ഹജ്ജ് അരികെ; പ്രതിരോധ മന്ത്രാലയം സർവസജ്ജം
text_fieldsമക്ക: ഹജ്ജ് വിളിപ്പാടകലെ എത്തിനിൽക്കെ സൗദി ഭരണകൂടത്തിന്റെ വിവിധ വകുപ്പുകൾ മക്കയിലെയും ഹജ്ജ് കർമങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെയും അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കിവരുന്നു. ഹജ്ജ് അനുഷ്ഠാനങ്ങൾ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ എല്ലാ ഒരുക്കങ്ങളും വിവിധ സർക്കാർ വകുപ്പുകൾ ഊർജിതമാക്കി വരുകയാണ്.
ഈ വർഷത്തെ ഹജ്ജ് സീസണിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായും തീർഥാടകരെ സേവിക്കുന്നതിൽ രാജ്യത്തിന്റെ സുരക്ഷാ സേനകളുടെയും സർക്കാർ ഏജൻസികളുടെയും പ്രവർത്തനത്തെ പിന്തുണക്കാൻ സർവ സജ്ജമായെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സായുധസേനയുടെ ജോയൻറ് സ്റ്റാഫ് ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു സൂപ്പർവൈസറി കമ്മിറ്റി രൂപവത്കരിച്ച് എല്ലാ സുരക്ഷ മുന്നൊരുക്കവും അവസാനവട്ട നിരീക്ഷണത്തിലാണെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. ഹജ്ജ് പ്രദേശങ്ങളിൽ മന്ത്രാലയത്തിെൻറ വിവിധ യൂനിറ്റുകൾക്ക് നൽകിയിട്ടുള്ള ജോലികളെല്ലാം പൂർത്തിയാക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും സൂപ്പർവൈസറി കമ്മിറ്റി മേൽനോട്ടം വഹിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മക്കയിലെ ഹറം മസ്ജിദ് അങ്കണങ്ങളുടെ മേൽനോട്ടം, പുണ്യസ്ഥലങ്ങളുടെ വിവിധ ഭാഗങ്ങൾ നിയന്ത്രിക്കൽ, ജനക്കൂട്ടത്തിന്റെ ഒഴുക്ക് - സഞ്ചാരം എന്നിവ നിരീക്ഷിച്ചുകൊണ്ട് ആവശ്യമായ സുരക്ഷ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും, ഹജ്ജിന്റെ സുഗമമായ പൂർത്തീകരണത്തിനുള്ള പദ്ധതികളും പ്രതിരോധ മന്ത്രാലയം നടപ്പാക്കും. സൗദി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പുണ്യ സ്ഥലങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ആസൂത്രണം ചെയ്യുന്നതും പ്രതിരോധ സുരക്ഷ സേനയാണ്. ആരോഗ്യ മന്ത്രാലയത്തെ പിന്തുണക്കുന്നതിനായി മന്ത്രാലയം നിരവധി ആശുപത്രികളും അത്യാഹിത കേന്ദ്രങ്ങളും ഹജ്ജ് പ്രദേശങ്ങളിൽ തയാറാക്കിയിട്ടുണ്ട്. ഹജ്ജിനെത്തുന്ന വിവിധ വിഭാഗങ്ങളിലെ പ്രമുഖ വ്യക്തികൾക്കും സൗദി, യമനി രക്തസാക്ഷികളുടെ മക്കൾ, 20 രാജ്യങ്ങളിൽനിന്ന് സൗദിയുടെ പ്രത്യേക അതിഥികളായി എത്തുന്നവർക്കും 20 ലക്ഷത്തിലധികം വരുന്ന തീർഥാടകർക്കുമെല്ലാം വിവിധ രീതിയിൽ സുരക്ഷയൊരുക്കുന്നതും പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ്.
അടിയന്തരഘട്ടങ്ങളെ മനുഷ്യസാധ്യമായ എല്ലാ സജ്ജീകരണങ്ങളോടെയും നേരിടുമെന്ന് വിവിധ സേനാവിഭാഗങ്ങളെ ഏകോപിപ്പിച്ച് സുരക്ഷ വകുപ്പും സിവിൽ ഡിഫൻസും ആരോഗ്യമന്ത്രാലയവും അന്തിമ പ്രഖ്യാപനം നടത്തി. നിയമ വിരുദ്ധ തീർഥാടകർക്കുള്ള ശക്തമായ മുന്നറിയിപ്പ് സുരക്ഷ വിഭാഗം ആവർത്തിച്ചു. അനുമതി പത്രമില്ലാതെ ഹജ്ജും പുണ്യസ്ഥലങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റവും നിർദാക്ഷിണ്യം നേരിടുമെന്ന് സുരക്ഷാവൃത്തങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. തീർഥാടകരുടെ താമസസ്ഥലങ്ങളിലും സഞ്ചാരപഥങ്ങളിലും സേവനനിരതരായ മുഴുവൻ വിഭാഗങ്ങളും സുരക്ഷാക്രമീകരണങ്ങൾ അക്ഷരം പ്രതി പാലിക്കണമെന്ന് മന്ത്രാലയം പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.