മക്കയിലെത്തിയ തീർഥാടകരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു
text_fieldsമക്ക: ഹജ്ജിന്റെ നാളുകൾ അടുത്തതോടെ അറബ് രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരുടെ വരവിനും ആക്കംകൂടി. ഇതുവരെ മക്കയിലെത്തിയ തീർഥാടകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഞായറാഴ്ച വരെ സൗദിയിലെത്തിയ വിദേശ തീർഥാടകരുടെ എണ്ണം 9,35,966 ആണെന്ന് നേരത്തേ പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്) അറിയിച്ചിരുന്നു. ഈജിപ്തിൽനിന്നുള്ള ആദ്യ തീർഥാടക സംഘം ചൊവ്വാഴ്ചയാണ് മക്കയിലെത്തിയത്.1000 പേരടങ്ങുന്ന സംഘത്തെ സംസം വെള്ളവും ഖഹ്വയും പൂക്കളും മറ്റു സമ്മാനങ്ങളും നൽകിയാണ് വിവിധ സന്നദ്ധ സംഘങ്ങളും ‘റെഹ്ലത്ത് ഡബ്ല്യു മനാഫെ’ ടൂറിസ്റ്റ് കമ്പനിയും മക്കയിൽ സ്വീകരിച്ചത്.
55,000 ഈജിപ്ഷ്യൻ തീർഥാടകർ ഈ വർഷം ഹജ്ജ് നിർവഹിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. റഷ്യയിൽനിന്നുള്ള 200 തീർഥാടകർ അടങ്ങുന്ന ആദ്യ സംഘം ബുധനാഴ്ച മക്കയിലെത്തി. സമ്മാനങ്ങളും ഭക്ഷണ സാധനങ്ങളും നൽകിയാണ് ഇവരെയും മക്കയിൽ സ്വീകരിച്ചത്. റഷ്യയിൽനിന്ന് ഈ വർഷം 25,000 പേർ ഹജ്ജിനെത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തീർഥാടകർക്ക് പരമാവധി സൗകര്യവും എളുപ്പവും നൽകാനും സുഗമമായി ഹജ്ജ് നിർവഹിച്ച് മടങ്ങാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുന്നുണ്ടെന്ന് ‘റെഹ്ലത്ത് ഡബ്ല്യു മനാഫെ’ സി.ഇ.ഒ അഹ്മദ് തമർ പറഞ്ഞു.
സൗദിയുടെ വ്യോമ, കര മാർഗങ്ങളിലൂടെ തീർഥാടകരുടെ വരവ് ഇപ്പോഴും തുടരുകയാണ്. വരും ദിവസങ്ങളിൽ ആഭ്യന്തര തീർഥാടകർ കൂടി വരുന്നതോടെ മക്കയും പരിസര പ്രദേശങ്ങളും ജനനിബിഡമാകും. ഹജ്ജിന്റെ ദിനങ്ങൾ അടുത്തതോടെ വിവിധ സുരക്ഷ ഉദ്യോഗസ്ഥരുടെ പൂർണ നിയന്ത്രണത്തിലാണ് ഹജ്ജ് പ്രദേശങ്ങൾ. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള സ്വദേശികൾ നിയന്ത്രിക്കുന്ന അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ വഴി അന്താരാഷ്ട്ര വ്യോമ, കര, കടൽ തുറമുഖങ്ങളിലെ ഓൺലൈൻ പ്ലാറ്റ് ഫോമുകളുടെ സഹായത്തോടെ തീർഥാടകരുടെ പ്രവേശന നടപടികൾ സുഗമമാക്കാൻ എല്ലാവിധ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.