ഹജ്ജ്: കർമങ്ങൾ അവസാനഘട്ടത്തിലേക്ക്
text_fieldsമിന: ഹജ്ജിെൻറ നാലാം ദിനത്തിലെ കല്ലേറ് കർമങ്ങൾ ശാന്തമായി പുരോഗമിക്കുന്നു. കർമങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അറഫസംഗമം കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചെ മിനായിലെത്തിയ ഹാജിമാർ ജംറയിൽ കല്ലെറിയാൻ ഒഴുകിയെത്തി. അതു കഴിഞ്ഞ് മക്കയിലെ മസ്ജിദുൽ ഹറാമിലെത്തി കഅ്ബ പ്രദക്ഷിണവും സഫ-മർവ മലകൾക്കിടയിലെ നടത്തവും പൂർത്തിയാക്കിയ ശേഷം മുടി നീക്കലും ബലികർമത്തിനുള്ള നടപടികളും സ്വീകരിച്ചു. ഇതെല്ലാം കഴിഞ്ഞ് മിനായിലെ തമ്പുകളിൽ വിശ്രമിക്കുകയാണ് തീർഥാടകർ.
കല്ലേറ് കർമം വളരെ ശാന്തമായാണ് പുരോഗമിക്കുന്നത്. മുൻകാലങ്ങളിൽ കല്ലേറ് തിരക്കിൽ അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ മികച്ച ആസൂത്രണത്തോടെ ഇൗ മേഖലയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തിയതിനാൽ ഒരു പ്രയാസവും കൂടാതെ ഹാജിമാർക്ക് കർമം നിർവഹിക്കാൻ സാധിക്കുന്നുണ്ട്. ഒരോ രാജ്യത്തെയും ഹാജിമാർക്ക് കല്ലേറിന് സമയം ക്രമീകരിച്ചു നൽകിയിട്ടുണ്ട്.
വെയിലിന് ചൂട് കൂടിയതോടെ ഹാജിമാർ പരമാവധി തമ്പുകളിൽ തന്നെ കഴിയുകയാണ്. കൊടും ചൂടിലായിരുന്നു അറഫാ സംഗമം. അത് കഴിഞ്ഞ് മുസ്ദലിഫയിലെ തുറന്ന സ്ഥലത്തായിരുന്നു രാപാർത്തത്. അറഫ കഴിഞ്ഞതോടെ തീർഥാടകർക്ക് അല്ലാത്തവർക്കും മക്കയുടെ അതിർത്തികൾ തുറന്നു കൊടുത്തു.
ഹാജിമാരെ കാണാൻ പ്രവാസികൾ ഹറമിലും മിനായിലും വരാൻ തുടങ്ങി. ഒരു മാസത്തോളമായി മക്കയിലേക്കുള്ള ഗതാഗതത്തിന് കടുത്ത നിയന്ത്രണമേർപെടുത്തിയിരുന്നു. ചട്ടം ലംഘിച്ച് വരുന്നവർക്ക് വലിയ പിഴയും നാട്കടത്തലും ശിക്ഷ നൽകിയിരുന്നു. നാളെയും മറ്റന്നാളും കല്ലേറ് കർമങ്ങളുണ്ടാവും. അത് കഴിഞ്ഞ് മദീന സന്ദർശനം പൂർത്തിയാക്കി ഹാജിമാർ സ്വദേശങ്ങളിലേക്ക് തിരിച്ചു തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.