കാത്തിരിപ്പിന് വിരാമം; ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള മലയാളി തീർഥാടകരുടെ ആദ്യ സംഘം ഇന്ന് പുണ്യഭൂമിയിൽ
text_fieldsമക്ക: സംസ്ഥാന ഹജ്ജ്കമ്മിറ്റിക്കു കീഴിലുള്ള തീർഥാടകരുടെ ആദ്യ സംഘം ഇന്ന് മക്കയിലെത്തും. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്പര്‍ വിമാനത്തില്‍ 86 പുരുഷന്മാരും 80 വനിതകളുമടക്കം 166 തീര്‍ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിലെത്തുക. കരിപ്പൂരിൽനിന്ന് അർധരാത്രി 12.05ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.50 ന് ജിദ്ദയിലെത്തും. ഇവരെ പിന്നീട് ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കുന്ന ബസ് മാർഗം മക്കയിലെത്തിക്കും. യാത്ര ചെയ്തെത്തുന്ന തീർഥാടകർക്ക് കഴിക്കാനുള്ള ഭക്ഷണം ഹജ്ജ് സർവീസ് കമ്പനികൾ വിതരണം ചെയ്യും. കൂടാതെ വിവിധ സന്നദ്ധ പ്രവർത്തകരും കഞ്ഞി, ജ്യൂസ് തുടങ്ങിയ ഭക്ഷണങ്ങൾ ഹാജിമാർക്കിടയിൽ വിതരണം ചെയ്യും. ഹാജിമാരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിലും മക്കയിലും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. മക്കയിലെ അസീസിയിലാണ് ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ആദ്യമെത്തുന്ന മലയാളി തീർഥാടകരെ സ്വീകരിക്കാനായി വിവിധ സന്നദ്ധ സംഘടന പ്രവർത്തകരും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ജിദ്ദ വിമാനത്താവളത്തിലും മക്കയിലെ താമസ സ്ഥലങ്ങളിലും പ്രത്യേകം സ്വീകരണം തീർഥാടകർക്ക് ലഭിക്കും.
കരിപ്പൂരിൽനിന്നും ഇന്ന് മൂന്നു ഹജ്ജ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. പുലർച്ചെ 12.05 ന് പുറപ്പെടുന്ന വിമാനത്തിന് പുറമെ രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും ഓരോ വിമാനങ്ങളുണ്ട്. കരിപ്പൂരിൽനിന്നുള്ള 10,430 തീർഥാടകരെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ജിദ്ദയിലെത്തിക്കുക. ജൂണ്‍ ഒമ്പതു വരെ 59 വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് തീര്‍ഥാടകർക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ എട്ടിന് നാലു വിമാനങ്ങളും ഒമ്പതിന് ഒരു വിമാനവും മറ്റു ദിവസങ്ങളില്‍ മൂന്നു വിമാനങ്ങള്‍ വീതവുമാണ് സർവിസ് നടത്തുക.
കൊച്ചിയില്‍നിന്ന് 4,273, കണ്ണൂരില്‍ നിന്ന് 3,135 തീര്‍ഥാടകർ സൗദി എയർലൈൻസ് വഴിയും ജിദ്ദയിലെത്തും. മേയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നു യാത്ര തുടങ്ങും. മറ്റു സംസ്ഥാനത്തു നിന്നും 45 തീർഥാടകരും കേരളത്തിൽനിന്നും യാത്ര തിരിക്കുന്നുണ്ട്. സ്വകാര്യ ഗ്രൂപ്പുകളിൽ ഹജ്ജിനെത്തുന്ന മലയാളി തീർഥാടകർ നേരത്തെ തന്നെ മക്കയിലെത്തിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം തീർഥാടകരും ഹജ്ജിനുമുമ്പ് മദീന സന്ദർശനം പൂർത്തിയാക്കും. ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർഥാടകർ ഹജ്ജിനു ശേഷമാണ് മദീന സന്ദർശനം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.