ആത്മീയസായൂജ്യം നേടി സൗദി അറേബ്യക്ക് നന്ദിയോതി ഇനി മടക്കം
text_fieldsമക്ക: ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കിയ സായൂജ്യത്തോടെ സൗദി അറേബ്യക്ക് നന്ദിയോതി ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. പുണ്യഭൂമിയിലെത്തി സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷത്തിൽ സുഗമമായും സമാധാനത്തോടെയും ഹജ്ജ് നിർവഹിക്കാനായ ആത്മനിർവൃതിയിലാണ് തീർഥാടകർ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്. രാജ്യത്തെ പ്രവേശന കവാടങ്ങൾ മടക്കയാത്രയുടെ തിരക്കിലമർന്നു. യാത്രാനടപടികൾ എളുപ്പമാക്കാൻ പതിവുപോലെ കര, കടൽ, വ്യാമ കവാടങ്ങളിൽ വിപുല സൗകര്യങ്ങളാണ് പാസ്പോർട്ട് ഡയറക്ടറേറ്റും (ജവാസത്) അനുബന്ധ വകുപ്പുകളും ഒരുക്കിയിരിക്കുന്നത്.
വിവിധ ഭാഷകളിൽ പ്രാവീണ്യം നേടിയ നിരവധി ഉദ്യോഗസ്ഥരെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കരമാർഗമുള്ള അതിർത്തി കവാടങ്ങളിലും തീർഥാടകരുടെ മടക്കത്തിനായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയെന്നും യാത്ര സുഗമമാക്കാനും എല്ലാം സജ്ജമാണെന്നും ജവാസത് അധികൃതർ വ്യക്തമാക്കി. ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നതിനും ആധുനിക സുരക്ഷാ സംവിധാനങ്ങളുടെ പിന്തുണയോടെ മുഴുവൻ മനുഷ്യശേഷിയും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയതായും അധികൃതർ പറഞ്ഞു.
സൗദിയിലെത്തിയത് മുതൽ തിരിച്ചുപോകുന്നതുവരെ എല്ലാ തലങ്ങളിലും അനുഭവിച്ച സൗകര്യങ്ങൾക്കും സേവനങ്ങൾക്കും ഉദ്യോഗസ്ഥരുടെ മാനുഷികവും ഉദാരവുമായ പെരുമാറ്റത്തിനും സൗദിയോടുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിച്ചാണ് പുണ്യഭൂമിയോട് തീർഥാടകർ വിടപറയുന്നത്. വിദേശരാജ്യങ്ങളിലും സൗദിക്കുള്ളിലും നിന്ന് ആകെ 18,33,164 തീർഥാടകരാണ് ഇത്തവണ ഹജ്ജിനെത്തിയത്. ഇതിൽ വിദേശ തീർഥാടകരുടെ എണ്ണം 16,11,130 ആണ്. ഇവരിൽ 15,46,345 തീർഥാടകർ വിമാനമാർഗമാണ് പുണ്യഭൂമിയിലെത്തിയത്. ബഹുഭൂരിപക്ഷം വിദേശ തീർഥാടകരും ജിദ്ദ, മദീന വിമാനത്താവളം വഴിയാണ് എത്തിയത്. ഹജ്ജ് കഴിഞ്ഞ് ഇതര ഗൾഫ് രാജ്യങ്ങളിലെയും മറ്റ് അയൽ രാജ്യങ്ങളിലെയും തീർഥാടകർ ചൊവ്വാഴ്ച മുതൽ മടക്കയാത്ര ആരംഭിച്ചു. ജിദ്ദ വിമാനത്താവളം വഴി ഔദ്യോഗിക ഹജ്ജ് വിമാനങ്ങളിൽ തീർഥാടകരുടെ മടക്കയാത്ര വ്യാഴാഴ്ച പുലർച്ച ആരംഭിച്ചു. 3,820 വിമാനങ്ങളിലായി 10 ലക്ഷം തീർഥാടകർ ജിദ്ദ വിമാനത്താവളം വഴി സ്വദേശങ്ങളിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്.
വരുംദിവസങ്ങളിൽ മടക്കയാത്ര അതിന്റെ മൂർധന്യത്തിലെത്തും. മുഹർറം 15 വരെ തീർഥാടകരുടെ മടക്കയാത്ര തുടരും. വിമാനത്താവളത്തിലെ തിരക്ക് കുറക്കാൻ തീർഥാടകരെ എത്തിക്കുന്നതിനുള്ള സമയക്രമം പാലിക്കണമെന്നും ടിക്കറ്റ് ബുക്കിങ് ഉറപ്പുവരുത്തണമെന്നും ഹജ്ജ് സർവിസ് ഏജൻസികളോട് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയും (ഗാക) ഹജ്ജ് മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തീർഥാടകരെ നിശ്ചിത ഷെഡ്യൂൾ അനുസരിച്ച് സ്വദേശങ്ങളിലേക്ക് അയക്കാനുള്ള തിരക്കിലാണ് അതത് രാജ്യങ്ങളുടെ ഹജ്ജ് മിഷനുകളും സർവിസ് ഏജൻസികളും.
രാജ്യത്തെ മുഴുവൻ പ്രവേശന കവാടങ്ങളിലും മടക്കയാത്രക്ക് എത്തുന്ന എല്ലാ തീർഥാടകർക്കും സൽമാൻ രാജാവിന്റെ സമ്മാനമായി ഖുർആൻ കോപ്പികൾ വിതരണം ചെയ്യുന്നുണ്ട്. ഇതിനായി നിരവധി പേരെയാണ് മതകാര്യ വകുപ്പ് കവാടങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. നേരത്തെ മദീന സന്ദർശം പൂർത്തിയാക്കാത്തവർ ഹജ്ജ് കഴിഞ്ഞതോടെ അതിനുള്ള പുറപ്പാടിലാണ്. മക്കയിൽനിന്ന് അവർ മദീനയിലേക്ക് പുറപ്പെട്ടുതുടങ്ങി. മസ്ജിദുന്നബവിയും റൗദാ ശരീഫും ഖുബാഅ് മസ്ജിദും ഇതര ചരിത്രസ്ഥലങ്ങളും സന്ദർശിച്ച ശേഷമായിരിക്കും അവർ സ്വദേശങ്ങളിലേക്ക് തിരിക്കുക. ചില രാജ്യങ്ങളിലെ തീർഥാടകരുടെ മടക്കയാത്ര മദീന വിമാനത്താവളം വഴിയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.