ഹജ്ജ്, ഉംറ ചട്ടങ്ങൾ ലംഘിച്ചു; ഈജിപ്തിൽ 27 കമ്പനികൾ അടച്ചുപൂട്ടി
text_fieldsറിയാദ്: ഹജ്ജ്, ഉംറ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഈജിപ്തിൽ 27 തീർഥാടക സേവന കമ്പനികൾ അടച്ചുപൂട്ടി. ലൈസൻസ് ലഭിക്കാതെ ഉംറ, ഹജ്ജ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിയമവിരുദ്ധ സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈജിപ്ഷ്യൻ ടൂറിസം ആൻഡ് പുരാവസ്തു മന്ത്രാലയത്തിന്റേതാണ് നടപടി.
ആവശ്യമായ ലൈസൻസുകൾ ലഭിക്കാതെ ഹജ്ജ്, ഉംറ പ്രവർത്തനങ്ങൾ നടത്തിയിരുന്ന 12 നിയമവിരുദ്ധ സ്ഥാപനങ്ങൾ മനൂഫിയ ഗവർണറേറ്റിൽ അടച്ചുപൂട്ടിയതായി മന്ത്രാലയത്തിലെ കേന്ദ്ര ടൂറിസം കമ്പനികളുടെ മേധാവി സാമിയ സാമി പറഞ്ഞു.
ടൂറിസം വകുപ്പിന്റെയും സുരക്ഷവിഭാഗത്തിന്റെയും സഹകരണത്തോടെയാണ് അടച്ചുപൂട്ടൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ടൂറിസം, പുരാവസ്തുമന്ത്രി ശരീഫ് ഫാത്തിയുടെ നിർദേശാടിസ്ഥാനത്തിൽ ഉംറ, ഹജ്ജ് ഏജൻസികളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സമിതികളെ അയച്ചുകൊണ്ട് കേന്ദ്ര ഭരണകൂടം സമീപകാലത്ത് ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
നിയമം ലംഘിച്ച് ഉംറ, ഹജ്ജ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന പരസ്യങ്ങൾ നിരീക്ഷിക്കാൻ നിരവധി സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാനും നിർദേശമുണ്ടെന്നും സാമിയ സാമി സൂചിപ്പിച്ചു. ഹജ്ജ്, ഉംറ യാത്രകൾ സംബന്ധിച്ച വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ 36 ടൂറിസം കമ്പനികളുടെ ലൈസൻസ് റദ്ദാക്കാൻ വകുപ്പ് തീരുമാനിച്ചിരുന്നു.
ഹജ്ജിന് അനുവാദമില്ലാത്ത വിസിറ്റ് വിസയിലൂടെയും മറ്റും നിയമം ലംഘിച്ച് ഹജ്ജ് കർമങ്ങൾ നടത്താൻ ഈ കമ്പനികൾ പൗരന്മാരെ അയച്ചതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത്തരം നടപടി ഈജിപ്തിലും സൗദി അറേബ്യയിലും നിലവിലുള്ള വ്യവസ്ഥകളുടെയും നടപടിക്രമങ്ങളുടെയും ലംഘനമാണെന്നും സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.