‘ഞാൻ അവൾക്ക് നൽകിയ വാക്കു പാലിച്ചു’
text_fieldsമക്ക: ഗസ്സയിൽ ഇസ്രായേൽ ക്രൂരതക്കിരയായി രക്തസാക്ഷിയായ പ്രിയതമക്ക് വേണ്ടി ഹജ്ജ് നിർവഹിച്ച സംതൃപ്തിയിലാണ് ഫലസ്തീനിലെ മാധ്യമ പ്രവർത്തകനും അൽജസീറ ലേഖകനുമായ വാഇൽ അൽദഹ്ദൂഹ്. അദ്ദേഹം സൗദി പ്രസ് ഏജൻസി (എസ്.പി.എ)യോട് പറഞ്ഞത് ‘ഞാൻ അവൾക്ക് നൽകിയ വാക്ക് പാലിച്ചു’ എന്നാണ്.
മിനയിൽ ഇഹ്റാം വസ്ത്രം ധരിച്ചുകൊണ്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. തുടർച്ചയായി രണ്ടാം വർഷമാണ് ഈ സ്ഥലത്ത് ഞാനെത്തുന്നത്, ഇത് ദൈവത്തിന്റെ ഔദാര്യമാണ്. രക്തസാക്ഷിയായ ഭാര്യക്കുവേണ്ടി ഈ വർഷം ഹജ്ജ് നിർവഹിക്കാൻ കഴിഞ്ഞു എന്നതാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്. ദൈവം അവളോട് കരുണ കാണിക്കട്ടെ. ഞാൻ അവളോടുള്ള വാക്ക് പാലിക്കുന്നു എന്നത് എനിക്ക് സന്തോഷം നൽകുന്നു. കാരണം കഴിഞ്ഞ വർഷം എനിക്ക് അവളെ എന്നോടൊപ്പം കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. വാർത്തവിതരണ മന്ത്രാലയത്തിന്റെയും സൗദിയുടെയും ഈ ഉദാരമായ കാരുണ്യം എന്നെ വളരെയധികം സന്തോഷിപ്പിച്ചുവെന്നും വാഇൽ അൽദഹ്ദൂഹ് പറഞ്ഞു.
ഫലസ്തീൻ ജനത വളരെ ഭയാനകവും മുെമ്പാന്നുമില്ലാത്തതുമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഗസ്സയിലെ സാഹചര്യത്തെക്കുറിച്ച് അൽദഹ്ദൂഹ് അഭിപ്രായപ്പെട്ടു. ഹജ്ജ് സീസൺ സംഘടിപ്പിക്കുന്നതിലെ സൗദിയുടെ ശ്രമങ്ങളെ അൽദഹ്ദൂഹ് പ്രശംസിച്ചു. ഏറ്റവും പ്രധാനപ്പെട്ട മനുഷ്യസംഗമമാണിത്. ഒരു സ്ഥലത്ത് ഒരേ സമയത്ത് ഏറ്റവും വലിയ ജനസംഖ്യ ഒരുമിക്കുന്നു. ഇത്രയും തീർഥാടകരെ സേവിക്കുന്നതിനും അവരുടെ കർമങ്ങൾ സുഗമമാക്കുന്നതിനും ഹജ്ജ് സീസൺ വിജയകരമാക്കുന്നതിനും വളരെ വലിയ ശ്രമങ്ങളും നടപടികളും ആവശ്യമുള്ള കാര്യമാണ്. ഇതാണ് സൗദി ചെയ്യുന്നതെന്നും അൽദഹ്ദൂഹ് പറഞ്ഞു.
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമവും അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും തുടർച്ചയായി ലോകത്തിന് മുമ്പാകെ തുറന്നുകാട്ടിയ ഏറ്റവും പ്രമുഖ മാധ്യമ പ്രവർത്തകരിലൊരാളാണ് വാഇൽ അൽദഹ്ദൂഹ്. അക്രമത്തിൽ അൽദഹ്ദൂഹിന് ഭാര്യയും രണ്ട് ആൺമക്കളും പേരക്കുട്ടിയും ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഹജ്ജ് കർമങ്ങൾ കവർ ചെയ്യുന്നതിൽ വിശിഷ്ടമായ പങ്കാണ് വാഇൽ ദഹ്ദൂഹ് വഹിച്ചത്. ഇത്തവണ സൗദി ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ ഒരു തീർഥാടകനായും വിശിഷ്ടാതിഥിയുമായാണ് അൽദഹ്ദൂഹ് പുണ്യഭൂമിയിലെത്തിയത്. മിനയിലെത്തിയ അദ്ദേഹത്തെ സൗദി വാർത്തമന്ത്രി സൽമാൻ ദോസരി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.