ഹജ്ജ്; ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് പണം തിരിച്ചു നൽകും- മന്ത്രി നഖ്വി
text_fieldsജിദ്ദ: ഇത്തവണത്തെ വിദേശ തീർഥാടകർക്ക് ഹജ്ജിന് അനുവാദമില്ലാത്തതിനാൽ ഇന്ത്യയിൽ നിന്ന് തീർഥാടകരെ അയക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഇതുസംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദനുമായി നഖ്വി ഫോൺ സംഭാഷണം നടത്തി. ഹജ്ജിനായി അടച്ച പണം ചൊവ്വാഴ്ച മുതൽ തിരിച്ചുനൽകാനാരംഭിച്ചു. തീർഥാടകരുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കുകയെന്ന് മന്ത്രി അറിയിച്ചു.
ലോകത്താകമാനം കോവിഡ് രോഗം വ്യാപിച്ച സാഹചര്യത്തിൽ തീർഥാടകരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി സൗദി അറേബ്യ ഹജ്ജ് കാര്യത്തിൽ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നഖ്വി പറഞ്ഞു. 2,13,000 തീർഥാടകരാണ് ഈ വർഷം ഇന്ത്യയിൽനിന്നും ഹജ്ജ് അപേക്ഷകരായി ഉള്ളത്.
ഈ വർഷം 2300ഓളം സ്ത്രീകൾ മഹ്‌റം ഇല്ലാതെ ഹജ്ജിനായി അപേക്ഷിച്ചിരുന്നു. ഇവർക്ക് അടുത്ത വർഷം ഹജ്ജിന് നേരിട്ട് അവസരം നൽകും. ഇവരെക്കൂടാതെ പുതുതായി ഈ ഗണത്തിൽ അപേക്ഷിക്കുന്നവർക്കും അവസാരമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ വർഷം രണ്ട് ലക്ഷം തീർഥാടകരാണ് ഇന്ത്യയിൽ നിന്നും ഹജ്ജ് നിർവഹിച്ചത്. ഇവരിൽ പകുതി പേരും സ്ത്രീകളായിരുന്നെന്നും കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 3040 സ്ത്രീകൾ മഹ്‌റം ഇല്ലാതെ ഹജ്ജ് നിർവഹിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നും ഈ വർഷം ഹജ്ജിന് അപേക്ഷിച്ചവരെ അടുത്ത വർഷത്തെ ഹജ്ജിനായി നേരിട്ട് പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ മന്ത്രി കെ.ടി. ജലീൽ അറിയിച്ചിരുന്നു. അടുത്ത വർഷം പുതിയ അപേക്ഷ ക്ഷണിച്ചാൽ ഇപ്പോൾ തെരഞ്ഞെടുത്തവർക്ക് അവസരം നഷ്ടപ്പെട്ടേക്കാമെന്നതുകൊണ്ടാണ് ഇങ്ങനെയൊരു നിർദേശം വെച്ചതെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ എന്ത് നിലപാടാണ് സ്വീകരിച്ചിത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.