieldsപ്രവാസം നാലു പതിറ്റാണ്ട് പൂർത്തിയാകാൻ ഇനി അധിക കാലമില്ല. 30 വർഷം മുമ്പ് ഒരു ആപദ്ഘട്ടത്തിൽ രക്ഷകനായി എത്തിയ ഒരു 'അജ്ഞാത' സുഹൃത്തിനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. റിയാദിൽനിന്നും ബുറൈദ വഴി മദീനയിലേക്കുള്ള യാത്രക്കിടെയാണ് ഇന്നും ഒാർമയെ ഞെട്ടിക്കുന്ന ആ സംഭവം. അന്ന് ബുറൈദ പട്ടണം പിന്നിട്ടാൽ മദീന റോഡിൽ കിലോമീറ്ററുകളോളം വിജനമാണ്. പെട്രോൾ പാമ്പുകളോ മറ്റു ജനവാസ കേന്ദ്രങ്ങളോ ഇല്ലാത്ത, നോക്കെത്താ ദൂരത്തോളം പേടിപ്പെടുത്തുന്ന വിജനത. ഞാനും റിയാദിലെ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനായ ഇംതിയാസ് അഹമ്മദും ഞങ്ങളുടെ ഭാര്യമാരും നാലു വയസ്സ് പ്രായമുള്ള എെൻറ മകളും ഇംതിയാസിെൻറ കൈക്കുഞ്ഞായ മകനുമായിരുന്നു യാത്രയിലുണ്ടായിരുന്നത്. വഴിയുടെ ദുർഘടതയെ കുറിച്ച് ധാരണയുള്ളതിനാൽ എല്ലാവിധ മുന്നൊരുക്കങ്ങളോടെയുമായിരുന്നു യാത്ര.
കാർ വഴിയിൽ കേടായാൽ നന്നാക്കാനുള്ള ടൂളുകൾ ഉൾപ്പെടെ എല്ലാം കൂടെ കരുതിയിരുന്നു. മദീനയിൽ എത്താൻ ഏകദേശം മുന്നൂറിലധികം കിലോമീറ്റർ ദൂരം ബാക്കിയുണ്ട്. അസർ നമസ്ക്കാരത്തിെൻറ സമയം, റോഡരികിൽ അൽപമൊരു ചെരുവിലേക്ക് വാഹനം ഇറക്കി നിർത്തി ഞങ്ങൾ നമസ്കരിക്കാൻ തിരുമാനിച്ചു.
അതിനുശേഷം യാത്ര തുടരാൻ വാഹനത്തിൽ കയറി. എന്നാൽ ഞങ്ങളുടെ വാഹനത്തിെൻറ ടയറുകൾ മണലിൽ പൂണ്ടു പോയതിനാൽ മുന്നോട്ടു നീങ്ങിയില്ല എന്ന് മാത്രമല്ല, റോഡിെൻറ നിരപ്പിൽനിന്നും ചെരുവിലെ താഴേക്കുള്ള ഭാത്തേക്ക് നിരങ്ങി ഇറങ്ങുകയും ചെയ്തു.
വാഹനത്തിൽ നിന്നിറങ്ങിയ ഞങ്ങൾ വണ്ടിയിൽ കരുതിയിരുന്ന വെള്ളം മുഴുവനും ടയറിെൻറ അടിഭാഗത്ത് മണലിൽ ഒഴിച്ച് ഒരു ശ്രമം നടത്തി നോക്കി. ഞങ്ങൾക്കും കുട്ടികൾക്കും യാത്രയിൽ ആവശ്യമായ രണ്ടു വലിയ ബോട്ടിൽ വെള്ളം മുഴുവനും അങ്ങനെ ഒഴിച്ചുനോക്കി വണ്ടി മുകളിക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിഫലമായി. ഇന്നത്തെ പോലെ വാഹനങ്ങളുടെ ബാഹുല്യം അന്ന് ആ റോഡിൽ ഇല്ല.
തെന്നിയും തെറിച്ചും ചിലത് വന്നാലായി. മൊബൈൽ ഫോൺ പോയിട്ട് ലാൻഡ് ലൈൻ ഫോൺ പോലും അപൂർവമായിരുന്ന കാലം. എന്ത് ചെയ്യണമെന്ന് അറിയാതെ വാഹനത്തിനടുത്ത് ഞങ്ങൾ ഏകദേശം രണ്ടു മണിക്കൂർ ആധിയോടെയും ഭയപ്പാടോടെയും നിന്നു. അപ്പോൾ ദൂരെ നിന്നും ഒരു കാർ വരുന്നത് കണ്ടു. എതിർദിശയിൽ നിന്നും വന്ന ആ കാർ ഞങ്ങളുടെ വാഹനത്തിനടത്ത് വന്നുനിർത്തി.
അതിൽനിന്നും ഇറങ്ങിവന്ന സൗദി പൗരൻ ഞങ്ങളെ സഹായിക്കാൻ തയാറായി. എെൻറ കാറിൽ കരുതിയിരുന്ന വാഹനം കെട്ടിവലിക്കാനുള്ള കേബിൾ എടുത്ത് അദ്ദേഹം തെൻറ കാറിെൻറ പിന്നിൽ കെട്ടിയശേഷം ഞങ്ങളുടെ കാറുമായി ബന്ധിപ്പിച്ചു. കുഴിയിൽ കിടന്ന ഞങ്ങളുടെ കാറിനെ മുന്നോട്ട് വലിച്ചുകയറ്റാൻ ശ്രമിച്ചു.
