ഹജ്ജ്; മക്കയിലെ പുണ്യസ്ഥലങ്ങളിൽറോഡുകളുടെ ടാറിങ്ങിന് നൂതന ഉപകരണങ്ങൾ
text_fieldsമക്ക: മിന, അറഫ, മുസ്ദലിഫ പുണ്യ സ്ഥലങ്ങളിലെ റോഡുകളുടെ ടാറിങിന് നൂതന ഉപകരണങ്ങളുമായി സൗദി റോഡ്സ് അതോറിറ്റി. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി ‘അസ്ഫാൽറ്റ് റീസൈക്ലിങ്’ ഉൾപ്പെടെ നൂതന ഉപകരണങ്ങളാണ് ടാറിങിനായി അതോറിറ്റി ഉപയോഗിക്കുന്നത്. ആദ്യമായാണ് പുണ്യസ്ഥലങ്ങളിലെ റോഡ് പണിക്കായി ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത്. പുണ്യസ്ഥലങ്ങളിലേക്കുള്ള റോഡുകൾ ചുരണ്ടാനും ടാറിങ് ചെയ്യാനും ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി റോഡ്സ് അതോറിറ്റി അറിയിച്ചു.
റോഡ് മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും റോഡിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഒരേ സ്ഥലത്ത് ടാർ ചുരണ്ടുന്നതിനും റീസൈക്കിൾ ചെയ്യുന്നതിനും നടപ്പാതകൾ സ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ പ്രവർത്തിക്കുന്നതായി റോഡ്സ് അതോറിറ്റി വിശദീകരിച്ചു. ചൂടിനുപകരം ടാർ കൈകാര്യം (ട്രീറ്റ്) ചെയ്യുന്നത് വെള്ളം ഉപയോഗിച്ചാണ്. ഇത് ഊർജ്ജ ഉപഭോഗത്തിന്റെ 23 ശതമാനം ലാഭിക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡ് ഉദ്വമനം കുറക്കാനും കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണം, കാർബൺ ബഹിർഗമനം കുറക്കുക, പ്രകൃതി വിഭവങ്ങൾ നിലനിർത്തുക, ചെലവ് കുറക്കുക, സമയവും പ്രയത്നവും ലാഭിക്കുക, റോഡ് സുരക്ഷയുടെ നിലവാരം ഉയർത്തുക, റോഡ് റിപ്പയറിങ് പ്രക്രിയ വേഗത്തിലാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഉപകരണങ്ങൾ നാല് ഘട്ടങ്ങളിലായാണ് പ്രവർത്തിക്കുന്നതെന്ന് അതോറിറ്റി സൂചിപ്പിച്ചു. ആദ്യ ഘട്ടത്തിൽ 5-10 സെന്റിമീറ്റർ കട്ടിയുളള റോഡിലെ ടാറിങിന്റെ മുകളിലെ പാളി ചുരണ്ടുന്നു. രണ്ടാം ഘട്ടത്തിൽ റീസൈക്കിൾ ചെയ്യുന്നതിനായി ചുരണ്ടിയ ടാറ് മറ്റു വസ്തുക്കളുമായി കലർത്തുന്നു. മൂന്നാം ഘട്ടത്തിൽ റോഡുകൾ നിരപ്പാക്കാൻ റീസൈക്കിൾ ചെയ്ത ടാർ വീണ്ടും റോഡിലിടുന്നു. നാലാം ഘട്ടത്തിൽ റോഡിലിട്ട ടാർ ഒതുക്കുകയും റോഡ് നിരപ്പാക്കി ഗതാഗത സജ്ജമാക്കുകയും ചെയ്യുന്നുവെന്നും അതോറിറ്റി പറഞ്ഞു.
റോഡ് മേഖലയുടെ തന്ത്രം കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന ഏറ്റവും പുതിയ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഉപയോഗം വിപുലീകരിക്കാനാണ് റോഡ്സ് അതോറിറ്റി പ്രവർത്തിക്കുന്നത്. റോഡുകളുടെ സുരക്ഷയിലും ഗുണനിലവാരത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്തെ റോഡ് ഗുണനിലവാര സൂചികയെ ലോകത്തിലെ ആറാമത്തെ സൂചികയിലേക്ക് ഉയർത്താനും 2030ഓടെ മരണസംഖ്യ 1,00,000 പേർക്ക് അഞ്ച് കേസുകളിൽ താഴെയായി കുറക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും സൗദി റോഡ്സ് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.