ഹജ്ജ് തയാറെടുപ്പുകൾ നാഷനൽ ഗാർഡ് മന്ത്രി പരിശോധിച്ചു
text_fieldsജിദ്ദ: ഹജ്ജ് അനുഷ്ഠാനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കുന്നതോടെ പുണ്യസ്ഥലങ്ങളിൽ സുരക്ഷ നടപടികൾ പൂർത്തിയായി. കുറ്റമറ്റ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സൗദി നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് ഹജ്ജ് തയാറെടുപ്പുകൾ പരിശോധിച്ച് ഉറപ്പുവരുത്തി. സൗദി ഭരണകൂടത്തിെൻറ നിർദേശങ്ങൾ പാലിച്ച് സുഗമമായ രീതിയിൽ കർമങ്ങൾ പൂർത്തിയാക്കാനും സമാധാനപൂർണമായ അന്തരീക്ഷം സംജാതമാക്കാനും ഓരോ വകുപ്പുകളും സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. മക്കയിലെ അൽഷറായ് ഡിസ്ട്രിക്ടിൽ മന്ത്രി വിവിധ സേനാവിഭാഗങ്ങളുടെ വൈവിധ്യമാർന്ന സൈനിക പരേഡ് വീക്ഷിച്ചു.
പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസ്സാമിയും നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിന്റെ കൂടെയുണ്ടായിരുന്നു. തീർഥാടകരുടെ സമ്പൂർണ സുരക്ഷ, അവർക്ക് നൽകുന്ന മികച്ച സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ മികവോടെ നടപ്പാക്കിയതായി ഹജ്ജ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ അറിയിച്ചു. തീർഥാടകരുടെ സുരക്ഷയെ ബാധിക്കുന്നതോ അവരുടെ ഹജ്ജ് കർമങ്ങൾക്ക് തടസ്സം വരുത്തുന്നതോ ആയ ഏത് നടപടികൾക്കെതിരെയും ശക്തമായ പ്രതിരോധം തീർക്കാനും വേണ്ട സുരക്ഷ നടപടികൾ കൈക്കൊള്ളാനും സൈനികർക്ക് നിർദേശം നൽകിയതായി മന്ത്രിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.