ആട്ടിടയന്മാർക്ക് ഭക്ഷ്യകിറ്റുകളെത്തിച്ച് ഹഫർ അൽബാത്വിൻ ഒ.ഐ.സി.സി
text_fieldsഹഫർ അൽബാത്വിൻ: ഒ.ഐ.സി.സി ഹഫറിലെ മരുഭൂമിയിൽ ആട്ടിടയന്മാരായി ജോലിചെയ്യുന്ന വിവിധ രാജ്യക്കാർക്ക് ഭക്ഷ്യകിറ്റുകളെത്തിച്ചു.
സൗദിവത്കരണത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ തൊഴിൽനിയമങ്ങൾ കാരണം ജോലി നഷ്ടപ്പെട്ടവരും ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടിയവരും തങ്ങളുടെ പ്രയാസങ്ങൾ മറ്റാരെയും അറിയിക്കാതെ കഴിയുന്ന നിരവധിയാളുകളുടെ വിവരം ഒ.ഐ.സി.സിയുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് അവർക്കും ഭക്ഷ്യകിറ്റുകൾ എത്തിച്ചുകൊടുത്തു.
ഇത്തവണത്തെ റമദാൻ മാസത്തിൽ വന്നെത്തിയ വിഷുവിനും ഈസ്റ്ററിനുമൊക്കെ ഭക്ഷ്യവസ്തുക്കൾ യഥേഷ്ടം വാങ്ങുന്നതിന് പ്രയാസം നേരിട്ടിരുന്നവർക്ക് റമദാൻ കിറ്റുകൾ വലിയ ആശ്വാസമായി. നോമ്പെടുക്കുന്നവർക്ക് കിറ്റുകൾ നൽകിയതിനോടൊപ്പം വിവിധ മതസ്ഥർക്ക് അവരുടെ വിശേഷ ദിവസങ്ങൾ ആഘോഷിക്കുന്നതിനും ഭക്ഷ്യകിറ്റുകൾ നൽകാനായതിന്റെ സന്തോഷത്തിലാണ് ഹഫർ അൽബാത്വിൻ ഒ.ഐ.സി.സി. 10 കിലോ അരിയും എണ്ണയും പയറും പരിപ്പും പഞ്ചസാരയും തേയിലയും വിവിധ മസാലപ്പൊതികളുമടങ്ങിയ ഭക്ഷ്യകിറ്റുകൾ സ്വീകരിച്ചവരുടെ സന്തോഷവും നന്ദി വാക്കുകളും വരുംവർഷങ്ങളിൽ കൂടുതൽ പേർക്ക് നൽകാൻ പ്രചോദനം നൽകിയതായി പ്രസിഡൻറ് സലിം കീരിക്കാടും ജനറൽ സെക്രട്ടറി ക്ലിന്റോ ജോസും പറഞ്ഞു.
നൂഹ്മാൻ, ഇ.പി. ഷാജി, അരുൺ, വിപിൻ മറ്റത്ത്, അനീഷ് തോമസ്, ജിതേഷ് തിരുവത്ത് എന്നിവരാണ് ജനറൽ സെക്രട്ടറി ക്ലിന്റോയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ കിറ്റുകളെത്തിച്ചുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.