2023 ഏറ്റവും കൂടുതൽ പേർ ഉംറക്കെത്തി റെക്കോഡിട്ട വർഷമെന്ന് ഹജ്ജ്-ഉംറ മന്ത്രി
text_fieldsജിദ്ദ: ഏറ്റവും കൂടുതൽ പേർ ഉംറക്കെത്തിയ വർഷമാണ് കടന്നുപോയതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ. 1,35,50,000 പേരാണ് 2023ൽ ഉംറ നിർവഹിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് 50 ലക്ഷത്തിെൻറ വർധനയാണുണ്ടായത്. ഏറ്റവും കൂടുതൽ തീർഥാടകരെത്തിയ വർഷമെന്ന ചരിത്രമാണ് 2023 സൃഷ്ടിച്ചതെന്നും ജിദ്ദയിൽ മൂന്നാമത് ഹജ്ജ്, ഉംറ സേവന സമ്മേളനത്തിൽ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. ഇത് മുൻകാലങ്ങളിലെ ഏറ്റവും ഉയർന്ന സംഖ്യയേക്കാൾ 58 ശതമാനം കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിെൻറ ഉദ്ഘാടന ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ഹജ്ജ് ഉംറ സമ്മേളനത്തിെൻറ ഈ പതിപ്പിൽ 80 രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കുന്നുണ്ട്. അവരെല്ലാം ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിവർഷം തീർഥാടകരുടെ എണ്ണം വർധിപ്പിക്കാനുള്ള മന്ത്രാലയത്തിെൻറ അഭിലാഷവും പദ്ധതികളും മന്ത്രി പ്രസംഗത്തിൽ വെളിപ്പെടുത്തി. തീർഥാടകരുടെ ആരോഗ്യത്തിനും സുരക്ഷക്കും വലിയ പ്രാധാന്യമാണ് നൽകുന്നത്.
കഴിഞ്ഞ വർഷം ഹജ്ജ് സീസണിൽ വിദേശത്ത് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന കമ്പനികളുടെ എണ്ണം ആറിൽനിന്ന് 20 കമ്പനികളായി വർധിപ്പിച്ചു. ഈ വർഷം ഹജ്ജ് കമ്പനികൾക്ക് കൂടുതൽ ലൈസൻസ് നൽകി. ഇതോടെ മൊത്തം ഹജ്ജ് സർവിസ് കമ്പനികളുടെ എണ്ണം 35 ആയി. ഹജ്ജ് ചരിത്രത്തിൽ ആദ്യമായി, കഴിഞ്ഞ ഹജ്ജ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെ അടുത്ത ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും സംഘടനാ ക്രമീകരണങ്ങൾക്കുള്ള രേഖകൾ വിദേശ രാജ്യങ്ങൾക്ക് കൈമാറുകയും ചെയ്തു. ഹജ്ജ് കരാറുകൾ നേരത്തെ തയാറാക്കുന്ന രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. അത്തരം രാജ്യങ്ങൾക്ക് പുണ്യസ്ഥലങ്ങളിൽ സ്വന്തം ലൊക്കേഷനുകൾ തെരഞ്ഞെടുക്കുന്നതിൽ മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ് മിഷനുകളില്ലാത്ത രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് നേരിട്ടുള്ള സേവനം നൽകുന്നതിന് ‘നുസ്ക്’ എന്ന ആപ്ലിക്കേഷൻ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇൗ ആപ്ലിക്കേഷൻ വഴി 67 രാജ്യങ്ങളിലുള്ളവർക്കാണ് ഹജ്ജ് സേവനം നൽകിയത്. ഈ വർഷത്തെ ഹജ്ജ് സീസണിൽ 126 രാജ്യങ്ങൾക്ക് സേവനം നൽകാനാകും വിധം നുസ്ക് വികസിപ്പിക്കും. ഇതോടെ തീർഥാടകന് തെൻറ പാക്കേജും സേവനങ്ങളും എളുപ്പത്തിലും സുതാര്യതയിലും തെരഞ്ഞെടുക്കാനും ഇടനിലക്കാരില്ലാതെ നേരിട്ട് ഹജ്ജ് വിസ നേടാനും കഴിയും.
പുണ്യസ്ഥലങ്ങളിൽ അഞ്ച് ശതകോടി റിയാൽ മുതൽമുടക്കിൽ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾ തുടരുകയാണ്. 14,000ത്തിലധികം ടോയ്‌ലറ്റുകളും ഷവർ ഏരിയകളും പുതുതായി ഉണ്ടാക്കി. കാലാവസ്ഥ വെല്ലുവിളികളെ നേരിടാൻ പുണ്യസ്ഥലങ്ങളിൽ ഒന്നര ലക്ഷം പുതിയ എയർ കണ്ടീഷനിങ് യൂനിറ്റുകൾ ഒരുക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.