ഹജ്ജ് 2022: മിനയിൽ ഒരുക്കം പുരോഗമിക്കുന്നു
text_fieldsമക്ക: ഈവർഷത്തെ ഹജ്ജ് കർമങ്ങൾക്കായി ഒരുക്കം പുരോഗമിക്കുന്നു. ഹാജിമാര് കൂടുതൽ സമയം ചെലവഴിക്കുന്ന പുണ്യനഗരമായ മിനയിൽ തീർഥാടകരെ പാർപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങളുടെ അറ്റകുറ്റപ്പണികൾ തകൃതിയായി നടക്കുകയാണ്. ആഭ്യന്തര തീർഥാടകരെ പാർപ്പിക്കാൻ ഈ വർഷം മൂന്ന് തരം ക്യാമ്പുകളാണ് ഒരുക്കുന്നതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ചൂണ്ടിക്കാട്ടി. ആദ്യത്തെ വിഭാഗം മിന ടവറുകൾ ഉൾക്കൊള്ളുന്നതും രണ്ടാമത്തെ വിഭാഗത്തിന് കെദാൻ കമ്പനി വികസിപ്പിച്ച ടെന്റുകളും മൂന്നാമത്തെ വിഭാഗത്തിന് അതിഥികൾക്കായി ഒരുക്കിയ മറ്റ് ടെന്റുകളുമായിരിക്കുമെന്ന് ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.
പുണ്യസ്ഥലങ്ങൾക്ക് പുറത്തുള്ള തീർഥാടകരുടെ താമസത്തിനായി ആവശ്യമെങ്കിൽ നാലാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തി താമസ സൗകര്യം ഒരുക്കാൻ മന്ത്രാലയം ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. 'ഹോസ്പിറ്റാലിറ്റി പ്ലസ്' പാക്കേജ് എന്ന് പേരിട്ടിരിക്കുന്ന ഈ വിഭാഗത്തിലെ തീർഥാടകർക്ക് മക്കയിലെ ലൈസൻസുള്ള കെട്ടിടങ്ങളിൽ വീട് അനുവദിക്കും. 2.5 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വികസിപ്പിച്ച ടെന്റിൽ പരമാവധി ആറ് തീർഥാടകർക്ക് സൗകര്യം ഒരുക്കാമെന്നും 1.6 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അവികസിത ടെന്റിൽ ശരാശരി തീർഥാടകരുടെ എണ്ണം 10 ആയിരിക്കുമെന്നും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം ഹജ്ജ് ചെയ്യാൻ അനുവദിക്കുന്ന ഒരു ദശലക്ഷം തീർഥാടകരിൽ 8,50,000 (85 ശതമാനം) പേർ വിദേശത്തുനിന്നുള്ളവരാണ്. ആഭ്യന്തര തീർഥാടകർ 15 ശതമാനം മാത്രമായിരിക്കും. ഏകദേശം 1,0,000 തീർഥാടകർ.
ഇരുപത്തിയഞ്ചുലക്ഷത്തിലധികം തീർഥാടകർക്ക് താമസിക്കാൻ 1,60,000 ത്തോളം തമ്പുകൾ ഇപ്പോൾ മിനയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. താമസക്കാർക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങൾ അടക്കം എല്ലാ സംവിധാനങ്ങളും തമ്പുകളിൽ ഒരുക്കിയിട്ടുണ്ട്. ശീതീകരണയന്ത്രങ്ങളും തമ്പുകളിൽ സ്ഥാപിച്ചിട്ടുണ്ട്. അഗ്നിശമനത്തിനായി ആധുനികരീതിയിലുള്ള സജ്ജീകരണങ്ങളും വിശാലമായ റോഡുകളും മെട്രോ ട്രെയിൻ സർവിസും തണലിട്ട നടപ്പാതകളുമെല്ലാം ഭരണകൂടം മിനയിലൊരുക്കിയിട്ടുണ്ട്. പരമ്പരാഗത രൂപത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് തീർഥാടകർക്ക് താമസിക്കാൻ മിനയിൽ തമ്പുകൾ സജ്ജീകരിച്ചിട്ടുള്ളത്. 1997ൽ മിനയിലുണ്ടായ തീപിടിത്തത്തിന് ശേഷമാണ് നിലവിലുള്ള ടെന്റുകൾ സ്ഥാപിച്ചത്. കാറ്റിൽ ചെരിഞ്ഞ് വീഴാത്തതും അകത്തേക്ക് മഴത്തുള്ളികൾ പതിക്കാത്ത രീതിയിലുമാണ് പ്രത്യേകം രൂപകൽപന ചെയ്ത കനം കുറഞ്ഞ ടെന്റുകളുടെ പണി പൂർത്തിയാക്കിയിട്ടുള്ളത്.
ഹജ്ജ്, ഉംറ തീർഥാടകർക്ക് വഴികാട്ടിയായി റോബോട്ടുകൾ
ജിദ്ദ: മക്ക ഹറമിൽ തീർഥാടകർക്ക് മാർഗ നിർദേശങ്ങൾ നൽകാൻ റോബോട്ട് ഉപകരണങ്ങളും. ആധുനിക സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇൻറലിജൻസും പ്രയോജനപ്പെടുത്തി ഇരുഹറം കാര്യാലയത്തിനു കീഴിലെ ഗൈഡൻസ് വകുപ്പാണ് ഇവ ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം മികച്ചതാക്കുക ലക്ഷ്യമിട്ടാണിത്. ആധുനിക സാങ്കേതിക വിദ്യയുടെയും ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും നേട്ടങ്ങൾ പ്രയോജനപ്പെടുത്തി ഹറമിലെ സേവനങ്ങൾ വലിയ വികസനത്തിനാണ് അടുത്തിടെ സാക്ഷ്യം വഹിച്ചത്.
തീർഥാടകർക്ക് മാർഗനിർദേശകരായാണ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ചോദ്യകർത്താക്കൾക്ക് ഉത്തരം നൽകുന്നു. വിവിധ ഭാഷകളിലേക്ക് ഒരേസമയം വിവർത്തനം ചെയ്യാനുള്ള സംവിധാനവുമുണ്ട്. വിദൂര സംവിധാനത്തിൽ പണ്ഡിതന്മാരുമായി ആശയവിനിമയം നടത്താനും സാധിക്കും. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, പേർഷ്യൻ, ടർക്കിഷ്, മലായ്, ഉർദു, ചൈനീസ്, ബംഗാളി, ഹൗസ എന്നീ 11 ഭാഷകൾ റോബോട്ടുകൾ സ്വീകരിക്കും. നാല് ചക്രങ്ങളുള്ളതിനാൽ വേഗത്തിൽ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് നീക്കാൻ സാധിക്കും. ചിത്രം കൈമാറുന്നതിന് ഉയർന്ന റെസലൂഷനുള്ള കാമറ സംവിധാനമുണ്ട്. ഉയർന്ന നിലവാരമുള്ള ഹെഡ്ഫോണുകൾ, മൈക്രോഫോൺ എന്നിവയുണ്ട്. അഞ്ച് ജിഗാഹെർട്സ് വേഗതയിൽ വൈഫൈ വയർലെസ് നെറ്റ്വർക്ക് സംവിധാനത്തിലാണ് റോബോട്ട് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.