ഹജ്ജ് തീർഥാടകരെ പരിചരിച്ച് ശ്രദ്ധേയായി സൗദി ഡോക്ടർ; പ്രശംസയുമായി ആരോഗ്യമന്ത്രി
text_fieldsമക്ക: അതിരുകളില്ലാത്ത കാരുണ്യം പെയ്തിറങ്ങിയ ഹജ്ജ് വേളയിൽ പ്രായത്തെ മറന്നും തീർഥാടകരെ പരിചരിക്കാനിറങ്ങിയ വയോധികയായ സ്വദേശി ഡോക്ടർക്ക് സൗദി ആരോഗ്യ മന്ത്രിയുടെ പ്രശംസ. 'മദർ ഓഫ് ദ വളന്‍റിയർ' പദവി നൽകിയാണ് മന്ത്രി ഫഹദ് അൽജലാജിൽ ആദരവ് അർപ്പിച്ചത്. പ്രത്യേക അനുമോദന പത്രം സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് ആരോഗ്യപരിരക്ഷ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് മന്ത്രി 65 കാരിയായ വനിതാ ഡോക്ടറെ കണ്ടത്. ജോലിയിൽനിന്ന് വരമിച്ചിട്ടും സന്നദ്ധ പ്രവർത്തനത്തിന് എത്തിയതായിരുന്നു ഡോക്ടർ. അവരുടെ പ്രായം മറന്ന പരിശ്രമത്തേയും അർപ്പണ ബോധത്തേയും മന്ത്രി അഭിനന്ദിച്ചു.
ആയിരക്കണക്കിന് യുവ ആരോഗ്യ പ്രവർത്തകരാണ് ഹജ്ജ് തീർഥാടകർക്ക് സേവനം നൽകാൻ സന്നദ്ധരായി മുന്നോട്ട് വന്നത്. ഇവരുടെ പ്രവർത്തനങ്ങൾ ഹജ്ജിന്‍റെ സുഗമമായ നടത്തിപ്പിന് ഏറെ പ്രയോജനപ്പെട്ടിരുന്നു. ഹജ്ജ് വേളയിൽ ഇക്കാര്യങ്ങൾ നേരിട്ടറിയാൻ എത്തിയ മന്ത്രി ഏറെസമയം അവർക്കൊപ്പം ചെലവഴിക്കുകയും വിശേഷങ്ങൾ ആരായുകയും ചെയ്തിരുന്നു.
ഏത് മേഖലയിൽ ജോലിചെയ്യുന്നവരായാലും വിരമിക്കുക എന്നത് കേവലം ജോലിയിലെ ഔപചാരിക കർമം മാത്രമാണെന്നും തങ്ങൾ ചെയ്തിരുന്ന മേഖലയിലെ സന്നദ്ധ പ്രവർത്തനത്തിൽ നിന്നവർ വിരമിക്കുന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മറ്റുള്ളവർക്കായി സേവനം ചെയ്യുക എന്നത് ജീവിതത്തിൽ ഊർജം നിലനിർത്തുന്നതിനും സഹായകരമാകും -മന്ത്രി കൂട്ടിച്ചേർത്തു.
യുവാക്കൾക്കിടയിൽ 41 വയസ്സുള്ള സന്നദ്ധ പ്രവർത്തകയെ ഞാൻ കണ്ടിരുന്നു. എന്നാൽ 65 വയസ്സുള്ള സ്ത്രീ ഡോക്ടർ എന്‍റെ അതിശയത്തെ മറികടന്നിരിക്കുന്നു. അതുകൊണ്ടാണ് വളന്റിയർമാരുടെ 'മാതാവ്' എന്ന പദവി അവർക്കായി നൽകുന്നതെന്നും മന്ത്രി വിശദീകരിച്ചു.
സൗദി ഭരണകൂടത്തിന്‍റെ വിശാലവും പഴുതടച്ചുള്ളതുമായ ആസൂത്രണമാണ് ഇത്തവണത്തെ ഹജ്ജിനെ ശാന്ത സുന്ദരമായ അനുഭവമാക്കി മാറ്റിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം വിശാല സംവിധാനത്തിൽ നടന്ന ഹജ്ജ് കർമം വിജയിപ്പിക്കാൻ രാജ്യത്തെ സംവിധാനങ്ങൾ മുഴുവൻ ജാഗ്രതയോടെ നിലകൊണ്ടു. അതിനുമപ്പുറത്ത് മാറുന്ന സൗദിയുടെ പ്രത്യേക മുഖവും ഇത്തവണ ഹജ്ജിൽ പ്രകടമായിരുന്നു. അതിന്റെ തെളിവായിരുന്നു സ്വദേശി വനിതാ വളന്റിയർമാരുടെ സാന്നിദ്ധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.