ഹജ്ജ്, ഉംറ സേവന സമ്മേളനത്തിനും പ്രദർശന മേളക്കും പ്രൗഢ തുടക്കം
text_fieldsജിദ്ദ: ഹജ്ജ്, ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിനും പ്രദർശനമേളക്കും തുടക്കമായി. ജിദ്ദ സൂപ്പർ ഡോമിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ഉദ്ഘാടനം ചെയ്തു. തീർഥാടന സേവന പദ്ധതിയുമായി സഹകരിച്ച് ഹജ്ജ്, ഉംറ മന്ത്രാലയമാണ് ജനുവരി എട്ട് മുതൽ 11 വരെ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അതിഥികളെ സ്വാഗതം ചെയ്തു. വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽഖുറൈജി, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് എൻജി. അബ്ദുൽ അസീസ് അൽദുവൈലജി, പൊതുസുരക്ഷ മേധാവി ജനറൽ മുഹമ്മദ് അൽബസാമി, മക്ക മേയർ മുസാഇദ് അൽദാവുദ് എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.
തീർഥാടകർക്ക് താമസസൗകര്യമൊരുക്കുന്നതിനുള്ള ബൃഹദ് പദ്ധതിയുടെ കരാറുകൾ മക്ക ഡെപ്യൂട്ടി ഗവർണറുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു. 250 കോടി റിയാൽ ചെലവിട്ട് ഹോട്ടൽ നിർമിക്കാനാണ് ഉമ്മുൽ ഖുറ ഡെവലപ്‌മെൻറ് ആൻഡ് റീ കൺസ്ട്രക്ഷൻ കമ്പനിയും ജനറൽ അതോറിറ്റി ഫോർ എൻഡോവ്‌മെൻറും രണ്ട് സഹകരണ കരാറുകളിൽ ഒപ്പുവെച്ചത്. കൂടാതെ തീർഥാടകരെ ബോധവത്കരിക്കുന്നതിനുള്ള കേന്ദ്രം സ്ഥാപിക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയവും ഔഖാഫ് ജനറൽ അതോറിറ്റിയും തമ്മിലും കരാർ ഒപ്പുവെച്ചു.
മേളയിൽ ഹജ്ജ്, ഉംറയുമായി ബന്ധപ്പെട്ട ഡോക്യുമെൻററികൾ പ്രദർശിപ്പിച്ചു. മക്ക ഡെപ്യൂട്ടി ഗവർണർക്ക് ഹജ്ജ്, ഉംറ മന്ത്രി സ്മരണിക സമ്മാനിച്ചു. ഹജ്ജ് ഉംറ മേഖലകളിൽ വിശിഷ്ട സേവനത്തിനുള്ള അവാർഡുകൾ നേടിയ കമ്പനികളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.
ഇത്തവണയും നിരവധി സെഷനുകളും ശിൽപശാലകളും നിറഞ്ഞതാണ് ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദർശനമേളയും. വിവിധ സെഷനുകളിൽ ഹജ്ജ്, ഉംറ സംവിധാനത്തിലെ വിവിധ സർക്കാർ, സ്വകാര്യ ഏജൻസികളിലെ മേധാവികളും മന്ത്രിമാരും പ്രതിനിധികളും അംബാസഡർമാരും ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുക്കും.
ഹജ്ജ് ഉംറ മേഖലയിലെ പ്രവർത്തന അനുഭവങ്ങൾ കൈമാറുന്നതിനും നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും തീർഥാടകരുടെ യാത്ര മെച്ചപ്പെടുത്തുന്നതിനും അവരുടെ അനുഭവം സമ്പന്നമാക്കുന്നതിനും സഹായിക്കുന്നതിനുമുള്ള പുതിയ പരിപാടികളും പദ്ധതികളും ചർച്ച ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദർശനത്തിൽ 200ലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ഈ വർഷം പ്രദർശനം കാണാനെത്തുന്നവരുടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.