ഹജ്ജ് മുന്നൊരുക്കം; ബൃഹത്തായ പദ്ധതി പുറത്തിറക്കി 'സൗദിയ'
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണോടനുബന്ധിച്ച് ബൃഹത്തായ പ്രവർത്തന പദ്ധതി പുറത്തിറക്കി സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ'. തീർഥാടകർക്കായി 12 ലക്ഷത്തിലധികം സീറ്റുകളാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. 150 ലധികം വിമാനങ്ങളാണ് സർവിസുകൾ നടത്തുക. എയർലൈനിന്റെ ഹജ്ജ് സീസൺ പ്രവർത്തന കാലയളവ് മേയ് ഒമ്പത് മുതൽ 74 ദിവസം നീണ്ടുനിൽക്കും. 11,000 ത്തിലധികം ജീവനക്കാർ സീസണിലുടനീളം പ്രവർത്തിക്കും.
തീർഥാടകർക്ക് നൽകുന്ന സേവന പദ്ധതികളിൽ മേൽനോട്ടം വഹിക്കാൻ സൗദി പ്രത്യേക ടീമുകളെ നിയമിച്ചിട്ടുണ്ട്. മക്ക റൂട്ട് സംരംഭത്തിലൂടെ 1,20,000 തീർഥാടകർക്ക് സേവനം നൽകാനാകും. കൂടാതെ “ഹജ്ജ് വിത്ത് നോ ബാഗ്സ്” (ബാഗുകളില്ലാത്ത ഹജ്ജ്) സേവനവും പ്രവർത്തിക്കും. ഹജ്ജ് വേളയിൽ 2,70,000 ബാഗുകളും 2,40,000 സംസം കുപ്പികളും കൈകാര്യം ചെയ്യാനുള്ള സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്. തീർഥാടകരുടെ താമസസ്ഥലത്തുനിന്ന് ലഗേജ് ശേഖരിക്കുന്ന സേവനങ്ങളും സൗദിയ ഒരുക്കുന്നുണ്ട്. ഇലക്ട്രോണിക് ചാനലുകളിലൂടെയും സൗദിയ ഗ്രൂപ് ഓഫീസുകളിലൂടെയും ടിക്കറ്റുകൾ വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.