അറഫ സംഗമം തുടങ്ങി, തീർഥാടകർ മസ്ജിദ് നമീറയിൽ
text_fieldsജിദ്ദ: ഹജ്ജിെൻറ സുപ്രധാന കർമമായ അറഫ സംഗമം തുടങ്ങി. സമൂഹ അകലം പാലിക്കുന്നതടക്കമുള്ള കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച്, മനമുരുകിയ പ്രാർഥനകളോടെ വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് തീർഥാടകർ അറഫയിലെത്തിയത്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്വദേശികളും വിദേശികളുമായ 1,000ൽ പരം തീർഥാടകരാണ് ഇൗ വർഷം ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ സമ്മേളിക്കുന്നത്. മലയാളികളടക്കം ഏതാനും ഇന്ത്യക്കാരും സംഘത്തിലുണ്ട്.
60 ബസുകളിലായാണ് മിനയിൽനിന്ന് യാത്ര തിരിച്ചത്. ശരീര ഉഷ്മാവ് പരിശോധിച്ചശേഷം മിനായിലെ താമസ കേന്ദ്രങ്ങളിൽനിന്ന് ബസുകളിലേക്ക് തീർഥാടകരെ കയറ്റി. പതിവ് ഹജ്ജ് വേളയിലെ പോലെ ആൾതിരക്കില്ലാത്തതിനാലും റോഡുകൾ വിജനമായതിനാലും മിനയിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള അറഫ മൈതാനത്ത് വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് തീർഥാടകരെത്തിയത്.
തീർഥാടകരെയും വഹിച്ചുള്ള ബസുകളുടെ യാത്ര എളുപ്പമാക്കാൻ റോഡിലുടനീളം ട്രാഫിക്, സുരക്ഷ ഉദ്യോഗസ്ഥരും രംഗത്തുണ്ടായിരുന്നു. വിശാലമായ മസ്ജിദുന്നമീറയിലാണ് തീർഥാടകർ പ്രാർഥനാനിരതരായി കഴിഞ്ഞുകൂടുന്നത്. സമൂഹ അകലം പാലിച്ചുള്ള ഇരിപ്പിടമാണ് പള്ളിക്കകത്ത് മതകാര്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്.
ആരോഗ്യ നിരീക്ഷണത്തിനും സേവനത്തിനുമായി പ്രത്യേക സംഘങ്ങളും പള്ളിക്കുള്ളിലുണ്ട്. ദുഹ്ർ സമയത്ത് നടക്കുന്ന അറഫ പ്രസംഗത്തിനും നമസ്കാരത്തിനും മുതിർന്ന പണ്ഡിത സഭാംഗവും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല ബിൻ സുലൈമാൻ അൽമനീഅ് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.