നിറഞ്ഞ് കവിഞ്ഞ് ഹറം മത്വാഫ്, ‘ത്വവാഫ് ഇഫാദ’ നിർവഹിച്ച് തീർഥാടകർ
text_fieldsമക്ക: ഹജ്ജ് തീർഥാടകരാൽ നിറഞ്ഞുകവിഞ്ഞ് മസ്ജിദുൽഹറാമിലെ മത്വാഫ് മുറ്റം. ഹജ്ജിന്റെ മൂന്നാമത് സുപ്രധാന കർമമായ ‘ത്വവാഫ് ഇഫാദ’ നിർവഹിക്കാൻ ലക്ഷങ്ങളാണ് ബലിപെരുന്നാളിന്റെ (ദുൽഹജ്ജ് 10) ആദ്യ ദിവസം മക്ക ഹറമിലേക്ക് ഒഴുകിയെത്തിയത്.
തീർഥാടകരുടെ വലിയ പ്രവാഹത്തിലാണ് മത്വാഫ് അങ്കണം ഞായറാഴ്ച സാക്ഷ്യംവഹിച്ചത്. അറഫാ സംഗമത്തിനുശേഷം മുസ്ദലിഫയിൽ രാപ്പാർത്ത് ഹജ്ജിലെ ഏറ്റവും പ്രധാന ചടങ്ങിന് സാക്ഷികളാകാൻ കഴിഞ്ഞതിലുള്ള സന്തോഷം നിറഞ്ഞ മനസുമായി ‘ലബ്ബൈക്ക’ ചൊല്ലി പുലർച്ചെ തീർഥാടകർ മിനായിലേക്ക് എത്തിയിരുന്നു. പ്രവാചകപാത പിന്തുടർന്ന് അവിടെ ജംറത്തുൽ അഖ്ബയിൽ കല്ലെറിഞ്ഞ ശേഷമാണ് ത്വാവാഫുൽ ഇഫാദക്കായി തീർഥാടകർ ഹറമിലെത്തിയത്.
ത്വവാഫുൽ ഇഫാദക്ക് എത്തുന്നവരുടെ വർധിച്ച തിരക്ക് കണക്കിലെടുത്ത് ഹറമിൽ വിപുല സൗകര്യങ്ങളാണ് ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിരുന്നത്. തീർഥാടകർക്ക് അവരുടെ കർമങ്ങൾ എളുപ്പത്തിൽ നിർവഹിക്കാനും സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും മത്വാഫ് മുറ്റവും അതിന് ചുറ്റുമുള്ള മുകളിലെ നിലകളും ത്വവാഫ് ചെയ്യുന്നവർക്ക് മാത്രമായി നിശ്ചയിച്ചിരുന്നു. മത്വാഫിലേക്കുള്ള മുഴുവൻ കവാടങ്ങളും തുറന്നിട്ടു. സേവനത്തിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.