ചില വിദേശ ടൂറിസം കമ്പനികൾ തട്ടിപ്പ് നടത്തി; വിസിറ്റ് വിസയിലെത്തി ഹജ്ജ് ചെയ്യാമെന്ന് തീർഥാടകരെ കബളിപ്പിച്ചു -ആഭ്യന്തര മന്ത്രാലയം
text_fieldsറിയാദ്: ചില രാജ്യങ്ങളിലെ ടൂറിസം കമ്പനികൾ വിസിറ്റ് വിസയിലെത്തി ഹജ്ജ് ചെയ്യാമെന്ന് തീർഥാടകരെ കബളിപ്പിച്ചെന്ന് സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ് കേണൽ തലാൽ അൽ ശൽഹൂബ് കുറ്റപ്പെടുത്തി. ഹജ്ജ് സമയത്ത് ചട്ടങ്ങൾ ലംഘിച്ച് തീർഥാടനത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചു. എല്ലാ നിലക്കും വഞ്ചനയാണ് അത്തരം ഏജൻസികൾ നടത്തിയത്. അതിൽ സഹോദര രാജ്യങ്ങളിലെ നിരവധി ടൂറിസം കമ്പനികൾ ഉൾപ്പെടും. ഹജ്ജ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അവർ സന്ദർശന വിസകൾ നൽകി. ഹജ്ജ് നിർവഹിക്കാൻ അനുവാദമില്ലാത്ത സന്ദർശന വിസകളിലാണ് അവരെ രാജ്യത്തെത്തിച്ചത്.
നിയന്ത്രണങ്ങൾ ലംഘിക്കാനും നിയമങ്ങൾ മറികടന്ന് ഹജ്ജ് ചെയ്യാനും അവർ ആളുകൾക്ക് സൗകര്യമൊരുക്കി. ഹജ്ജിനും രണ്ടു മാസം മുമ്പ് അവരെ മക്കയിലെത്തിക്കുകയും അവിടെ തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യഥാർഥത്തിൽ സന്ദർശന വിസയിലെത്തിയവർ ഹജ്ജിന് മുമ്പു തന്നെ മക്ക വിട്ടുപോകേണ്ടതായിരുന്നു. അതിനുള്ള കർശന നിർദേശം നൽകിയതുമാണ്. എന്നാൽ അതെല്ലാം ലംഘിക്കാൻ ആളുകളെ അവർ പ്രോത്സാഹിപ്പിച്ചു.
ചൂടുള്ള കാലാവസ്ഥയിലായിരുന്നു ഇത്തവണ ഹജ്ജ്. ഇങ്ങനെ അനധികൃതമായി മക്കയിൽ തങ്ങിയവർക്ക് ശരിയായ പാർപ്പിട, ഗതാഗത സൗകര്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ദുർഘടമായ പ്രദേശങ്ങളിൽ പ്രാകൃതമായ ഗതാഗത മാർഗങ്ങളാണ് ഈ ടൂറിസം കമ്പനികൾ നൽകിയത്. അത് വലിയ സുരക്ഷഭീഷണിയാണ് സൃഷ്ടിച്ചത്. അത്തരം ആളുകൾ വലിയ അരക്ഷിതാവസ്ഥയിലായി. അവർ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ടൂറിസം ഏജൻസികൾ ശ്രദ്ധിച്ചില്ല.
10 വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ് ഇത്തവണ ഹജ്ജ് വേളയിൽ അനുഭവപ്പെട്ടത്. കൊടും ചൂടിൽ മതിയായ സൗകര്യങ്ങളില്ലാതെ അരക്ഷിതാവസ്ഥയിൽ അനധികൃത തീർഥാടകർ ഏറെ പ്രയാസപ്പെട്ടു. ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. മരണം വരെയുണ്ടാകുന്ന സാഹചര്യമുണ്ടായി. ഇത്തരം ടൂറിസം കമ്പനികൾക്കെതിരെ കർശനനടപടികൾ സ്വീകരിക്കാനും ഈ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കൈക്കൊള്ളാനും ചില രാജ്യങ്ങൾ മുന്നോട്ടു വന്നതിനെ അഭിനന്ദിക്കുന്നെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
ഹജ്ജ് പെർമിറ്റ് എന്നത് രാജ്യത്തിന്റെ പ്രവേശന കവാടങ്ങൾക്കോ സുരക്ഷാ ചെക്ക് പോയിൻറുകൾക്കോ വേണ്ടിയുള്ള ഒരു ട്രാൻസിറ്റ് കാർഡ് മാത്രമല്ല. പകരം, തീർഥാടകരുടെ പ്രവേശനത്തിനും അവരുടെ സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും സഹായിക്കുന്ന ഒരു പ്രധാന മാർഗവും ഉപകരണവുമാണ്. ആവശ്യമായ പരിചരണവും സേവനങ്ങളും അവശ്യസമയത്ത് നൽകുന്നതിന് ഹജ്ജ് പെർമിറ്റ് ആവശ്യമാണ്. അതില്ലാത്ത നിയമലംഘകരിലേക്ക് എത്തുകയെന്നത് വെല്ലുവിളിയാണെന്നും അവർക്ക് സേവനമോ പരിചരണമോ നൽകുന്നതിന് തടസ്സമാണെന്നും വക്താവ് പറഞ്ഞു.
അനുമതിയില്ലാതെ ഹജ്ജിനെത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്ന മാധ്യമ ബോധവത്കരണ കാമ്പയിനുകളും ഹജ്ജ് വേളയിൽ ശക്തമാക്കിയിരുന്നു. വ്യാജ ഹജ്ജ് പ്രചാരണം പ്രോത്സാഹിപ്പിക്കുന്നവരെ ഹജ്ജ് സുരക്ഷസേന പിടികൂടിയത് അതത് സമയങ്ങളിൽ തുടർച്ചയായി പൊതുസമൂഹത്തെ അറിയിച്ചിരുന്നതാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. ഈ വർഷത്തെ ഹജ്ജ് സുരക്ഷപദ്ധതികൾ വിജയകരമായിരുന്നു. സൗദി ഭരണകൂടത്തിന്റെ നിർദേശങ്ങൾക്കനുസൃതമായും ആഭ്യന്തര മന്ത്രിയുടെയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാന്റെയും മേൽനോട്ടത്തിന് കീഴിലും വളരെ നേരത്തേ തന്നെ ഹജ്ജിനായുള്ള പ്രവർത്തനമാരംഭിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.