ഹജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും കോവാക്‌സിൻ എടുത്ത് സൗദിയിൽ പ്രവേശിക്കാം
text_fieldsജിദ്ദ: സൗദിയിൽ അംഗീകരിച്ച കോവിഡ് വാക്സിനുകൾക്ക് പുറമെ കോവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശക വിസയിലും വരുന്നതിന് തടസ്സമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവാക്‌സിൻ, സിനോഫാം, സിനോവാക്, സ്പുട്‌നിക് വാക്സിനുകൾ എടുത്തവർക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. ഇവയിലേതെങ്കിലും വാക്സിൻ കുത്തിവെപ്പെടുത്തവരുടെ ആരോഗ്യ ഇമ്മ്യൂൺ സ്റ്റാറ്റസ് മാനദണ്ഡങ്ങളുടെ നിർവചനം പരിഷ്‌കരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവാക്‌സിൻ, സിനോഫാം, സിനോവാക് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസുകളും പൂർത്തിയാക്കി വരുന്നവർക്ക് ഡിസംബർ ഒന്ന് മുതലും സ്പുട്‌നിക് വാക്സിൻ രണ്ട് ഡോസുകൾ പൂർത്തിയാക്കിയവർക്ക് 2022 ജനുവരി ഒന്ന് മുതലും രാജ്യത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇങ്ങിനെ സൗദിയിലേക്ക് പ്രവേശിക്കുന്നവർ രാജ്യത്തെത്തി 48 മണിക്കൂറിനു ശേഷം പി.സി.ആർ കോവിഡ് പരിശോധന നടത്തിയിരിക്കണം.
ഒപ്പം ഇവർ മൂന്ന് ദിവസം ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയംഅറിയിച്ചു. സൗദി അറേബ്യ അംഗീകരിച്ച ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആൻഡ് ജോൺസൻ കമ്പനിയുടെ ജാൻസൻ എന്നീ വാക്‌സിനുകളിൽ ഏതെങ്കിലും കുത്തിവെപ്പെടുത്തവർക്ക് മാത്രമായിരുന്നു നേരത്തെ ഹജ്, ഉംറ തീർഥാടനത്തിന് അനുമതി നൽകിയിരുന്നത്. പുതിയ വാക്സിനുകൾക്ക് കൂടി ഈ കൂട്ടത്തിൽ അനുമതി നൽകിയത് ഇന്ത്യയിൽ നിന്നടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് ആശ്വാസമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.