പിഴ, തടവ്, നാടു കടത്തൽ; ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ശിക്ഷ നടപ്പാക്കിത്തുടങ്ങി
text_fieldsമക്ക: ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കാൻ തുടങ്ങി. ജൂൺ രണ്ട് മുതൽ ജൂൺ 20 വ്യാഴാഴ്ച വരെ ഹജ്ജ് അനുമതിപത്രമില്ലാതെ പിടിക്കപ്പെടുന്നവർക്ക് പിഴ ബാധകമാകുമെന്ന് പൊതു സുരക്ഷ വിഭാഗം വ്യക്തമാക്കി. മക്ക, ഹറം പരിസരം, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷ നിയന്ത്രണ കേന്ദ്രങ്ങൾ, സോർട്ടിങ് സെൻററുകൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർ ശിക്ഷാ നടപടികൾക്ക് വിധേയമാകേണ്ടിവരും. ഇവിടങ്ങളിൽവെച്ച് പിടിക്കപ്പെടുന്ന ഏതൊരു പൗരനും താമസക്കാരനും സന്ദർശകനുമെതിരെ 10,000 റിയാൽ പിഴയുണ്ടാകും. നിയമം ലംഘിക്കുന്നവർ താമസക്കാരാണെങ്കിൽ അവരെ നാടുകടത്തുകയും നിയമപരമായി നിർദിഷ്ട കാലയളവുകൾക്കനുസരിച്ച് സൗദിയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യും. ആവർത്തിച്ചുള്ള ലംഘനമുണ്ടായാൽ സാമ്പത്തിക പിഴ ഇരട്ടിയാകുമെന്നും പൊതുസുരക്ഷ വിഭാഗം പറഞ്ഞു.
തീർഥാടകർക്ക് അവരുടെ കർമങ്ങൾ ആശ്വാസത്തോടെയും സമാധാനത്തോടെയും അനുഷ്ഠിക്കാൻ എല്ലാവരും ഹജ്ജിന്റെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതുണ്ടെന്നും പൊതുസുരക്ഷ വിഭാഗം പറഞ്ഞു. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവരെയും പെർമിറ്റ് ഇല്ലാത്തവരെയും മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നവർ പിടിക്കപ്പെട്ടാൽ ആറ് മാസം വരെ തടവും 50,000 റിയാൽ വരെ പിഴയുണ്ടാകുമെന്ന് പൊതുസുരക്ഷ വിഭാഗം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി പ്രകാരം അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും വിദേശിയാണെങ്കിൽ നിശ്ചിത കാലയളവ് സൗദിയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യും.
അതേ സമയം, ഹജ്ജിന്റെ ദിവസങ്ങൾ അടുത്തതോടെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന കർശനമാക്കി. ഇതിനായി വ്യത്യസ്ത ഷിഫ്റ്റുകളിലായി നിരവധി സുരക്ഷ ഉദ്യോഗസ്ഥരെയാണ് ചെക്ക്പോസ്റ്റുകളിൽ നിയോഗിച്ചിട്ടുള്ളത്. വ്യാജ രേഖകളും, ഹജ്ജ് അനുപതിപത്രങ്ങളും പരിശോധിക്കാൻ നൂതന ഉപകരണങ്ങളാണ് കവാടങ്ങളിൽ പാസ്പോർട്ട് വകുപ്പ് ഒരുക്കിയിട്ടുള്ളത്. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചനക്ക് ഇരയാക്കുകയും ചെയ്യുന്ന വ്യാജ ഹജ്ജ് പരസ്യങ്ങൾ പിന്തുടരാൻ എല്ലാ സുരക്ഷ ഏജൻസികളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന ഹജ്ജ് പരസ്യങ്ങൾക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ വ്യാജ ഹജ്ജ് പരസ്യങ്ങളോട് പ്രതികരിക്കരുതെന്ന് പൊതു സുരക്ഷ വകുപ്പ് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥർ ഹജ്ജ് പെർമിറ്റ് ആവശ്യപ്പെടുന്ന സമയത്ത് അത് കാണിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവരെ തടയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ഇത് നിയമപരമായ ആവശ്യകതയായി കണക്കാക്കപ്പെടുന്നുവെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.