രാജാവിന്റെ അതിഥികളായി ഗസ്സയിൽനിന്ന് 1,000 തീർഥാടകർ
text_fieldsറിയാദ്: ഗസ്സയിൽനിന്ന് 1,000 തീർഥാടകർക്ക് ആതിഥേയത്വമേകാൻ സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവ്. ഗസ്സയിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽനിന്നാണ് ഇത്രയും പേർക്ക് ഹജ്ജിന് അവസരം ലഭിക്കുക. ‘ഗസ്സയിൽനിന്നുള്ള രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെയും തീർഥാടകർക്ക് ഹജ്ജിന് ആതിഥ്യമരുളാനുള്ള സംരംഭം’ എന്ന പേരിലാണ് ഈ ഉത്തരവ്. ഇതോടെ ഈ വർഷം സൽമാൻ രാജാവിന്റെ അതിഥികളായെത്തുന്ന ഫലസ്തീൻ തീർഥാടകരുടെ എണ്ണം 2000 ആകും.
ഖാദിമുൽ ഹജ്ജ്, ഉംറ, സന്ദർശന പരിപാടിയുടെ ഭാഗമാണിത്. സൗദി മതകാര്യ വകുപ്പാണ് ഇത് നടപ്പാക്കുന്നത്. സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവിലൂടെയുള്ള അസാധാരണമായ ഈ ആതിഥേയത്വം ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ആശ്വാസമേകുമെന്ന് മതകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ഇതുപോലെയുള്ള മാനുഷിക നിലപാടുകളും പരിഗണനകളും സൗദിക്ക് അപരിചിതമല്ല.
രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ സൗദി ഭരണകൂടവും ജനങ്ങളും ഫലസ്തീനിനൊപ്പമാണ്. സൽമാൻ രാജാവും കിരീടാവകാശിയും ഇസ്ലാമിക രാഷ്ട്രങ്ങളുടെ പൊതുവായ വിഷയങ്ങളിലും പ്രത്യേകിച്ച് ഫലസ്തീൻ പ്രശ്നങ്ങളിലും വലിയ താൽപര്യമാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും മതകാര്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.