ഹജ്ജിന് സമാരംഭമായി; അറഫസംഗമം ഇന്ന്
text_fieldsമക്ക: പ്രപഞ്ചനാഥന്റെ വിളിക്കു പ്രത്യുത്തരം നൽകി ‘ലബ്ബൈക്’ മന്ത്രങ്ങളുമായി ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തിയ തീർഥാടകലക്ഷങ്ങൾ മിനാ തമ്പുനഗരിയെ മന്ത്രമുഖരിതമാക്കി ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി. 20 ലക്ഷത്തിലേറെ ഹാജിമാർ ഹജ്ജിന്റെ സുപ്രധാനചടങ്ങിനായി ഇന്ന് അറഫയിൽ സംഗമിക്കും. ലോകത്തെ ഏറ്റവും വലിയ മാനവ മഹാസംഗമത്തിനായി അറഫ മൈതാനം ഒരുങ്ങി.
അറഫ സംഗമത്തിലെ സാന്നിധ്യം ഹജ്ജിന്റെ പ്രധാന ചടങ്ങായതിനാൽ ഇന്നു പകൽമുഴുവൻ അറഫയിലെ തുറന്ന മൈതാനിയിൽ കഴിച്ചുകൂട്ടാനായി വെള്ളിയാഴ്ച രാത്രിതന്നെ ഹാജിമാർ മിനായിൽ നിന്നു നീങ്ങിത്തുടങ്ങിയിരുന്നു. മധ്യാഹ്ന മുതൽ സൂര്യാസ്തമനം വരെ അകമഴിഞ്ഞ പ്രാർഥനകളും അനുഷ്ഠാനങ്ങളുമായി അവർ അറഫയിൽ സമ്മേളിക്കും. നമിറാ പള്ളിയിൽ ശനിയാഴ്ച ഉച്ചക്ക് അറഫാ പ്രഭാഷണത്തോടെ നിശ്ചിതചടങ്ങുകൾക്ക് പ്രാരംഭം കുറിക്കും. പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ ചരിത്രപ്രധാനമായ പ്രഭാഷണത്തെ അനുസ്മരിച്ച് മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിർ ബിൻ ഹമദ് അൽമുഅയ്ഖിൽ അറഫാ പ്രഭാഷണം നിർവഹിക്കും. മലയാളമുൾപ്പെടെ 50 ലോക ഭാഷകളിൽ ഇത് വിവർത്തനം ചെയ്യപ്പെടും. തുടർന്ന് ളുഹ്ർ, അസ്ർ നമസ്കാരങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്കരിക്കും. സൂര്യാസ്തമയത്തോടെ തീർഥാടകർ രാപാർപ്പിനായി മുസ്ദലിഫയിലേക്ക് നീങ്ങും. രാത്രി അവിടെ വിശ്രമിച്ചശേഷം ഞായറാഴ്ച പുലർച്ച വീണ്ടും മിനായിലെത്തും. തുടർന്ന് ജംറയിൽ കല്ലെറിഞ്ഞ്, മുടി മുറിക്കുന്നതോടെ ഹജ്ജിന് അർധവിരാമമാകും. ശേഷം മിനായിലെ കൂടാരത്തിലേക്ക് തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക.
ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും നേരിട്ട് മേൽനോട്ടം വഹിക്കാനായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പുണ്യനഗരത്തിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽനിന്നെത്തിയ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാർക്ക് അറഫ സംഗമത്തിനുള്ള സജ്ജീകരണങ്ങൾ മിനായിലും അറഫയിലും ഇന്ത്യൻ ഹജ്ജ് മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. അറഫയിൽ മശാഇർ റെയിൽവേ രണ്ടാം നമ്പർ സ്റ്റേഷൻ പരിസരത്താണ് ഇന്ത്യൻ തീർഥാടകർക്ക് ഒരുക്കിയ താമസകേന്ദ്രം. വെള്ളിയാഴ്ച രാത്രി മുതൽ ഇന്ത്യൻ തീർഥാടകർ അറഫയിലേക്ക് പുറപ്പെട്ടുതുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.