ഹജ്ജ്: ആരോഗ്യസേവന വിഭാഗം സജ്ജം; 18 ആശുപത്രികളും 126 ആരോഗ്യകേന്ദ്രങ്ങളും
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകർക്ക് ആരോഗ്യ-ചികിത്സ സേവനങ്ങൾ നൽകുന്നതിന് മക്കയിലും പുണ്യസ്ഥലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. മക്കയിലും പുണ്യസ്ഥലങ്ങളിലുമായി 18 ആശുപത്രികളും 126 ആരോഗ്യ കേന്ദ്രങ്ങളും പൂർണമായും സജ്ജമാണെന്ന് മക്ക ഹെൽത്ത് ക്ലസ്റ്റർ വ്യക്തമാക്കി.
മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും ആരോഗ്യസംരക്ഷണം നൽകുന്നതിന് അജ്യാദ് അടിയന്തര ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കും. ഹറമിനുള്ളിൽ മൂന്ന് അത്യാഹിത കേന്ദ്രങ്ങളുണ്ട്. അത്യാധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഹറമിന്റെ വടക്ക് മുറ്റത്ത് അൽഹറം സീസണൽ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. പൂർണ സജ്ജമായ 155 ആംബുലൻസുകൾ സേവനത്തിനുണ്ടാകും. മൊബൈൽ ആംബുലൻസ് ബസുകളും 13 ആംബുലൻസ് ടീമുകളും നമിറ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ജബലുറഹ്മ ആശുപത്രിയിൽ എട്ട് ആംബുലൻസ് ടീമുകൾ, ജംറയിൽ 12 ആംബുലൻസ് ടീമുകൾ, ആശുപത്രികൾക്കിടയിൽ സേവനത്തിന് 23 ഫിക്സഡ് ആംബുലൻസ് ടീമുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്നും ഹെൽത്ത് ക്ലസ്റ്റർ വിശദീകരിച്ചു.
ആരോഗ്യ സേവനങ്ങൾ സംയോജിതമായി നൽകുന്നതിന് എല്ലാ ഹെൽത്ത് കേന്ദ്രങ്ങൾക്കും ആശുപത്രികൾക്കുമിടയിൽ സുഗമവും കാര്യക്ഷമവുമായ രീതിയിൽ പ്രവർത്തിക്കുന്നതിനാണ് ഹജ്ജ് ആരോഗ്യ സേവന പദ്ധതികൾ ശ്രദ്ധകേന്ദ്രീകരിക്കുക. യഥാസമയം ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും ഹോട്ട്ലൈൻ വഴി സ്ട്രോക്ക് കേസുകൾ കൈകാര്യം ചെയ്യുന്നതിനുമായി ഏറ്റവും വേഗമേറിയ രീതിയിൽ മെഡിക്കൽ കേസുകൾ സ്വീകരിക്കുകയും ആശുപത്രികൾക്കിടയിൽ കൈമാറുകയും ചെയ്യും. അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി സ്ട്രോക്ക് കേസുകൾ കൈകാര്യം ചെയ്യുന്നതിനും ജീവൻ രക്ഷിക്കുന്നതിനും വെർച്വൽ ആശുപത്രിയുമായി ഇവയെ ബന്ധപ്പെടുത്തുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.