ഹജ്ജ്: ലക്ഷത്തോളം തീർത്ഥാടകർക്ക് ചികിത്സ നൽകി ആരോഗ്യമന്ത്രാലയം
text_fieldsബുറൈദ: ഈ വർഷത്തെ ഹജ്ജ് വേളയിൽ ഒരു ലക്ഷത്തോളം തീർത്ഥാടകർക്ക് ചികിത്സ നൽകിയതായി സൗദി ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. മക്ക, മിന അറഫ, മുസ്‌ദലിഫ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലുമായി ഞായറാഴ്ച വരെ 97,262 തീർഥാടകർക്കാണ് മന്ത്രാലയം ആതുര സേവനം നൽകിയത്.
പുണ്യഭൂമിയിലെ വിവിധ സ്ഥലങ്ങളിലായി 23 ആശുപത്രിളും 147 ഹെൽത്ത് സെന്ററുകളുമാണ് സജ്ജീകരിച്ചിരുന്നത്. 4,654 കിടക്കകളും 1,080 ഐ.സി.യു സംവിധാനവും ക്രമീകരിച്ചിരുന്നു. ആരോഗ്യവിദഗ്ധരടക്കം 25,000 ജീവനക്കാരെയാണ് ഇക്കൊല്ലത്തെ തീർത്ഥാടക സേവനങ്ങൾക്കായി മന്ത്രാലയം നിയോഗിച്ചത്. രാജ്യത്ത് എത്തുന്ന ഹജ്ജ്, ഉംറ തീർഥാടകർക്ക് പ്രത്യേക കരുതൽ നൽകുന്ന ഭരണകൂട പദ്ധതിയുടെ ഭാഗമായി മതകാര്യ മന്ത്രാലയവും ഹാജിമാരുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.
മക്ക കേന്ദ്ര ആസ്ഥാനമാക്കിയാണ് പുണ്യസ്ഥലങ്ങളിലെ ആരോഗ്യപ്രവർത്തനങ്ങൾക്ക് മന്ത്രാലയം നേതൃത്വം നൽകിയത്. രോഗനിർണയം, ചികിത്സ, പ്രതിരോധ സംവിധാനങ്ങൾ എന്നിവക്ക് മുൻഗണന നൽകുന്ന ആരോഗ്യ പദ്ധതിയാണ് തീർഥാടകർക്കായി മന്ത്രാലയം ആവിഷ്കരിച്ചത്. രോഗബാധിതരായ ബധിര, മൂക തീർഥാടകരുമായി ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനവും ഇത്തവണ മന്ത്രാലയം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.