പുണ്യസ്ഥലങ്ങളിലെ ‘റോഡ് കൂളിങ്’ പരീക്ഷണം വിപുലീകരിക്കുന്നു
text_fieldsമക്ക: ഹജ്ജ് വേളയിൽ തീർഥാടകർക്ക് ആശ്വാസമേകാൻ മിന, മുസ്ദലിഫ, അറഫ എന്നീ പുണ്യ സ്ഥലങ്ങളിലെ റോഡുകൾ തണുപ്പിക്കുന്ന പരീക്ഷണം വിപുലീകരിക്കാൻ തുടങ്ങിയതായി ജനറൽ റോഡ്സ് അതോറിറ്റി വ്യക്തമാക്കി. മുനിസിപ്പൽ ഗ്രാമ ഭവന കാര്യ മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, ഗസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം, ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം, മക്ക മുനിസിപ്പാലിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
അറഫയിലെ നമിറ പള്ളിക്ക് അടുത്തായി 25000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഈ സംരംഭം നടപ്പിലാക്കിയതായും റോഡ് അതോറിറ്റി പറഞ്ഞു. ഡിസ്ട്രിക്റ്റുകളിലെയും പാർപ്പിട പ്രദേശങ്ങളിലെയും താപനില കുറക്കു, കെട്ടിടങ്ങൾ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ഊർജം കുറക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ കുറക്കുക എന്നിവയാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. കാത്തിരിപ്പ് കേന്ദ്രങ്ങളിലും ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും കൂടുതൽ സുഖപ്രദമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് ഈ സാങ്കേതികവിദ്യ സഹായിക്കുന്നുവെന്നും റോഡ്സ് അതോറിറ്റി പറഞ്ഞു.
പരീക്ഷണമെന്നോണം കഴിഞ്ഞ വർഷമാണ് റോഡ്സ് അതോറിറ്റി പുണ്യസ്ഥലങ്ങളിലെ തീർഥാടകർ നടക്കുന്ന പ്രധാന പാതകൾ ശീതീകരിക്കാനുള്ള സംരംഭം നടപ്പിലാക്കാൻ ആരംഭിച്ചത്. റോഡുകൾ പകൽ സമയത്ത് താപനില ആഗിരണം ചെയ്യുന്നതിനാൽ റോഡിന്റെ താപനില ചിലപ്പോൾ 70 ഡിഗ്രി സെൽഷ്യസിൽ എത്തുന്നതായും ഇത് ഊർജ ഉപഭോഗവും വായു മലിനീകരണവും വർധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നുവെന്ന വസ്തുതയിൽനിന്നാണ് തണുത്ത നടപ്പാതകൾ എന്ന ആശയം നടപ്പാക്കാൻ ആരംഭിച്ചത്. വിജയകരമായതിനെ തുടർന്നാണ് ഈ വർഷം കൂടുതൽ സ്ഥലങ്ങളിൽ അതോറിറ്റി അത് പരീക്ഷിക്കാനൊരുങ്ങുന്നത്. ഹജ്ജ് വേളയിൽ തീർഥാടകർക്ക് പ്രത്യേക കാൽനടക്കാർക്ക് വലിയ ആശ്വാസമാണ് അതിലുടെ ഉണ്ടായത്. സൗദിയിലെ റോഡ് മേഖലയുടെ മേൽനോട്ടം വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സർക്കാർ ഏജൻസി എന്ന നിലയിൽ നൂതനമായ വസ്തുക്കൾ ഉപയോഗിച്ച് ഗവേഷണവും പ്രായോഗിക അനുഭവങ്ങളും വികസിപ്പിക്കുന്നതിനാണ് റോഡ്സ് അതോറിറ്റി പ്രവർത്തിക്കുന്നത്. അതിന്റെ ഭാഗമായാണ് പുണ്യസ്ഥലങ്ങളിൽ നടപ്പിലാക്കിവരുന്ന ‘റോഡ് കൂളിങ്’ സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.