എന്നാൽ അത് റോഡിലേക്ക് കയറിയില്ല എന്ന് മാത്രമല്ല അദ്ദേഹത്തിെൻറ കാർ കൂടി റോഡിെൻറ ചെരുവിലേക്ക് നിരങ്ങി ഇറങ്ങി. പിന്നെ ആ കാറിനെ റോഡിലേക്ക് കയറ്റാൻ ഞങ്ങൾ ഏറെ പണിപ്പെട്ടു.
ഒരുവിധം ഞങ്ങൾ എല്ലാവരും കൂടി തള്ളി ആ സൗദിയുടെ വാഹനം റോഡിലെത്തിച്ചു. തെൻറ നിസ്സഹായാവസ്ഥ അറിയിച്ച് അദ്ദേഹം കാറോടിച്ചു പോയി.ഫോർവീൽ ഡ്രൈവുള്ള ഒരു ക്രയിൻ വാഹനം കൊണ്ട് മാത്രമേ ഞങ്ങളുടെ വാഹനം റോഡിലെത്തിക്കാൻ സാധിക്കൂ എന്ന് മനസ്സിലായി.
മൂന്ന് മണിക്കൂറിലധികം ഞങ്ങൾ അവിടെ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അതിനിടെ ആകെ മൂന്നോ നാലോ വാഹനങ്ങളാണ് അതുവഴി കടന്നുപോയത്.സൂര്യൻ പടിഞ്ഞാറ് ചുവപ്പ് രാശി പാകി അസ്തമിക്കാൻ പോകുന്നു. ഇരുൾ പരക്കാൻ തുടങ്ങുന്നു. ചെറുപ്പക്കാരായ ഞങ്ങൾ നാല് പേരും ചെറിയ രണ്ടുകുട്ടികളും മാത്രം... ഭയവും കരച്ചിലുമൊക്കെ വന്നു.
അപ്പോൾ വളരെ ദൂരെനിന്നും ഒരുവാഹനം വരുന്നതിെൻറ പ്രകാശം കണ്ടു. ഞാൻ ഞങ്ങളുടെ വാഹനത്തിന് അടുത്തുനിന്നും റോഡരികിലേക്ക് കയറിനിന്നു. ആ വാഹനം അടുത്തെത്തിയപ്പോൾ മനസ്സിലായി അത് ക്രെയിൻ ഉള്ള ഫോർവീൽ ഡ്രൈവ് ജി.എം.സി വാഹനം ആണെന്ന്.
ആ വണ്ടി റോഡിൽ നിർത്തി അതിൽനിന്നും യുവാവ് ഇറങ്ങിവന്നു. തെൻറ വണ്ടിയുടെ ഹെഡ്ലൈറ്റ് പ്രകാശത്തിൽ അദ്ദേഹം പരിസരം വീക്ഷിച്ചു. പിന്നെ സ്വന്തം വണ്ടിയുടെ പിറകുവശം ഞങ്ങളുടെ വണ്ടിയുടെ മുൻഭാഗത്തിന് ഏകദേശം നേരെയാക്കി നിർത്തി. അയാളുടെ വാഹനത്തിൽ സീറ്റിനടിയിൽ ഉണ്ടായിരുന്ന വണ്ണമുള്ള കേബിളിെൻറ ഒരറ്റം എെൻറ വണ്ടിയുടെ ചെയ്സിന് അടിയിലും മറുഭാഗം അയാളുടെ വാഹനത്തിന് പിൻവശത്തുള്ള ഹൂക്കിലും ഘടിപ്പിച്ചു. ഞങ്ങളുടെ യാതൊരുവിധ സഹായത്തിനും കാത്തുനിൽക്കാതെ അതെല്ലാം അയാൾ സ്വയം ചെയ്തു.
ഈ സമയം ഞാൻ കാറിെൻറ ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നിരുന്നു. അയാൾ വാഹനം മുന്നോട്ട് വലിപ്പിച്ചു, ഞങ്ങളുടെ വണ്ടി പൂർണമായും റോഡിലെത്തി. നന്ദി എന്ന ഒരു വാക്ക് കേൾക്കാൻ പോലും നിൽക്കാതെ അതിവേഗത്തിൽ ആ അജ്ഞാതൻ വാഹനം ഓടിച്ചുപോയി. ഞങ്ങൾ അത്ഭുതാദരങ്ങളോടെ ആ മനുഷ്യൻ പോയ വഴിയേ നോക്കി നിന്നുപോയി.
വിജന മരുഭൂമിയിൽ, ആ രാത്രിയിൽ ഞങ്ങളെ ആപത്തിൽനിന്ന് രക്ഷിക്കാനെത്തിയ ആ മനുഷ്യൻ ആരാണെന്ന് ഇന്നും ഞങ്ങൾക്കറിയില്ല. എന്നാൽ ഒന്നറിയാം, അയാളാണ് ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ സുഹൃത്ത്. കാരണം, അയാൾ അപ്പോൾ വന്ന് രക്ഷിച്ചില്ലായിരുന്നെങ്കിൽ ഞങ്ങളുടെ അവസ്ഥ എന്താകുമായിരുന്നെന്ന് അറിയില്ല. ഇന്നും ആ സംഭവത്തെ കുറിച്ചോർക്കുേമ്പാൾ ഒരു ഞെട്ടലാണ്. അജ്ഞാതനായ സുഹൃത്തേ, അങ്ങയോട് കടപ്പെട്ടിരിക്കുന്നു ഞങ്ങളുടെ ജീവിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.