സംസം റെഡി, വിതരണത്തിന് 330 മില്ലി ലിറ്റർ ബോട്ടിലുകൾ
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകർക്ക് സംസം വിതരണത്തിനുള്ള പദ്ധതി തയാറാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലുള്ള സംസം കമ്പനി അറിയിച്ചു. തീർഥാടകർ മക്കയിലെത്തി തിരിച്ചു പോകുന്നതുവരെ സംസം വിതരണം നടത്തുന്നതിനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
330 മില്ലീ ലിറ്റർ ബോട്ടിലുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. നേരത്തെ താമസസ്ഥലങ്ങളിൽ 20 ലിറ്റർ കാനുകളായിരുന്നു വിതരണം ചെയ്തിരുന്നത്. അത് നിർത്തലാക്കിയിട്ടുണ്ട്. തീർഥാടകർക്ക് എടുക്കാനും കുടിക്കാനും സൗകര്യത്തിലുള്ള ബോട്ടിലുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ജിദ്ദ-മക്ക, മദീന-മക്ക റോഡുകളിലെ പ്രവേശന കവാടങ്ങളിലെ മാർഗനിർദേശ കേന്ദ്രങ്ങളിൽ തീർഥാടകരെത്തുമ്പോൾ സംസം വിതരണം ചെയ്യും. ശീതീകരിച്ച രണ്ട് ബോട്ടിലുകളാണ് വിതരണം ചെയ്യുക. സംസം ശീതീകരിക്കാനും സൂക്ഷിക്കാനും പ്രത്യേക റൂമുകളുണ്ട്. ദുൽഹജ്ജ് ഒമ്പത് വരെ ഈ കേന്ദ്രങ്ങളിലൂടെ സംസം വിതരണം ഉണ്ടായിരിക്കും.
വിതരണത്തിന് 150 പേരും മേൽനോട്ടത്തിന് 25 പേരും രംഗത്തുണ്ടാകും. തീർഥാടകർ എത്തിയതു മുതൽ തിരിച്ചു പോകുന്നതു വരെ താമസ കേന്ദ്രങ്ങളിൽ 330 മില്ലി ലിറ്ററിലെ മൂന്ന് ബോട്ടിലുകൾ വിതരണം ചെയ്യാനുള്ള പദ്ധതിയും ഒരുക്കിയിട്ടുണ്ടെന്ന് സംസം കമ്പനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.