ഹജ്ജ്; 8,000 പരാതികളിൽ 90 ശതമാനവും പരിഹരിച്ചു -ഹജ്ജ് മന്ത്രാലയം
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് കാലത്ത് ലഭിച്ച 8,000 പരാതികളിലും 501 സഹായ അഭ്യർഥനകളിലും 90 ശതമാനവും പരിഹരിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മൂന്ന് ശതമാനം പരാതികൾ എന്നന്നേക്കുമായി പരിഹരിച്ചു. ഏഴ് ശതമാനം പരാതിയിന്മേൽ പരിഹാര നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മോശം താമസ സേവനങ്ങൾ, വൈദ്യുതി തടസ്സങ്ങൾ, കേറ്ററിങ് സേവനങ്ങളിലെ കാലതാമസം, ജലവിതരണത്തിലെ അപാകത, ഗൈഡുകളുടെ അഭാവം, മോശം ഗതാഗതം, കേറ്ററിങ് സേവനങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചാണ് കൂടുതൽ പരാതികളുണ്ടായതെന്ന് ഈ സീസണിലെ വിദേശ ഹജ്ജ് തീർഥാടകർക്ക് നൽകിയ സേവന പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ട് വ്യക്തമാക്കുന്നു.
മേൽനോട്ട, നിരീക്ഷണ ടീമുകൾ 47,000 ഫീൽഡ് സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ 26,000 സന്ദർശനങ്ങൾ മക്കയിലും 6,000 ജിദ്ദയിലും 15,000 മദീനയിലുമാണ്. 10,000 ലംഘനങ്ങൾ നിരീക്ഷിച്ചു. അതിൽ 75 ശതമാനം പ്രവർത്തന മേഖലയിലെ ലംഘനങ്ങളും 25 ശതമാനം സേവന ലംഘനങ്ങളുമാണ്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 15 ശതമാനം രേഖപ്പെടുത്തിയത് മക്കയിലാണ്. ജിദ്ദയിൽ നാല് ശതമാനവും മദീനയിൽ മൂന്ന് ശതമാനവുമാണ്.
ഹജ്ജ് സേവനങ്ങളിൽ തീർഥാടകർ രേഖപ്പെടുത്തിയ ശതമാന കണക്കും റിപ്പോർട്ടിലുണ്ട്. ജിബൂട്ടി, തജികിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർ 97 ശതമാനം രേഖപ്പെടുത്തി.
ലെബനാൻ, ചൈന, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് 96 ശതമാനം സംതൃപ്തിയുണ്ടായി. സുഡാനിൽ നിന്നുള്ള തീർഥാടകർ 95 ശതമാനവും ഉസ്ബകിസ്താനിൽനിന്നുള്ള തീർഥാടകർ 94 ശതമാനവും ഇറാൻ തീർഥാടകർ 91 ശതമാനവും ഈജിപ്ഷ്യൻ തീർഥാടകർ 89 ശതമാനവും ഇറ്റാലിയൻ തീർഥാടകർ 81 ശതമാനവുമാണ് തൃപ്തി രേഖപ്പെടുത്തിയത്. 12 കമ്പനികൾ 80 ശതമാനം മുതൽ 95 ശതമാനം വരെയും 10 കമ്പനികൾ 69 ശതമാനം മുതൽ 78 ശതമാനം പ്രവർത്തന മികവ് കാഴ്ചവെച്ചതായും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.