മലയാളി തീർഥാടകർക്ക് ഹജ്ജ് ക്ലാസുകൾ ആരംഭിച്ചു
text_fieldsമക്ക: മലയാളി തീർഥാടകർക്ക് ഹജ്ജിനുള്ള പഠന ക്ലാസുകൾ ആരംഭിച്ചു. ‘മിനാ മൂവ്മെൻറ്’ എന്ന തലക്കെട്ടിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കേരളത്തിൽനിന്ന് എത്തിയ വളൻറിയർമാർക്ക് കീഴിൽ ഓരോ ബിൽഡിങ് കേന്ദ്രീകരിച്ചാണ് ഇത്തരം ക്ലാസുകൾ ഒരുക്കുന്നത്. ഹജ്ജിന് പുറപ്പെടുന്നത് മുതൽ തിരിച്ചെത്തും വരെയുള്ള മുഴുവൻ കാര്യങ്ങളും വളൻറിയർമാർ ഹാജിമാർക്ക് വിശദീകരിച്ചു നൽകുന്നതാണ് ക്ലാസുകൾ. ഇത്തവണ 18,201 ഹാജിമാർക്കായി 90 പുരുഷ വളൻറിയർമാരും18 വനിതാ വളൻറിയർമാരും ആണ് ഹാജിമാരെ അനുഗമിക്കുന്നത്. പ്രത്യേക 200 ഹാജിമാർക്ക് ഒരു വളൻറിയർ എന്ന തോതിലാണ് വളൻറിയർമാരെ നിശ്ചയിച്ചിട്ടുള്ളത്. ഇവരെ ‘ഖാദിം ഹുജാജ്’ എന്ന പേരിലാണ് അറിയപ്പെടുക. ‘വിത്തൗട്ട് മഹറം’ കാറ്റഗറിയിലെത്തിയ ഹാജിമാർക്ക് 18 വനിത വളൻറിയർമാരാണുള്ളത്.
അവശ്യ സാധനങ്ങൾ കൈയിൽ കരുതാനായി ഒരു ഹാൻഡ് ബാഗ് എടുക്കാൻ ഹാജിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹജ്ജ് ദിനങ്ങളിൽ ഉപയോഗിക്കേണ്ട വസ്ത്രങ്ങളും മരുന്നുകളും ഭക്ഷണസാധനങ്ങളും മുസ്ദലിഫയിൽ ഉപയോഗിക്കാനുള്ള ബെഡ്ഷീറ്റും തുടങ്ങി എന്തെല്ലാമാണ് കൈയിൽ കരുതേണ്ടതെന്ന് പഠനക്ലാസിൽ നിർദേശിക്കുന്നു.
മിനാ, അറഫ, മുസ്ദലിഫ, ജംറ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതും ക്ലാസിൽ ഹാജിമാർക്ക് വിശദീകരിക്കുന്നുണ്ട്. ഹജ്ജിന്റെ ത്വവാഫും സഇയും സ്വന്തമായി ഹാജിമാർ മസ്ജിദുൽ ഹറാമിൽ പോയി നിർവഹിക്കേണ്ടിവരും ബാക്കിയുള്ള കർമങ്ങൾക്കായി ഹജ്ജ് സർവിസ് കമ്പനികൾ ബസ് മാർഗമോ ട്രെയിൻ മാർഗമോ തീർഥാടകരെ കൊണ്ടുപോകും. ദുൽഹജ്ജ് ഏഴിന് (വ്യാഴാഴ്ച) വൈകുന്നേരം മുതൽ ഹാജിമാർ മിനായിലേക്ക് പുറപ്പെട്ടു തുടങ്ങും. ഹജ്ജ് സർവിസ് കമ്പനികൾക്ക് നിശ്ചയിക്കപ്പെട്ട സമയങ്ങളിലാണ് ഹാജിമാരെ വഹിച്ചുള്ള ബസുകൾ പുറപ്പെടുക.
ഹാജിമാരുടെ സംശയനിവാരണത്തിനും ക്ലാസുകളിൽ അവസരമുണ്ട്. കേരളത്തിൽനിന്ന് എത്തിയ മുഴുവൻ ഹാജിമാർക്കും ഇത്തരം ക്ലാസുകൾ ലഭിക്കും. ഇത് ഹജ്ജ് യാത്ര കൂടുതൽ സുഗമമാക്കുന്നതിെൻറ ഭാഗമായാണ് കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ ഹാജിമാർക്ക് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.