മക്കയിൽ ജുമുഅക്കായി അണിനിരന്നവരിൽ ലക്ഷത്തോളം ഇന്ത്യൻ തീർഥാടകരും
text_fieldsമക്ക: ഹജ്ജിനു ശേഷമെത്തിയ രണ്ടാമത്തെ ജുമുഅയിലും പ്രാർഥനയിലും മക്കയിലെ മസ്ജിദുൽ ഹറാമിൽ അണിനിരന്ന വിശ്വാസികളിൽ ഒരു ലക്ഷത്തിലേറെ ഇന്ത്യൻ തീർഥാടകരും. ശക്തമായ ചൂട് അവഗണിച്ചാണ് 10 ലക്ഷത്തിലേറെ തീർഥാടകർ വെള്ളിയാഴ്ച മസ്ജിദുൽ ഹറാമിൽ ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാൻ സംഗമിച്ചത്. ഹജ്ജിനെത്തിയ ആകെ ഇന്ത്യൻ തീർഥാടകരിൽ ഒരു ലക്ഷത്തിലേറെ പേർ ഇപ്പോഴും മക്കയിൽ അവശേഷിക്കുന്നുണ്ട്. ഹജ്ജ് അവസാനിച്ചതോടെ 16,448 തീർഥാടകർ നാട്ടിലേക്ക് മടങ്ങിയിരുന്നു.
13,567 തീർഥാടകർ മദീനയിൽ സന്ദർശനത്തിലുമാണ്. ബാക്കിയുള്ള 1,08,632 തീർഥാടകരാണ് ഇപ്പോൾ മക്കയിലുള്ളത്. ഇവരിൽ ഭൂരിഭാഗം ഹാജിമാരും ജുമുഅയിൽ പങ്കെടുക്കാൻ ഹറമിലെത്തി. 45 ഡിഗ്രിക്ക് മുകളിലായിരുന്നു വെള്ളിയാഴ്ച മക്കയിലെയും പരിസരത്തെയും അന്തരീക്ഷ താപനില. പുലർച്ച മുതൽ തിരക്കൊഴിവാക്കാൻ ഹാജിമാർ ഹറമിലേക്ക് പുറപ്പെട്ടു. ഇതിനായി ഇന്ത്യൻ ഹാജിമാർക്ക് താമസകേന്ദ്രങ്ങളിൽനിന്നും പ്രത്യേക ബസ് സർവിസ് ഒരുക്കിയിരുന്നു.
തിരക്ക് പരിഗണിച്ച് രാവിലെ നേരത്തേ ബസ് സർവിസ് നിർത്തലാക്കിയിരുന്നു. അതുകൊണ്ടുതന്നെ നിരവധി ഹാജിമാർക്ക് ഹറമിലെത്താൻ കഴിഞ്ഞിരുന്നില്ല. ശക്തമായ ചൂടായതിനാൽ ജുമുഅ പ്രഭാഷണം 15 മിനിറ്റായി ചുരുക്കാൻ ഇമാമുമാർക്ക് നിർദേശമുണ്ടായിരുന്നു. ഇതിനാൽ വേഗത്തിൽ ജുമുഅ പ്രാർഥനയും പൂർത്തീകരിച്ച് ഹാജിമാർ പുറത്തിറങ്ങി. ശക്തമായ ചൂടിൽ ഹാജിമാർക്ക് തണലായി സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും വഴിനീളെയുണ്ടായിരുന്നു.
നാട്ടിൽനിന്നും വന്ന ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ഹാജിമാർക്ക് സഹായത്തിനെത്തി. 10,000ലേറെ മലയാളി ഹാജിമാരും ഹറമിലെത്തി പ്രാർഥനയിൽ പങ്കെടുത്തവരിലുണ്ട്. മലയാളി ഹാജിമാരുടെ മദീന സന്ദർശനം തുടരുകയാണ്. ജൂലൈ ഒന്നിന് പുലർച്ചയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കം ആരംഭിക്കുന്നത്. ആദ്യദിനം മദീനയിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കാണ് യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.