മക്കയില്‍ ഹാജിമാര്‍ക്ക് ആശ്വാസമായി തനിമയുടെ ഭക്ഷണവിതരണം
text_fieldsമക്ക: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ തീർഥാടകർക്ക് അവരുടെ താമസസ്ഥലങ്ങളിൽ തനിമ സന്നദ്ധ പ്രവർത്തകർ കഞ്ഞിയും മറ്റു ഭക്ഷണക്കിറ്റും വിതരണം ചെയ്ത് ആശ്വാസമായി. ഹജ്ജ് കഴിഞ്ഞെത്തി വിവിധ അസുഖബാധിതരും ക്ഷീണിതരുമായ ഹാജിമാർക്കും ഹറമിൽ പ്രാർഥന കഴിഞ്ഞ് തളർന്ന് മുറികളിലെത്തുന്ന ഹാജിമാർക്കും ആശ്വാസത്തിന്റെ തെളിനീരാവുകയാണ് കഞ്ഞിയും മറ്റു ആഹാരങ്ങളും. ഹജ്ജ് ദിനങ്ങൾ ഒഴികെയുള്ള ദിവസങ്ങളില്‍ ഹാജിമാർ സ്വയം ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാമഗ്രികളുമായാണ് എത്തിയിരിക്കുന്നത്. എന്നാല്‍ നമസ്കാരത്തിനും ഉംറക്കും ഹറമിൽ എത്തുന്ന ഹാജിമാർ രാത്രി വൈകിയാണ് റൂമുകളിൽ തിരിച്ചെത്താറുള്ളത്.
ഹറമിൽനിന്നും ബസുകളിൽ മടങ്ങിയെത്തുന്നവർക്ക് വേണ്ടി തനിമ പ്രവർത്തകർ രാത്രി വൈകിയും കഞ്ഞിയുമായി അവരുടെ താമസസ്ഥലത്ത് കാത്തുനിൽക്കും. അവശരായി എത്തുന്ന തീർഥാടകർക്ക് ഭക്ഷണക്കിറ്റുകൾ ലഭിക്കുമ്പോൾ അവരുടെ മനം നിറയും. പിന്നെ സ്നേഹത്തോടെ പുഞ്ചിരിയും പ്രാർഥനയും. തനിമ വളൻറിയർ ക്യാമ്പിൽെവച്ചാണ് നിത്യവും ജോലി കഴിഞ്ഞെത്തുന്ന തനിമ പ്രവർത്തകർ കഞ്ഞി പാചകം ചെയ്ത് പാക്കറ്റുകളിലാക്കുന്നത്.
പലരും കുടുംബത്തെയും കൂട്ടിയാണ് സേവന പ്രവർത്തനങ്ങൾക്ക് എത്തുന്നത്. ഇശാഅ് നമസ്കാരത്തോടെ വളൻറിയര്‍മാരുടെ വാഹനങ്ങളില്‍ ഹാജിമാരുടെ താമസകേന്ദ്രങ്ങളിലെത്തി കഞ്ഞി വിതരണം നടത്തുന്നു. വിതരണത്തിനായി പ്രവർത്തകരെ ഓരോ കെട്ടിടങ്ങളിലേക്കും നിശ്ചയിച്ചുകൊണ്ടുള്ള ചാർട്ട് കോഓഡിനേറ്റർ തയാറാകുന്നതനുസരിച്ചാണ് വിതരണം ക്രമീകരിക്കുന്നത്. മിനായിലും തനിമയുടെ കഞ്ഞിവെള്ളം, ജ്യൂസ് തുടങ്ങിയവയും ഹാജിമാർക്ക് വളൻറിയർമാർ വിതരണം നടത്തിയിരുന്നു.
ഇതിനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി വളൻറിയർമാർ ഹജ്ജ് ദിനങ്ങളിൽ മക്കയിലെത്തി ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചു. മക്കയിലെ നൂറോളം വരുന്ന തനിമ പ്രവർത്തകരാണ് ഹാജിമാർ മക്കയിലെത്തി തുടങ്ങിയത് മുതൽ ഭക്ഷണക്കിറ്റുകൾ വിതരണം നടത്തുന്നത്. ഹാജിമാർ മക്ക വിടുന്നത് വരെ വിതരണം തുടരും. സത്താർ തളിക്കുളത്തിെൻറ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ബുഷൈർ മഞ്ചേരി, അഫ്സൽ കള്ളിയത്ത് എന്നിവർ നേതൃത്വം നൽകിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.